ഷാർജ: മരുഭൂമിക്കു നടുവിൽ അതിശയം പോലെ വിളയിച്ചെടുത്ത ഗോതമ്പ് കതിരുകൾ കൊയ്തെടുത്തു. ഷാർജയിലെ മലീഹയിൽ വലിയ മുന്നൊരുക്കത്തോടെ നടത്തിയ കൃഷിയുടെ ആദ്യ വിളവെടുപ്പിന് സാക്ഷിയായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും എത്തിച്ചേർന്നു.
മരൂഭൂമിയിൽ 400 ഹെക്ടർ സ്ഥലത്ത് വിളയിച്ച ഗോതമ്പ് ഈ മാസം അവസാനത്തോടെ പൂർണമായും കൊയ്തെടുക്കും. ഷാർജ നഗരത്തിൽനിന്ന് 70 കിലോമീറ്റർ അകലെ മലീഹയിലെ ഗോതമ്പുപാടത്ത് നവംബർ അവസാനത്തിലാണ് വിത്തിറക്കിയത്. ഗോതമ്പ് വിളവെടുപ്പിന് ശൈഖ് സുൽത്താനൊപ്പം ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. വിളവെടുപ്പ് വിഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കാലാവസ്ഥക്ക് യോജിച്ചവിധം വെള്ളമെത്തിക്കുന്ന ജലസേചന സംവിധാനം ഉപയോഗിച്ചാണ് കൃഷി ചെയ്തത്.
നാലുമാസത്തിനകമാണ് ആദ്യ വിളവെടുപ്പ് പൂർത്തിയായത്. കീടനാശിനികളോ രാസവസ്തുക്കളോ ജനിതകമാറ്റം വരുത്തിയ വിത്തുകളോ ഉപയോഗിക്കാതെയാണ് കൃഷി ചെയ്തത്. വിളവെടുപ്പിനുശേഷം, ഗോതമ്പ് ഭക്ഷ്യയോഗ്യമാക്കുന്നതിന് മില്ലുകളിലേക്ക് അയക്കും. മേയ്, ജൂൺ മാസത്തിൽ ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാകുമെന്ന് ഷാർജ കൃഷി, കന്നുകാലി വകുപ്പ് അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
2024ൽ ഗോതമ്പുകൃഷി 880 ഹെക്ടറിലേക്കും 2025ൽ 1400 ഹെക്ടറിലേക്കും വ്യാപിപ്പിക്കും. ഷാർജ എമിറേറ്റിലേക്ക് ആവശ്യമായിവരുന്ന ഗോതമ്പ് ഇറക്കുമതിയുടെ തോത് കുറക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വർഷം 1.7 ദശലക്ഷം മെട്രിക് ടൺ ഗോതമ്പാണ് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.