റാ​ക് അ​ല്‍ ന​ഖീ​ല്‍ അ​ല്‍ ഉ​റൈ​ബി​യി​ലെ ‘ക​ല്ല് മ​സ്ജി​ദ്’

പാപമോചന പകലിരവുകളിലേക്ക് 'കല്ല് മസ്ജിദുകള്‍'

സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ അധിനിവേശത്തിന്‍റെയും പൂർവികരുടെ പ്രൗഢിയാര്‍ന്ന ജീവിതത്തിന്‍റെയും കഥ പറയുന്ന 'കല്ല് മസ്ജിദുകള്‍' ഇനി പാപമോചന പ്രാര്‍ഥനകളില്‍ മുഖരിതം. ഓള്‍ഡ് റാസല്‍ഖൈമയില്‍ കടല്‍തീരത്തിന് അഭിമുഖമായും അല്‍നഖീല്‍ ശാബിയ ഹുറൈബിലുമാണ് ആധുനിക വാസ്തുശാസ്ത്രത്തോട് കിടപിടിക്കുന്ന 'കല്ല് മസ്ജിദുകള്‍' സ്ഥിതിചെയ്യുന്നത്. 293 വര്‍ഷത്തോളം പഴക്കം ചെന്നതാണ് ഓള്‍ഡ് റാസല്‍ഖൈമയിലെ മസ്ജിദ്. റാസല്‍ഖൈമയുടെ മുന്‍ ഭരണാധിപന്‍ ശൈഖ് സഖര്‍ ബിന്‍ ആല്‍ ഖാസിമിയുടെ പിതാവിന്‍റെ ബാപ്പ ശൈഖ് മുഹമ്മദ് ബിന്‍ സാലിം ആല്‍ ഖാസിമിയാണ് ഈ പള്ളികള്‍ പണികഴിപ്പിച്ചത്. ഇദ്ദേഹത്തിന്‍റെ നാമധേയത്തിലാണ് ഈ മസ്ജിദുകളെങ്കിലും കല്ലുകള്‍ കൊണ്ട് വിസ്മയം തീര്‍ത്തതിനാല്‍ 'ഹജര്‍ (കല്ല്) മസ്ജിദ്' എന്നാണ് ഇവ അറിയപ്പെടുന്നത്.

ഓ​ള്‍ഡ് റാ​സ​ല്‍ഖൈ​മ​യി​ലെ 'ക​ല്ല് മ​സ്ജി​ദ്'

മതകാര്യവകുപ്പിന്‍റെയും പുരാവസ്തു വകുപ്പിന്‍റെയും സംരക്ഷണയിലുള്ള മസ്ജിദ് പത്തു വര്‍ഷംമുമ്പ് പഴയ രൂപകൽപനയില്‍ മാറ്റം വരുത്താതെ ബലപ്പെടുത്തുകയായിരുന്നു. യു.എ.ഇ രൂപവത്കരിക്കുന്നതിന് മുമ്പ് റാസല്‍ഖൈമയുടെ ഭരണ സിരാകേന്ദ്രം ഇവിടെ കേന്ദ്രീകരിച്ചായിരുന്നു. സമീപത്തായി സ്ഥിതിചെയ്യുന്ന നിലവിലെ റാക് മ്യൂസിയവും പഴയ കെട്ടിടാവശിഷ്ടങ്ങളുമെല്ലാം അതിലേക്ക് വെളിച്ചം വീശുന്നുണ്ട്. പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തില്‍ ഈ മേഖലയില്‍ നടന്ന ഖനന ഗവേഷണ ഫലങ്ങള്‍ ചരിത്ര വിദ്യാര്‍ഥികളില്‍ ആകാംക്ഷയുളവാക്കുന്നതാണ്. അതിപുരാതന കാലം മുതല്‍ ഇവിടെ മസ്ജിദുണ്ടായിരുന്നുവെന്നും ബ്രിട്ടീഷ് അധിനിവേശത്തില്‍ ഇത് നശിപ്പിക്കപ്പെടുകയും പിന്നീട് പുന$സ്ഥാപിക്കപ്പെടുകയായിരുന്നുവെന്നുമാണ് ചരിത്ര രേഖകള്‍.

കോറല്‍ സ്റ്റോണ്‍, ബീച്ച് റോക്ക് തുടങ്ങിയവ ഉപയോഗിച്ചാണ് ഈ മസ്ജിദുകളുടെ നിര്‍മിതി. മരത്തടികളും ചകിരിയും പനയോലകളും ഉപയോഗിച്ചുള്ള മേല്‍ക്കൂര നിര്‍മാണം ചൂടിന്‍റെ കാഠിന്യം കുറക്കുന്നു. പുനരുദ്ധാരണത്തിനും പരമ്പരാഗത രീതിയിലുള്ള ചുണ്ണാമ്പുകല്ലുകളാണ് ഉപയോഗിച്ചത്. ലൗഡ് സ്പീക്കര്‍ സൗകര്യത്തിന് മുമ്പ് ബാങ്ക് വിളിക്കാന്‍ കയറിനിന്ന ഉയര്‍ന്ന സ്ഥലം ഓള്‍ഡ് റാക് 'കല്ല് മസ്ജിദി'നൊപ്പം സംരക്ഷിച്ചുനിര്‍ത്തിയിട്ടുണ്ട്. ശാബിയ ഹുറൈബിലുള്ള മസ്ജിദിനും ശൈഖ് മുഹമ്മദ് ബിന്‍ സാലിം ആല്‍ ഖാസിമിയുടെ പേരാണ് നാമകരണം ചെയ്തിട്ടുള്ളത്. നൂറ്റാണ്ടുകളുടെ പഴക്കമാണ് ഇതിനും കണക്കാക്കുന്നത്. മസ്ജിദിനു സമീപം ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടം പഴയ ഭരണാധികാരികളുടെ കാര്യാലയവും താമസകേന്ദ്രവുമായി പ്രവര്‍ത്തിച്ചിരുന്നതായും വിലയിരുത്തപ്പെടുന്നു.

Tags:    
News Summary - Hajar mosques were opened for prayers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.