ഇമാറാത്തിൽ ശിശിരത്തിെൻറ വരവറിയിച്ച് കുളിർകാറ്റ് വീശിത്തുടങ്ങി. ഒക്ടോബർ പിറക്കുന്നതോടെ നഗരങ്ങളിലും മൈതാനങ്ങളിലും ആഘോഷങ്ങളും ആരവങ്ങളും നിറയും. കോവിഡ് വിലങ്ങുവെച്ച ഒത്തുചേരലുകളും പ്രദർശനങ്ങളും നിയന്ത്രണങ്ങൾക്കകത്ത് ആരംഭിച്ചിട്ടുണ്ട്. ലോകത്ത് മഹാമാരിയാനന്തര ഉണർവുകളുടെ ആഗോള തലസ്ഥാനമാകാനാണ് യു.എ.ഇ ഒരുങ്ങിയിട്ടുള്ളത്. ലോക മേളയായ എക്സ്പോ 2020ദുബൈയും ട്വൻറി20 ക്രിക്കറ്റ് ലോകകപ്പും ഭൂഗോളത്തിെൻറ ശ്രദ്ധയെ ഇവിടേക്ക് എത്തിക്കും. ജനങ്ങൾ വിവിധ ഭാഗങ്ങളിൽ നിന്ന് ആഹ്ലാദത്തിനായി തീർഥാടനം ചെയ്യുന്നത് ഇമാറാത്തിലേക്കായിരിക്കും.
ഒക്ടോബറിനായുള്ള ഒരുക്കങ്ങൾ എല്ലായിടത്തും ദൃശ്യമാണ്. പാതകളിലും പരസ്യ ബോർഡുകളും സ്ക്രീനുകളും വരാനിരിക്കുന്ന ആഹ്ലാദങ്ങളിലേക്ക് സ്വാഗതമോതുകയാണ്. വിമാനത്താവളങ്ങൾ പഴയ തിരക്കിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. വിനോദ സഞ്ചാരികൾ പടിഞ്ഞാറുനിന്നും കിഴക്കുനിന്നും ഒരുപോലെ ഒഴുകിത്തുടങ്ങി. ദുബൈയിലും മറ്റു നഗരങ്ങളിലുമെല്ലാം ജനം ആഘോഷ ദിനങ്ങളെ സ്വീകരിക്കാനെന്നോണം ഉണർന്നിട്ടുണ്ട്.
കാര്യമായും കളിയായും പരസ്പരം പങ്കുവെക്കുന്ന എല്ലാത്തിലും ആമോദത്തിെൻറ വരുനാളുകളുണ്ട്. ഐ.പി.എൽ മൽസരങ്ങൾ തുടങ്ങിയപ്പോൾ കാണാനായ നിറഞ്ഞ ഗാലറികൾ ജനം ഒരുങ്ങിക്കഴിഞ്ഞതിെൻറ തെളിവാണ്. മികച്ച ജീവിത സാഹചര്യം സൃഷ്ടിക്കുന്നതിനായി ജനങ്ങളുടെ അഭിലാഷങ്ങളോടൊപ്പം സഞ്ചരിക്കുന്ന യു.എ.ഇ ഭരണാധികാരികൾ എല്ലാ ഒരുക്കങ്ങളെയും മുന്നിൽ നിന്ന് നയിക്കുന്നുണ്ട്. ഒക്ടോബറിൽ വരാനിരിക്കുന്ന വമ്പൻ ആഘോഷങ്ങളെ പരിചയപ്പെടാം
എക്സ്പോ 2020
സമയം: ഒക്ടോബർ ഒന്നു മുതൽ മാർച്ച് 31വരെ. ലൊക്കേഷൻ: ദുബൈ എക്സ്പോ നഗരി
ഒക്ടോബറിൽ ആരംഭിക്കുന്ന, യു.എ.ഇയും ലോകവും കാത്തിരിക്കുന്ന മഹാ ആഘോഷമാണ് എക്സ്പോ 2020. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ആഗോള മേള കോവിഡ് പശ്ചാത്തലത്തിൽ നീട്ടുകയായിരുന്നു. 192രാജ്യങ്ങളുടെ പവലിയനുകളും കലാ-സാംസ്കാരിക പ്രകടങ്ങ വേദികളും വൈജ്ഞാനിക-വിനോദ പ്രദർശന നഗരിയും ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. ദുബൈ നഗരത്തിനും അബൂദബി എമിറേറ്റിനും ഇടയിലെ 1083 ഏക്കർ സ്ഥലത്താണ് എക്സ്പോ നഗരി സജ്ജമാക്കിയിട്ടുള്ളത്. അൽ വസ്ൽ പ്ലാസ എന്ന മധ്യഭാഗത്തെ കെട്ടിടത്തിന് ചുറ്റുമായാണ് വിവിധ പവലിയനുകൾ . അവസരം, സഞ്ചാരം,സുസ്ഥിരത എന്നിങ്ങനെ മൂന്ന് ഉപ തീമുകളിലായാണ് പവലിയനുകൾ. 'മനസ്സുകൾ ചേർത്ത് ഭാവി സൃഷ്ടിക്കാം' എന്ന മുദ്രാവാക്യമാണ് മേള മുന്നോട്ടുവെക്കുന്നത്. സലാമ, റഷീദ്, ലത്തീഫ, അലിഫ്, ഒപ്റ്റി, ടെറ എന്നീ ആറ് മസ്കോടുകൾ എക്സ്പോയുടെ ചിഹ്നങ്ങളായിരിക്കും.
