ദുബൈ: ഇന്ത്യക്കാരനായ പ്രവാസിയുടെ മുസ്ലിംവിരുദ്ധ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് യു.എ.ഇ രാജകുടുംബാംഗം. ശൈഖ ഹെൻത് ബിൻത് ഫൈസൽ അൽ ഖാസിമിയാണ് വിദ്വേഷ പരാമർശത്തിനെതിരെ ശക്തമായ ഭാഷയിൽ മറുപടി നൽകിയത്. സുരക്ഷയും സഹിഷ്ണുതയുമുള്ള മുസ് ലിം രാജ്യമാണ് യു.എ.ഇയെന്നും കൊലപാതകത്തെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുന്നത് ആരായാലും അവരെ ഈ രാജ്യമെന്നല്ല, മറ്റ് ഒരു മുസ്ലിം രാജ്യവും സ്വാഗതം ചെയ്യില്ലെന്നുമായിരുന്നു ശൈഖയുടെ ട്വീറ്റ്. നിമിഷനേരം കൊണ്ട് ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
യു.എ.ഇയിലെ പ്രവാസിയായ കിരൺ കാരുകൊണ്ട എന്നയാളാണ് കഴിഞ്ഞ ദിവസം ഇസ്ലാം വിരുദ്ധ ട്വീറ്റ് ചെയ്തത്. ‘ഇന്ത്യയിൽനിന്ന് ഇസ്ലാമിനെ തുടച്ചുനീക്കും. അതിനായി ഹിന്ദു സഹോദരങ്ങൾ ആരെയും കാത്തു നിൽക്കേണ്ടതില്ല. നമുക്ക് നമ്മുടേതായ പോരാട്ടം ആരംഭിക്കാം. തെരുവിലിറങ്ങൂ പ്രതിഷേധിക്കൂ’ ഇതായിരുന്നു പരാമർശം. സുപ്രീംകോടതി, വിവാദ ഹിന്ദു പ്രസംഗക നുപൂർ ശർമ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്.
മാധ്യമങ്ങളിലൂടെ വെറും പ്രദർശനം മാത്രം നടത്തുന്ന ബി.ജെ.പി മുസ്ലിം പ്രീണനം നടത്തുകയാണെന്നും ഇയാൾ കുറ്റപ്പെടുത്തുന്നുണ്ട്. ഇത് വൈറലായതോടെ കിരണെതിരെ ദുബൈ പൊലീസ് ശക്തമായ നടപടി എടുക്കണമെന്ന് വിവിധ കോണിൽനിന്ന് ആവശ്യമുയർന്നിരുന്നു. പിന്നാലെയാണ് ശൈഖ ഹെൻത് ബിൻത് ട്വീറ്റുമായി രംഗത്തെത്തിയത്. ഇത്തരം വിഷയങ്ങളിൽ പ്രതികരിച്ചുകൊണ്ടുള്ള ശൈഖയുടെ ട്വീറ്റുകൾ മുമ്പും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.