ദുബൈ: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ, പാനീയ മേളയായ ‘ഗൾഫുഡി’ന് തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാകും. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കു മുന്നിൽ ഉൽപന്നങ്ങളും സേവനങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിന് ഭക്ഷ്യവ്യവസായത്തിലെ കമ്പനികൾക്ക് വേദിയൊരുക്കുന്നതാണ് മേള. ഭക്ഷ്യോൽപാദന, വിതരണ രംഗങ്ങളിലെ വിവിധ വിഷയങ്ങളിൽ ചർച്ചകളും ആശയവിനിമയങ്ങളും നടക്കുന്ന മേള, പണപ്പെരുപ്പവും ഭക്ഷ്യോൽപന്ന വിലക്കയറ്റവും വിവിധ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ വളരെ പ്രതീക്ഷയോടെയാണ് കമ്പനികൾ ഉറ്റുനോക്കുന്നത്.
ഫുഡ് മെറ്റാവേഴ്സ് അടക്കം അതിനൂതനമായ സാങ്കേതിക വിദ്യകൾ ഈ മേഖലയിൽ ഉപയോഗപ്പെടുത്താനുള്ള സാധ്യതകൾ മേളയിൽ പങ്കുവെക്കപ്പെടും. വിവിധ കമ്പനികൾ പരസ്പരം ചർച്ച ചെയ്യാനും സഹകരണ കരാറുകളിലെത്താനും മേളയെ ഉപയോഗപ്പെടുത്തും. ഇതിനകം പതിനായിരത്തിലേറെ കൂടിക്കാഴ്ചകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി. മേളയുടെ 28ാം പതിപ്പാണ് അഞ്ചു ദിവസങ്ങളിലായി അരങ്ങേറുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനം അധികം സ്റ്റാളുകളാണ് ഇത്തവണ മേളയിലുള്ളത്. 1500 പുതിയ പ്രദർശകരടക്കം അയ്യായിരത്തിലേറെ സ്റ്റാളുകളാണ് ഒരുക്കുന്നത്. നവീന കാഴ്ചപ്പാടുകളുമായി എത്തുന്ന പ്രദർശകർക്ക് 10,000 സ്ക്വയർ മീറ്ററിൽ പ്രത്യേക സംവിധാനവും ഇത്തവണ ഗൾഫുഡിൽ ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ മിക്ക ബ്രാൻഡുകളും എത്തിച്ചേരുന്ന മേളയിൽ ഇത്തവണ റെക്കോഡ് എണ്ണം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
പ്രദർശനവും വിൽപനയും നിക്ഷേപ സാധ്യതകളും തുറന്നിടുന്ന മേളയിൽ സുസ്ഥിരത ലക്ഷ്യമാക്കി നിരവധി ചർച്ചകളും പദ്ധതികളും ഇത്തവണ നടക്കുന്നുണ്ട്. കൂടുതൽ സുസ്ഥിരമായ ഭക്ഷ്യ ഉൽപാദന, ഉപഭോഗ സംസ്കാരത്തിലേക്ക് മാറുന്നതിന് ഭക്ഷ്യവ്യവസായ മേഖലയിലെ സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്ന ‘ഗൾഫുഡ് ഗ്രീൻ’, ലോകമെമ്പാടും മരങ്ങൾ സംരക്ഷിക്കുന്നതിനും നട്ടുവളർത്തുന്നതിനുമുള്ള ‘ഗൾഫുഡ് ഗ്ലോബൽ ഫോറസ്റ്റ്’, മന്ത്രിമാരും സംരംഭകരും വ്യവസായ വിദഗ്ധരും പങ്കെടുക്കുന്ന ഇൻസ്പെയർ കോൺഫറൻസ് എന്നിവ ഇതിന്റെ ഭാഗമാണ്.
ഗൾഫുഡിനെത്തുന്നവർക്ക് സൗജന്യ ഷട്ടിൽ സർവിസ്, പാർക്കിങ് സൗകര്യമൊരുക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചിട്ടുണ്ട്. ദുബൈ വേൾഡ് ട്രേഡ് സെന്റർ ഏരിയയിൽ ലഭ്യമായ പാർക്കിങ് സൗകര്യവും ദുബൈ മാൾ സബീൽ എക്സ്പാൻഷൻ പാർക്കിങ്, അൽ വാസൽ ക്ലബിനു മുന്നിൽ പൊതു പാർക്കിങ്, അൽ കിഫാഫിലെ ബഹുനില പാർക്കിങ് എന്നിവയും സന്ദർശകർക്ക് ഉപയോഗിക്കാം. ഇവിടങ്ങളിൽനിന്ന് സൗജന്യ ഷട്ടിൽ ബസ് സർവിസുകളും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.