അബൂദബി: എമിറേറ്റിന്റെ നാവിക മേഖലയിൽ പുതിയ അധ്യായംകുറിച്ച് അൽ ദഫ്റ മേഖലയിൽ രണ്ട് സമുദ്ര പദ്ധതികൾ പൂർത്തിയാക്കി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വ്യാപാരത്തെയും ടൂറിസത്തെയും പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച സില കമ്യൂണിറ്റി ഹാർബറും അൽ ഫയീയി ദ്വീപ് മറീനയുമാണ് അല്‍ ദഫ്റ റീജ്യനിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തത്.
64 മത്സ്യബന്ധന ബോട്ടുകളും സ്വകാര്യ കപ്പലുകളും അടുപ്പിക്കാനാവശ്യമായ രണ്ട് ബാർജുകള്‍, മത്സ്യ മാര്‍ക്കറ്റ്, ഒരു ഭരണകേന്ദ്രം, റസ്റ്റാറന്റ് എന്നിവയാണ് സില കമ്യൂണിറ്റി ഹാര്‍ബറിലുള്ളത്.
500 മീ. നീളത്തിലും 35 മീ. വീതിയിലുമുള്ള കനാല്‍, കരയില്‍നിന്ന് കടവുമായി ബന്ധിപ്പിക്കുന്ന 220 മീ. റോഡ് തുടങ്ങി സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും അല്‍ ഫായിയി ദ്വീപിലേക്ക് വരുന്നതിനും പോവുന്നതിനുമായുള്ള ഒട്ടേറെ സൗകര്യങ്ങളാണ് അല്‍ ഫായിയി ഐലന്‍ഡ് മറീനയില്‍ ഒരുക്കിയിരിക്കുന്നത്.
ബോട്ടുകൾക്ക് വരാനും പോകാനും സഹായിക്കുന്ന മറ്റു സംവിധാനങ്ങളുമിവിടെയുണ്ട്.
അല്‍ ദഫ്റ മേഖലയുടെ വാണിജ്യ, സാമ്പത്തിക, സമുദ്ര, ചരക്കുനീക്കരംഗത്ത് നിര്‍ണായക നാഴികക്കല്ലാണ് പദ്ധതിയുടെ പൂർത്തീകരണമെന്നും രണ്ടു പദ്ധതികളും താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതും ഗതാഗതബന്ധം ശക്തിപ്പെടുന്നതുമാണെന്ന് ശൈഖ് ഹംദാൻ ബിൻ സായിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് അഭിപ്രായപ്പെട്ടു.
അബൂദബിയുടെ പടിഞ്ഞാറൻ മേഖലയിലെ അൽ ദഫ്റ പ്രദേശം എമിറേറ്റിന്റെ മൂന്നിൽ രണ്ട് ഭാഗവും ഉൾക്കൊള്ളുന്നതാണ്. വിശാലമായ മരുഭൂമിയും ബീച്ചുകളും ദ്വീപുകളും നിറഞ്ഞ പ്രദേശം ഏറെ വികസന സാധ്യതകളുള്ളതാണ്.
ഉദ്ഘാടന ചടങ്ങിൽ അൽ ദഫ്റ ഭരണാധികാരിയുടെ പ്രതിനിധി ഓഫീസ് ഡയറക്ടർ അഹമ്മദ് മതാർ അൽ ദാഹിരി, അൽ ദഫ്റ റൂളേഴ്സ് റെപ്രസന്റേറ്റീവ് കോർട്ട് അണ്ടർ സെക്രട്ടറി നാസർ മുഹമ്മദ് അൽ മൻസൂരി, ക്യാപ്റ്റൻ മുഹമ്മദ് മുഹമ്മദ് ജുമാ അൽ ശാമിസി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.