ഷാർജ: ഗുരുധർമപ്രചാരണസഭയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തി, വൈക്കം സത്യഗ്രഹ ശതാബ്ദി, ആലുവ സർവമത സമ്മേളന ശതാബ്ദി, ഓണം എന്നീ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികളുടെ മുഖ്യ കാർമികത്വത്തിൽ ഷാർജ സഫാരി മാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. വ്യവസായിയും എസ്.എഫ്.സി ഗ്രൂപ് ചെയർമാനുമായ കെ. മുരളീധരൻ മുഖ്യാതിഥിയായിരുന്നു. പെരിങ്ങോട്ടുകര ശ്രീനാരായണ ആശ്രമം സെക്രട്ടറി ദിവ്യാനന്ദ ഗിരിസ്വാമികളുടെ നേതൃത്വത്തിൽ ഗുരുപുഷ്പാഞ്ജലിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
മാത്തുക്കുട്ടി കഡോണിനെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹിം, സഭ അസി. കോഓഡിനേറ്റർ ശ്യം പ്രഭു, മാതൃസഭ സെക്രട്ടറി ഷൈല രാജ്, സഭ മുൻ ചീഫ് കോഓഡിനേറ്റർ ബി.ആർ. ഷാജി എന്നിവർ ആശംസ നേർന്നു.
40 വർഷമായി യു.എ.ഇയിൽ പ്രവാസജീവിതം നയിക്കുന്ന സഭയുടെ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. വിവിധ എമിറേറ്റുകളിലായി രൂപവത്കരിച്ച ഗുരുധർമ പ്രചാരണ സഭ യൂനിറ്റുകളുടെ ശിവഗിരിയിൽ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റുകൾ ഋതംഭരാനന്ദ സ്വാമികൾ സഭ യു.എ.ഇ ചീഫ് കോഓഡിനേറ്റർ രാമകൃഷ്ണന് കൈമാറി. ‘മഹാഗുരുവിനെ അറിയാൻ’ ക്വിസ് മത്സരവിജയികൾക്ക് മെമെന്റോ, കാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവ നൽകി.
ഉയർന്ന മാർക്ക് വാങ്ങി വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള ഗുരുവിദ്യ അവാർഡ് ദാനവും സഭയുടെ പ്രവർത്തനങ്ങളിൽ വിവിധ രീതികളിൽ സേവനം അനുഷ്ഠിക്കുന്ന അംഗങ്ങൾക്കുള്ള ഗുരുകൃപ അവാർഡ്, ഗുരുസേവ അവാർഡ് ദാനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.