ലോകത്തിെൻറ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി രണ്ടരക്കോടി സന്ദർശകരെയാണ് മേളയിൽ പ്രതീക്ഷിക്കുന്നത്. ഒറ്റത്തവണ പ്രവേശനത്തിന് 95ദിർഹമാണ് ടിക്കറ്റ് നിരക്ക്. ആറു മാസത്തെ പാസിന് 495ദിർഹം, ഒരു മാസത്തെ പാസിന് 195ദിർഹം. വിവിധ ദിവസങ്ങളിൽ നടക്കുന്ന തൽസമയ വിനോദ പരിപാടികളിൽ പങ്കെടുക്കാനും എപ്പോൾ വേണമെങ്കിലും മേളയിലെത്താനും ആറുമാസത്തെ പാസ് സഹായകമാവും. 18വയസ്സിൽ താഴെ പ്രായമുള്ളവർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, 60വയസ്സ് പിന്നിട്ടവർ, ലോകത്തെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിലെ അംഗീകൃത ഐഡൻറിറ്റി കാർഡുള്ള വിദ്യാർത്ഥികൾ എന്നിവർക്ക് എക്സ്പോയിലേക്ക് പ്രവേശനം സൗജന്യമാണ്. കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഒപ്പമെത്തുന്ന സഹായിക്ക് 50ശതമാനം ടിക്കറ്റ് ഇളവുണ്ടാകും.
എക്സ്പോ വെബ്സൈറ്റായ expo2020dubai.com വഴി ടിക്കറ്റുകൾ ലഭ്യമാണ്.
1000ഓളം കലാകാരൻമാർ അണിനിരക്കുന്ന ഗംഭീര പ്രകടനത്തോടെ സെപ്തംബർ മുപ്പതിന് രാത്രിയാണ് എക്സ്പോ ഉദ്ഘാടന ചടങ്ങ് . ഒളിക്സ് ഉദ്ഘാടന ചടങ്ങുകൾക്ക് സമാനമായ ഒരുക്കങ്ങളാണ് ഇതിനായി നടക്കുന്നത്. സംഗീതം, നൃത്തം, നാടകം തുടങ്ങിയവ സാങ്കേതിക വിദ്യയുടെയും വർണങ്ങൾ ചാലിച്ച വെളിച്ചത്തിെൻറയും അകമ്പടിയോടെ വേദിയിലെത്തും. അൽവാസൽ പ്ലാസയിലാണ് പരിപാടി. ലോകം മുെമ്പാരിക്കലും ദർശിച്ചിട്ടില്ലാത്ത കാഴ്ചാനുഭവമാണ് എക്സ്പോ അധികൃതർ വാഗ്ദാനം ചെയ്യുന്നത്.
