അജ്മാൻ: സൈബർലോകത്തെ പുതുവിസ്മയങ്ങളൊരുക്കി ഹാബിറ്റാറ്റ് ഇന്റർനാഷനൽ ഡിജിറ്റൽ ഫെസ്റ്റ്. അജ്മാൻ അൽ ജർഫിലെ സ്കൂളിൽ ഹാബിറ്റാറ്റ് സ്കൂളുകൾ ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ യു.എ.ഇയിലുടനീളമുള്ള 29 സി.ബി.എസ്.ഇ സ്കൂളുകളിലെ 200ലധികം വിദ്യാർഥികൾ പങ്കെടുത്തു. യു.എ.ഇക്ക് പുറത്തുള്ള സ്കൂൾ വിദ്യാർഥികൾ ഓൺലൈനിലും പങ്കാളികളായി.
ടെക് ടോക്, എ.ഐ, റോബോട്ടിക്സ്, ഐ.ഒ.ടി, വെബ്സൈറ്റുകൾ, വെബ്, മൊബൈൽ ആപ്സ്, ഗെയിമുകൾ, പ്രോഗ്രാമിങ് എന്നിങ്ങനെ വിവിധ ഇനങ്ങളിൽ വിദ്യാർഥികൾ മാറ്റുരച്ചു. യു.എ.ഇ മുൻമന്ത്രി ഡോ. മുഹമ്മദ് സയീദ് അൽ കിന്ദി ഉദ്ഘാടനം ചെയ്തു. ഹാബിറ്റാറ്റ് സ്കൂൾ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി, മാനേജിങ് ഡയറക്ടർ ഷംസു സമാൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാർഥികളുടെ കഴിവുകൾ പര്യവേക്ഷണം ചെയ്യാനും സാങ്കേതിക മേഖലയിലെ പുതിയ സംരംഭങ്ങളിൽ പങ്കാളികളാക്കാനുമാണ് ഡിജിറ്റൽ ഫെസ്റ്റ് പ്ലാറ്റ്ഫോമെന്ന് ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു. വിദ്യാർഥികൾക്ക് ഫലപ്രദമായ പ്ലാറ്റ്ഫോം നൽകുന്നതിനും കോഡിങ്ങിലും പ്രോഗ്രാമിങ്ങിലും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും വർഷങ്ങളായി പരിശ്രമിക്കുന്നുണ്ടെന്ന് ഹാബിറ്റാറ്റ് സ്കൂൾ സി.ഇ.ഒ ആദിൽ സി.ടി പറഞ്ഞു.
ഹാബിറ്റാറ്റ് സ്കൂളുകളുടെ സാങ്കേതിക പങ്കാളിയും സൈബർ സ്ക്വയർ പ്രോഗ്രാം ഡെവലപ്പറുമായ ബാബ്ടെയുമായി സഹകരിച്ച് കോഡിങ്ങിലേക്കുള്ള യാത്ര ആരംഭിച്ച യു.എ.ഇയിലെ ആദ്യ സ്കൂളാണ് ഹാബിറ്റാറ്റ് സ്കൂൾ. 2017 മുതൽ വിദ്യാർഥികൾക്കായി ഡിജിറ്റൽ ഫെസ്റ്റുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 2803 വിദ്യാർഥികൾ ചേർന്ന് ഏറ്റവും കൂടുതൽ ഉപയോക്താക്കൾക്കായി വെബ് ഡെവലപ്മെന്റ് വിഡിയോ ഹാംഗ്ഔട്ടിൽ ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.