ദുബൈ: പ്രാദേശിക കർഷകരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും പുതിയ വിപണി അവർക്കു മുന്നിൽ തുറന്നിടാനും ലക്ഷ്യമിട്ട് ഹത്ത വികസനത്തിനായുള്ള ഉന്നതാധികാര സമിതിയുടെ മോൽനോട്ടത്തിൽ നടക്കുന്ന ഹത്ത കാർഷിക മേളക്ക് തുക്കം.
ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീടെയ്ൽ എസ്റ്റാബ്ലിഷ്മെന്റാണ് ദുബൈ മുനിസിപ്പാലിറ്റി, ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ), ഹത്ത ട്രേഡേഴ്സ് കൗൺസിൽ എന്നിവരുടെ സഹകരണത്തോടെ ഫെബ്രുവരി 23 മുതൽ 27 വരെ കാർഷിക മേള സംഘടിപ്പിക്കുന്നത്. ഹത്ത ഹാളിൽ സജ്ജമാക്കിയ പ്രത്യേക പവിലിയനുകളിൽ 20 പ്രാദേശിക കർഷകർ അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കും.
ഏറ്റവും മികച്ച ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന കർഷകന് 20,000 ദിർഹത്തിന്റെ സമ്മാനവും ഹത്ത വികസന ഉന്നതാധികാര സമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹത്ത മേഖലയുടെ സാമ്പത്തിക വിനോദ സഞ്ചാര വികസനം പരിപോഷിപ്പിക്കുക, ചെറുകിട സംരംഭകരേയും വ്യാപാരികളേയും പിന്തുണക്കുക, കർഷകരുടെ കാർഷിക ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരം നൽകുക, മേഖലയിലെ സമ്പന്നമായ പാരമ്പര്യവും കാർഷികവുമായി ഉത്പന്നങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഹത്ത കാർഷിക മേളക്ക് തുടക്കം കുറച്ചിരിക്കുന്നത്.
എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം. പ്രവേശനം സൗജന്യമാണ്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഭക്ഷ്യ സുരക്ഷ, ജലശുദ്ധീകരണം തുടങ്ങിയ സുസ്ഥിരമായ ലക്ഷ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന 25ലധികം വർക്ഷോപ്പുകളും നടക്കും.
കൂടാതെ ഹത്തക്ക് സമീപമുള്ള പൈതൃക കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം, പ്രാദേശിക സംരംഭകരുടെ പാചക വൈദഗ്ധ്യങ്ങൾ എന്നിവയും സന്ദർശകർക്ക് ആസ്വദിക്കാം. ആറ് ഫുഡ് ട്രക്കുകൾ, കഫേകൾ എന്നിവയാണ് മേളയിൽ ഇതിനായി സജ്ജമാക്കിയിട്ടുള്ളത്.
ആട്, കോഴി തുടങ്ങിയവയുടെ സംരക്ഷണത്തെ കുറിച്ച് യുവ തലമുറക്ക് പഠിക്കാനും മനസിലാക്കാനുമുള്ള അവസരവും മേളയിലുണ്ടാവും. ദുബൈയുടെ കലാകാരൻമാരായ മൊദേശ്, ദാന എന്നിവരുടെ കലാപ്രകടനങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
പരമ്പരാഗതമായി ജലസേചനത്തിന് ഉപയോഗിച്ചിരുന്ന 587 മീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന അണ്ടർ ഗ്രൗണ്ട് ടണൽ ഉൾപ്പെടുന്ന ഹത്ത ഫലജ് അൽ ശരീഅയിലേക്കുള്ള സന്ദർശനം സാധ്യമാക്കുന്നത് ദുബൈ കൾച്ചർ അതോറിറ്റിയാണ്. നൂറ്റാണ്ടു മുമ്പ് നിർമിച്ച ടണൽ 2019ൽ ആണ് ദുബൈ മുനിസിപ്പാലിറ്റി പുനർ നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.