ട്വൻറി20 ക്രിക്കറ്റ് ലോകകപ്പ്
സമയം: ഒക്ടോബർ 17 -നവംബർ 14. ലൊക്കേഷൻ: ദുബൈ, അബൂദബി, ഷാർജ, മസ്കത്ത്(ഒമാൻ) സ്റ്റേഡിയങ്ങൾ
ക്രിക്കറ്റ് ആരാധകരുടെ ആവേശമായ ട്വൻറി20 ലോകകപ്പിന് തുടക്കമാകുന്നത് ഒക്ടേബറിലാണ്. ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയം, അബൂദബി ശൈഖ് സായിദ് സ്റ്റേഡിയം, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, ഒമാനിലെ അമിറാത്ത് ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം. സുപ്രധാന മൽസരങ്ങളെല്ലാം യു.എ.ഇയിലെ സ്റ്റേഡിയങ്ങളിലായിരിക്കും. ഒക്ടോബർ 17 മുതൽ നവംബർ 14 വരെയാണ് മത്സരങ്ങൾ. കാണികൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശനം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകത്തെ ഏറ്റവും മുൻനിര താരങ്ങളും ടീമുകളും ഇമാറാത്തിൽ എത്തുേമ്പാൾ വിവിധ രാജ്യങ്ങളിൽ നിന്നും ആരാധകരും ഒഴുകിയെത്തും. ഇന്ത്യ, പാകിസ്താൻ ഉൾപെടെയുള്ള ടീമുകൾ പങ്കെടുക്കുന്ന രണ്ടാം ഘട്ടത്തിലെ എല്ലാ മത്സരങ്ങളും യു.എ.ഇയിലെ മൂന്ന് മൈതാനങ്ങളിലായിരിക്കും. ആദ്യഘട്ട മൽസരങ്ങൾ പലതും ഒമാനിലെ സ്റ്റേഡിയത്തിലായിരിക്കും.
16 ടീമുകളാണ് ടൂർണമെൻറിലുള്ളത്.
ലോകറാങ്കിങിൽ ആദ്യ എട്ട് സ്ഥാനത്തുള്ള ഇന്ത്യ, പാകിസ്താൻ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, വെസ്റ്റിൻഡീസ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ രണ്ടാം ഘട്ടത്തിലാണ് പങ്കെടുക്കുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക, അയർലൻഡ്, നെതർലൻഡ്, സ്കോട്ട്ലൻഡ്, നമീബിയ, ഒമാൻ, പാവുവ ന്യൂ ഗിനിയ എന്നീ ടീമുകൾ തമ്മിൽ നടക്കുന്ന പ്രാഥമീക ഘട്ടത്തിൽ നിന്ന് നാല് ടീമുകൾ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടും. പ്രാഥമീക ഘട്ടത്തിന് ശേഷമായിരിക്കും 12 ടീമുകൾ ഉൾപെടുന്ന സൂപ്പർ 12 പോരാട്ടം. ഒക്ടോബർ 24 മുതൽ യു.എ.ഇയിലെ മൂന്ന് ഗ്രൗണ്ടുകളിലാണ് സൂപ്പർ 12. സെമിക്കും ഫൈനലിനും പുറമെ 30 മത്സരങ്ങളുണ്ടാവും. ആറ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന മത്സരം കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ സൗകര്യപ്രദമായ സ്ഥലമെന്ന നിലയിലാണ് യു.എ.ഇ, ഒമാൻ വേദികളിലേക്ക് മാറ്റിയത്.
ദുബൈ ഹാഫ് മാരത്തൺ
സമയം: ഒക്ടോബർ 15, ലൊക്കേഷൻ: ദ ഗേറ്റ് ബിൽഡിങ്
മൂന്നാമത് മൈ ദുബൈ സിറ്റി ഹാഫ് മാരത്തൺ ഒക്ടോബർ 15വെള്ളിയാഴ്ച നടക്കും. ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടക്കുന്ന മൽസരത്തിൽ ദീർഘദൂര ഓട്ടക്കാർക്കും ഫിറ്റ്നസ് പ്രേമികൾക്കും ക്ലാസിക് 5 കി.മീറ്റർ, ഫ്ലാറ്റ്-ഫാസ്റ്റ് 10 കി.മീറ്റർ, 21 കി.മീറ്റർ എന്നിവയിൽ മത്സരിക്കാനുള്ള അവസരം ലഭിക്കും. 16വയസിന് മുകളിലുള്ളവർക്കാണ് പങ്കെടുക്കാൻ കഴിയുക.
വാക്സിനേഷൻ പൂർത്തിയായിരിക്കണം.
