അജ്മാന്: വിമാനത്താവളങ്ങൾ അടച്ചതോടെ യു.എ.ഇയിൽ കുടുങ്ങിപ്പോയ സൗദി യാത്രക്കാരായ പ്രവാസികൾക്ക് തുണയായി കെ.എം.സി.സി. നിരവധി മലയാളികളാണ് തങ്ങള്‍ ജോലിചെയ്യുന്ന രാജ്യത്തേക്ക് നേരിട്ട് പോകാന്‍ കഴിയാത്തതിനാല്‍ യു.എ.ഇ വഴി യാത്ര ചെയ്യാൻ എത്തിയിരുന്നത്.
ജനിതകമാറ്റം വന്ന കോവിഡ് ഭീതിമൂലം സൗദി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യാതിര്‍ത്തികള്‍ അടച്ചതോടെ നിരവധിപേര്‍ യു.എ.ഇയില്‍ കുടുങ്ങിപ്പോയിരുന്നു. ലക്ഷത്തോളം രൂപയുടെ പാക്കേജ് ഉപയോഗപ്പെടുത്തിയാണ് ഇവരില്‍ അധികവും യാത്രക്ക് ഒരുങ്ങിയത്. നാട്ടില്‍നിന്ന് ഒഴിഞ്ഞ കീശയുമായി വന്നുപെട്ടവര്‍ക്ക് ഏജന്‍സികള്‍ നല്‍കിയിരുന്ന പാക്കേജ് കാലാവധി അവസാനിച്ചതോടെ പലരും ഭക്ഷണത്തിനും താമസത്തിനും പ്രതിസന്ധിയിലായിരുന്നു. ഇത്തരക്കാരെ സംരക്ഷിക്കുന്നതിനായി കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ അജ്മാന് കേന്ദ്രീകരിച്ച് കെട്ടിടമെടുത്ത് ഇവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിരുന്നു.
പ്രതിസന്ധിക്ക് അയവ് വന്നതോടെ ആ രാജ്യങ്ങളിലേക്ക് തിരിക്കാന്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വർധന വന്നതോടെ വീണ്ടും ഈ പ്രവാസികള്‍ പ്രതിസന്ധിയിലായിരുന്നു.
ഇത്തരക്കാരെ ആ രാജ്യങ്ങളില്‍ എത്തിക്കാനായി കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ സൗദിയിലേക്ക് ബസ് സര്‍വിസ് ആരംഭിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ റിയാദിലേക്കും ദമ്മാമിലേക്കുമുള്ള ആളുകള്‍ക്കാണ് സൗകര്യം ഒരുക്കിയത്. ഇവരെയും വഹിച്ച് വ്യാഴാഴ്ച രാതി പുറപ്പെട്ട ബസ് വെള്ളിയാഴ്ച സൗദിയിലെത്തി.
കെ.എം.സി.സിയുടെ താല്‍ക്കാലിക താമസ കേന്ദ്രത്തിലുണ്ടായിരുന്ന പ്രവാസികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ബസ് യാത്രക്കുള്ള അവസരം നല്‍കിയത്. യാത്രക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുറപ്പെടുന്നതിനു മുമ്പുള്ള കോവിഡ് പരിശോധനയും സൗജന്യമായി കെ.എം.സി.സി ആഭിമുഖ്യത്തില്‍ ഒരുക്കിയിരുന്നു.
ഏഴ് ബസുകളാണ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. മലയാളികടക്കമുള്ള നിരവധി പേര്‍ക്കാണ് കെ.എം.സി.സിയുടെ സൗജന്യ സേവനം ലഭ്യമാകുന്നത്. സൗകര്യം ലഭിച്ച സഹകരണത്തിന് എന്നും നന്ദിയുണ്ടായിരിക്കുമെന്ന് യാത്രക്കാര്‍ പ്രതികരിച്ചു.
കോവിഡ് ബാധിച്ചവര്‍ക്ക് അജ്മാന് കെ.എം.സി.സി പ്രസിഡൻറ് സൂപ്പി പാതിരപ്പറ്റയുടെ നേതൃത്വത്തില്‍ ഐസൊലേഷന്‍ വാര്‍ഡ് സൗകര്യം ഒരുക്കിയും നേരത്തെ മുന്നോട്ടുവന്നിരുന്നു. വിവിധ രാജ്യങ്ങളിലേക്ക് പോകാന്‍ വേണ്ടി യു.എ.ഇയില്‍ എത്തി കുടുങ്ങിപ്പോയവര്‍ക്ക് പരമാവധി സഹായം ഒരുക്കുമെന്ന് സൂപ്പി പാതിരപ്പറ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.