ദൂബൈ: പ്രവാസി വിഷയങ്ങള്‍ ഗൗരവപൂര്‍വം ശ്രദ്ധയില്‍കൊണ്ടുവരുന്നതിലും പല കാര്യങ്ങളിലും സര്‍ക്കാരിനെകൊണ്ട് തീരുമാനമെടുപ്പിക്കുന്നതിലും ‘ഗള്‍ഫ് മാധ്യമം’ വലിയ ശക്തിയായി മാറിയിട്ടുണ്ടെന്ന് പ്രവാസി ക്ഷേമം സംബന്ധിച്ച് കേരള നിയമസഭാ സമിതി ചെയര്‍മാന്‍ കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ. പറഞ്ഞു.
തുടക്കം മുതലേ ‘മാധ്യമം’ പ്രവാസി വിഷയങ്ങളില്‍ വളരെ താല്‍പര്യത്തോടെ ഇടപെടുന്ന പത്രമാണ്. ‘ഗള്‍ഫ് മാധ്യമം’ തുടങ്ങിയപ്പോള്‍ അത് കൂടുതല്‍ ശക്തമായി. എല്ലാ മേഖലകളിലൂമുള്ളവരുടെ പൊതു അഭിപ്രായമാണിത്. അതില്‍ കക്ഷിരാഷ്ട്രീയ ഭേദമൊന്നുമില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രവാസി മലയാളികളില്‍ നിന്ന് അഭിപ്രായം തേടി ‘ഗള്‍ഫ് മാധ്യമം’ തയാറാക്കിയ പ്രവാസി അവകാശ പത്രികയിലെ വികാരം ഒരിക്കല്‍ കൂടി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്നും കെ.വി.അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
ദുബൈ മീഡിയ സിറ്റിയില്‍ ‘ഗള്‍ഫ് മാധ്യമം’ ആസ്ഥാനം സന്ദര്‍ശിക്കാനത്തെിയതായിരുന്നു അദ്ദേഹം. ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസിന്‍െറ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. പ്രവാസി ക്ഷേമപദ്ധതികള്‍ കാലോചിതമായ പരിഷ്കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏതെല്ലാം കാര്യങ്ങളില്‍ എന്തെല്ലാം പരിഷ്കാരങ്ങള്‍ എന്നത് സംബന്ധിച്ച് രണ്ടാഴ്ചക്കകം പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ക്ഷേമനിധി പെന്‍ഷന്‍, മറ്റു ആനുകൂല്യങ്ങള്‍, പുനരധിവാസം തുടങ്ങിയ കാര്യങ്ങളില്‍ മാറ്റമുണ്ടാകും. ഇക്കാര്യത്തില്‍ തുറന്ന മനസ്സാണ് സര്‍ക്കാരിനുള്ളത്. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി വിഷയങ്ങള്‍ നന്നായി പഠിക്കുകയും സാധാരണ പ്രവാസികളുടെ വികാരമറിയുകയും ചെയ്യുന്ന നേതാവാണ്. പ്രവാസി ക്ഷേമ പദ്ധതികളോട് അദ്ദേഹത്തില്‍ പ്രത്യേക താല്‍പര്യമുണ്ട്. പെന്‍ഷന്‍ നിലവിലെ 1,000 രൂപയില്‍ നിന്ന് കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് എത്രവേണമെന്ന് തീരുമാനമാണ് ഉടന്‍ പ്രഖ്യാപിക്കുക. ചുരുങ്ങിയ പെന്‍ഷന്‍ 3,000 രൂപയാക്കണമെന്നാണ് നിയമസഭാ സമിതി ശിപാര്‍ശ ചെയ്തിട്ടുള്ളത്.
‘ഗള്‍ഫ് മാധ്യമം’ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും പ്രവാസി സംഘടനകളും നടത്തിയ ഇടപെടലുകളുടെ ഫലമായി പ്രവാസികള്‍ക്ക് വേണ്ടി എന്തെങ്കിലൂം ചെയ്യണമെന്ന വികാരം സര്‍ക്കാരിനുണ്ട്. അതുകൊണ്ട് അത് പ്രാവര്‍ത്തികമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ താനൊരു ശ്രദ്ധക്ഷണിക്കല്‍ പ്രമേയം ഇതുസംബന്ധിച്ച് അവതരിപ്പിച്ചിരുന്നു. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ കീഴിലുള്ള ഏജന്‍സിയെ പഠനം നടത്താന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും.
അസാധുവാക്കപ്പെട്ട 500, 1000 രൂപ കറന്‍സികള്‍ കൈവശമുള്ള പ്രവാസികള്‍ അത് മാറാനാകാതെ പ്രയാസപ്പെടുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്‍െറ ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
കറന്‍സി അസാധുവാക്കലില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് പ്രവാസികളാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍െറ നിലപാട് അംഗീകരിക്കാനാവില്ല. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ നടപടിയെടുക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ ഇപ്പോഴത്തെ നടപടികൊണ്ട് കള്ളപ്പണക്കാര്‍ക്കൊന്നും ഒരു പരിക്കുമുണ്ടായിട്ടില്ല. ഉണ്ടാകാന്‍ പോകുന്നുമില്ല. പരിക്കേല്‍ക്കുന്നത് സാധാരണക്കാരനാണ്. അത് വളരെ പ്രകടമാണ്. മത്സ്യതൊഴിലാളി ക്ഷേമ സഹകരണ സംഘവും കര്‍ഷകതൊഴിലാളി സംഘവും ബീഡിതൊഴിലാളി സംഘവുമെല്ലാം സ്തംഭനത്തിലാണ്. കുടുംബശ്രീ പ്രവര്‍ത്തനം അവതാളത്തിലായി. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ പറ്റുന്നില്ല. കച്ചവടക്കാര്‍ക്ക് വില്‍ക്കാന്‍ പറ്റുന്നില്ല. മൊത്തം പ്രതിസന്ധിയാണ്. എതിര്‍ക്കുന്നവരെല്ലാം കള്ളപ്പണക്കാരാണെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്-കെ.വി.അബ്ദുല്‍ഖാദര്‍ പറഞ്ഞു.
കേരള സര്‍ക്കാരുമായി ചേര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെങ്ങും സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തിന് താല്‍പര്യമുണ്ടെന്ന ് ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് പറഞ്ഞു.
മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പ്രവാസി അവകാശപത്രികയുടെ കോപ്പി അദ്ദേഹം നിയമസഭാ സമിതി ചെയര്‍മാന് കൈമാറി. ‘ഗള്‍ഫ് മാധ്യമം’ റസിഡന്‍റ് എഡിറ്റര്‍ പി.ഐ.നൗഷാദ്, സി.ഒ.ഒ സക്കരിയ മുഹമ്മദ്, ബ്യൂറോ ചീഫ് എം.ഫിറോസ്ഖാന്‍, മാര്‍ക്കറ്റിങ് മാനേജര്‍ ഹാരിസ് വള്ളില്‍,ചീഫ് റിപ്പോര്‍ട്ടര്‍ സവാദ് റഹ്മാന്‍,സര്‍ക്കുലേഷന്‍ മാനേജര്‍ മുഹമ്മദലി കോട്ടക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ ജന.സെക്രട്ടറി റസല്‍ മുഹമ്മദ് സാലി, അല്‍ഐന്‍ മലയാളി സമാജം സേവന വിഭാഗം കണ്‍വീനര്‍ അബൂബക്കര്‍ വേരൂര്‍, കൈരളി ടി.വി.കോഓര്‍ഡിനേറ്റര്‍ ഇ.കെ.സലാം എന്നിവരും എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.