മുൻ വർഷങ്ങളിലേതിന് സമാനമായി, ഗേറ്റ് ബിൽഡിങിന് മുന്നിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന രീതിയിലാണ് മൽസരം നടക്കുക. പങ്കെടുക്കാൻ താൽപര്യമുള്ളവർ www.promosevensports.com/race/mai-dubai-registration/ എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 10ന് മുമ്പായി രജിസ്റ്റർ ചെയ്യണം.
ഗ്ലോബൽ വില്ലേജ്
സമയം: ഒക്ടോബർ, 26 -ഏപ്രിൽ 10, ലൊക്കേഷൻ: ദുബൈ ലാൻഡ്, ഗ്ലോബൽ വില്ലേജ്
ലോകത്തെ ഏറ്റവും വലിയ വിനോദ-കച്ചവട പ്രദർശനമെന്ന് വിശേഷിക്കപ്പെടുന്ന ഗ്ലോബൽ വില്ലേജിെൻറ 26ാമത് എഡിഷനാണ് ഇത്തവണ ഒരുങ്ങുന്നത്. ഒക്ടോബർ 26ന് ആരംഭിക്കുന്ന പ്രദർശനം 167ദിവസം നീളും. ഒരോ വർഷവും അരക്കോടിയോളം സന്ദർശകർ ഇവിടെ എത്തുന്ന ഇവിടെ ഇക്കുറി ദുബൈ എക്സ്പോ പ്രമാണിച്ച് കൂടുതൽ പേരെത്തുെമന്നാണ് കണക്കുകൂട്ടൽ. ഇരുപതിനായിരം കാറുകൾക്ക് ആവശ്യമായ പാർകിങ് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
1996ൽ വളരെ കുറച്ച് പ്രദർശനശാലകളുമായി ദുബൈ ക്രീക്കിൽ ആരംഭിച്ച പ്രദർശനം, അഞ്ച് വർഷം ഊദ് മേത്തയിലാണ് നടന്നത്. പിന്നീടാണ് ദുബൈ ലാൻഡിലേക്ക് വിപുലമായ സൗകര്യത്തിലേക്ക് മാറുന്നത്. കഴിഞ്ഞ സീസൺ കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് നടന്നത്. വിവിധ രാജ്യങ്ങളുടെ പവലിയനുകളിൽ സാസ്കാരിക പരിപാടികളും വാണിജ്യ പ്രദർശനങ്ങളും ഈ വർഷവും വിപുലമായ രീതിയിൽ തന്നെ പ്രതീക്ഷിക്കപ്പെടുന്നു. പുതിയ വിനോദ-വ്യാപാര അനുഭവങ്ങൾ ഇത്തവണ സജ്ജീകരിക്കുന്നുണ്ട്.
സമയം: സെപ്റ്റംബർ, 19-ഒക്ടോബർ 15, ലൊക്കേഷൻ: ദുബൈ, അബൂദബി, ഷാർജ സ്റ്റേഡിയങ്ങൾ
കോവിഡ് കാരണം പാതിവഴിയിൽ നിലച്ച ഇന്ത്യൻ പ്രീമിയർ ലീഗിെൻറ രണ്ടാം പകുതി സെപ്റ്റംബർ 19ന് ദുബൈയിൽ ആരംഭിച്ചു കഴിഞ്ഞു. മൽസരത്തിെൻറ ഏറ്റവും ആവേശം നിറക്കുന്ന മൽസരങ്ങൾ നടക്കുക ഒക്ടോബറിലായിരിക്കും. ഒക്ടോബർ 15െൻറ ഫൈനൽ മൽസരവും ദുബൈയിലാണ്. വാക്സിനെടുത്ത കാണികൾക്ക് മാത്രമാണ് പ്രവേശനം. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ സർക്കാർ അംഗീകരിച്ച വാക്സിൻ എടുത്തിരിക്കണം.
ഷാർജ, അബൂദബി സ്റ്റേഡിയങ്ങളിൽ കളി കാണാനെത്തുന്നവർ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലം ഹാജരാക്കണം. എന്നാൽ, ദുബൈയിൽ ഈ നിബന്ധനയില്ല. 12 വയസിൽ താഴെയുള്ള കുട്ടികൾക്കും ഇത് ബാധകമല്ല. മാധ്യമപ്രവർത്തകർക്കും ഇത്തവണ പ്രവേശനം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഒഴിഞ്ഞ ഗാലറിയിലാണ് മത്സരങ്ങൾ നടത്തിയിരുന്നത്. പകുതിയോളം കാണികൾ ഗാലറിയിലെത്തുന്നുണ്ട്. 34 ലക്ഷത്തോളം ഇന്ത്യക്കാരുള്ള യു.എ.ഇയിൽ കഴിഞ്ഞ മൽസരങ്ങഴിൽ കാണികളുടെ വൻ പങ്കാളിത്തമുണ്ടായി. ഭൂരിപക്ഷം മത്സരങ്ങളും വൈകുന്നേരം ആറ് മുതലാണ്. 31 മത്സരങ്ങളാണ് ആകെയുള്ളത്.
