അബൂദബി: ദുബൈ നഗരം മാത്രമല്ല, യു.എ.ഇയിലെ മുഴുവൻ എമിറേറ്റുകളും എക്സ്പോ 2020യിൽ അലിഞ്ഞുചേർന്നിരിക്കുകയാണ്. എക്സ്പോയുടെ ചർച്ചകളും ചിത്രങ്ങളുമാണ് എവിടെയും. വിവിധ എമിറേറ്റുകളിൽ മഹാമേളയെ വരവേൽക്കാൻ ഹോർഡിങുകളും കലാവിഷ്കാരങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ദുബൈയിലെ ആർ.ടി.എ ബസുകളും മെട്രോയുമെല്ലാം എക്സ്പോ മയമാണ്.
അജ്മാനിലടക്കം പലയിടങ്ങളിലും വീടുകളടക്കം അലങ്കരിച്ച കാഴ്ചയാണുള്ളത്. വിവിധ രാജ്യങ്ങളിൽ നിന്ന് പതിനായിരങ്ങൾ തങ്ങളുടെ രാജ്യത്തെത്തുന്ന മുഹൂർത്തത്തിൽ ഏറ്റവും മികച്ച സ്വീകരണം നൽകുന്നതിൽ സർക്കാറുകൾ സജീവ ശ്രദ്ധപലർത്തുന്നുണ്ട്. മറ്റു എമിറേറ്റുകളിൽ നിന്ന് യാത്ര ചെയ്യാൻ പി.സി.ആർ ഫലം വേണമെന്ന നിബന്ധന ഒഴിവാക്കിയതോടെ അബൂദബിയിലും നിരവധി വിദേശികൾ താമസിക്കുന്നുണ്ട്. ദുബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എക്സ്പോ സന്ദർശകർ താമസിക്കുന്നത് ഷാർജയിലാണ്. എത്തിപ്പെടാനുള്ള എളുപ്പവും കുറഞ്ഞ വാടകയുമാണ് ഷാർജയെ പ്രിയപ്പെട്ടതാക്കുന്നത്. ഹോട്ടലുകളിൽ താമസിക്കുന്നവർക്ക് എക്സ്പോ വേദിയിലേക്ക് സൗജന്യമായി എത്താൻ ബസ് ഏർപെടുത്തിയിട്ടുണ്ട്. യാത്ര, എക്സ്പോ ടിക്കറ്റ് ഉൾപെടെയുള്ള പാക്കേജുകളും ഹോട്ടലുകാർ നൽകുന്നുണ്ട്.
നിരവധി മലയാളികളാണ് എക്സ്പോ വളൻറിയർമാരാകാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. മറ്റ് എമിറേറ്റുകളിൽ നിന്നും എക്സ്പോ വേദിയിലേക്ക് നേരിട്ട് ബസ് സർവീസ് ഏർപെടുത്തിയിട്ടുണ്ട്.
ഇതോടെ, സാധാരണക്കാർക്ക് ബുദ്ധിമുട്ടില്ലാതെ നേരിട്ട് എക്സ്പോയിലേക്ക് എത്താൻ കഴിയും. വിവിധ എമിറേറ്റുകളിൽ ഒന്നാം തിയ്യതിയോടെ പുതിയ ബസ് സ്റ്റേഷനും തുറക്കുന്നുണ്ട്. ഓരോ എമിറേറ്റിലെയും പൊലീസ് ഉൾപെടെയുള്ള സംവിധാനങ്ങൾ ഒരുക്കങ്ങൾ വിലയിരുത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം ചാനലുകളിലൂടെയും എക്സ്പോ ടി.വിയിലൂടെയും പൊതുയിടങ്ങളിൽ ഉദ്ഘാടന ചടങ്ങിെൻറ തത്സമയ സംപ്രേക്ഷണം വീക്ഷിച്ചത് ലക്ഷണക്കിന് പേരാണ്. അബൂദബി, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെല്ലാം എക്സ്പോയുടെ ആവേശവും ആഹ്ലാദവും പ്രകടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.