സമയം: ഒക്ടോബർ, ഒന്നു മുതൽ ഏഴുമാസം, ലൊക്കേഷൻ: ഹത്ത, ദുബൈ
ഇമാറാത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹത്തയിലെ ക്യാമ്പിങ് സീസൺ ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കുകയാണ്. ക്യാമ്പിങ് ഏഴു മാസം നീണ്ടുനിൽക്കും. 'ഹത്ത റിസോർടസ് ആൻഡ് ഹത്ത വാദി ഹബി'െൻറ നാലാം എഡിഷനാണിത്. ഹത്ത കാരവൻ പാർക്കാണ് ഏറ്റവും പ്രധാനപ്പെട്ട ആകർഷകം. മേഖലയിലെ ആദ്യത്തെ ആഡംബര കാരവൻ പാർക്കാണിത്. ടെലിവിഷൻ, ചെറു കുക്കിങ് ഏരിയ, സൗജന്യ വൈഫൈ ആക്സസ് എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങൾ ഇതിലുണ്ട്. ഓരോ കാരവനിലും രണ്ട് മുതിർന്നവർക്കും രണ്ട് മുതൽ മൂന്ന് കുട്ടികൾക്ക് വരെ കഴിയാം. രാത്രിക്ക് 1,350 ദിർഹമാണ് ഒരു കാരവെൻറ വാടക.
ഹത്ത ഡോം പാർക്, പർവത ലോഡ്ജുകൾ എന്നിവയും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഹത്ത വാദി ഹബിൽ സ്വന്തമായി കാമ്പിങിനുള്ള സൗകര്യവും ഇത്തവണയുണ്ടാകും. 2018 ൽ ആദ്യമായി പൊതുജനങ്ങൾക്കായി തുറന്നതിനുശേഷം 120 ലധികം രാജ്യങ്ങളിൽ നിന്നായി 11 ലക്ഷത്തിലധികം സന്ദർശകർ ഇവിടെ എത്തിയിട്ടുണ്ട്.
സമയം: ഒക്ടോബർ 21 മുതൽ, ലൊക്കേഷൻ: ബ്ലൂ വാട്ടർ ദ്വീപ്, ദുബൈ
ലോകത്തെ ഏറ്റവും വലുതും ഉയരം കൂടിയതുമായ നിരീക്ഷണ വളയം 'ഐൻ ദുബൈ' ഒക്ടോബർ 21ന് തുറക്കും. ജുമൈറ ബീച്ചിലെ ബ്ലൂ വാട്ടർ ദ്വീപിലാണ് ദുബൈയുടെ കണ്ണ് എന്നർത്ഥം വരുന്ന 'ഐൻ ദുബൈ' നിർമാണം പൂർത്തിയായത്. പ്രവേശനത്തിന് 130ദിർഹം മുതൽ വിലയുള്ള ടിക്കറ്റ് വിൽപന തുടങ്ങി.
250മീറ്റർ ഉയരമുള്ള വളയത്തിെൻറ ഓരോ കാലിനും 126മീറ്ററാണ് നീളം. ഇതിൽ സ്ഥാപിച്ച ഓരോ ഗ്ലാസ് കാബിനുകൾ 820 അടി വരെ ഉയരുകയും ദുബൈയുടെ 360 ഡിഗ്രി പനോരമ കാഴ്ചക്ക് അവസരമൊരുക്കുകയും ചെയ്യും. 48 എയർ കണ്ടീഷൻ പാസഞ്ചർ കാബിനുകളിൽ 1750 സന്ദർശകർക്ക് വരെ ഒരേസമയം പ്രവേശിക്കാനാവും. എട്ടു റിമ്മുകളാണ് ഐൻ ദുബൈയുടെ ചക്രത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.