ദുബൈ: അറബ് ലോകത്തുനിന്ന് ആദ്യമായി ബഹിരാകാശയാത്ര നടത്തി അത്യുപൂർവമായ ചരിത്രം രചിച്ച രാജ്യം, രണ്ടാംഘട്ടത്തിനൊരുങ്ങുന്നത് അതിലും വലിയൊരു ചരിത്രപ്പിറവി ലക്ഷ്യം വെച്ച്. മേജർ ഹസ്സ അൽ മൻസൂരി കൈവരിച്ച നേട്ടത്തിലൂടെ അറബ് ലോകത്ത് അഭിമാനം തീർത്തതിന് പിന്നാലെ ഹസ്സയുടെ പിൻഗാമിയായി നിശ്ചയിച്ചവരിൽ വനിതക്കും ഇടം നൽകിയാണ് യു.എ.ഇ ഇതിഹാസതുല്യമായ പ്രയാണത്തിന് തയാറെടുപ്പ് നടത്തുന്നത്. മാസങ്ങൾ നീണ്ട പരീക്ഷകളുടെയും പരീക്ഷണങ്ങളുടെയും അഭിമുഖങ്ങളുടെയും ഒടുവിൽ പുറത്തുവിട്ട രണ്ടംഗ സംഘത്തിലാണ് നൗറ അൽ മത്റൂശി എന്ന ഇമാറാത്തി വനിത ഇടംപിടിച്ചിരിക്കുന്നത്. മുഹമ്മദ് അൽ മുല്ലയാണ് പട്ടികയിലെ രണ്ടാം പേരുകാരൻ.
യു.എ.ഇയുടെ രണ്ടാംഘട്ട പര്യവേക്ഷണത്തിൽ നൂറ അൽ മത്റൂശി ബഹിരാകാശത്തേക്ക് കുതിക്കുകയാണെങ്കിൽ വലിയ ചരിത്രപ്പിറവിക്കാണ് അതു സാക്ഷ്യംവഹിക്കുക. ബഹിരാകാശത്ത് പര്യടനം നടത്തുന്ന ആദ്യ അറബ് വനിതയെന്ന ഖ്യാതിക്കൊപ്പം, വനിതകളെ പര്യവേക്ഷണത്തിന് അയച്ച ആദ്യ അറബ് രാജ്യമെന്ന പ്രശസ്തിയും യു.എ.ഇക്ക് സ്വന്തമാകും. പര്യവേക്ഷണ സംഘത്തിലെ പുതിയ അംഗങ്ങളെ പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞതും ഇവരുടെ പാത പിന്തുടരാൻ വരിയായി പലരുമെത്തുമെന്നാണ്. വനിതയുൾപ്പെടുന്ന രണ്ടാം സംഘം ആകാശത്ത് ചരിത്രം കുറിക്കുന്ന നിമിഷത്തിനായി കൗണ്ട് ഡൗൺ ആരംഭിക്കുകയാണെന്ന ശൈഖ് മുഹമ്മദിെൻറ ട്വീറ്റും പുതുയുഗപ്പിറവിക്കാണ് അറബ് രാജ്യവും യു.എ.ഇയും ലക്ഷ്യം വെക്കുന്നതെന്നതും വ്യക്തം.
ബഹിരാകാശ പര്യവേക്ഷണമെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിന് 4305 ശാസ്ത്രകുതുകികളാണ് ഹസ്സ അൽ മൻസൂരിയുടെ നേതൃത്വത്തിൽ നടന്ന പ്രക്രിയകളിൽ പങ്കാളികളായത്. അപേക്ഷകരിൽ 1400 അപേക്ഷകർ ഇമാറാത്തി യുവതികളായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയവരും ശാസ്ത്രരംഗത്തെ മികച്ച ഗവേഷകരുമുൾപ്പെടെ നിരവധി പ്രതിഭകളും അന്താരാഷ്്ട്ര പര്യവേക്ഷണ രംഗത്ത് രാജ്യത്തിെൻറ യശസ്സുയർത്തുന്നതിന് സന്നദ്ധരായി മുന്നോട്ടുവന്നിരിക്കുെന്നന്നതും ശ്രദ്ധേയമാണ്. 4305 അപേക്ഷകരിൽനിന്നാണ് നിരവധി ടെസ്റ്റുകൾക്കും അഭിമുഖങ്ങൾക്കും ശേഷം അവസാന ലിസ്റ്റിലേക്കുള്ള 14 പേരെ തെരഞ്ഞെടുത്തത്. ഒമ്പതു പുരുഷന്മാരും അഞ്ചു സ്ത്രീകളുമടങ്ങുന്ന ഇൗ പട്ടികയിൽ പേരിൽനിന്നാണ് അടുത്ത ഘട്ടത്തിൽ യു.എ.ഇയുടെ ചതുർവർണ പതാകയേന്താൻ നൂറ അൽ മത്റൂശിയും മുഹമ്മദ് അൽ മുല്ലയും തെരഞ്ഞെടുക്കപ്പെട്ടത്.
ശാസ്ത്രത്തോടും പര്യവേക്ഷണത്തോടും നമ്മുടെ യുവത കാട്ടുന്ന താൽപര്യത്തിലും അഭിനിവേശത്തിലും രാജ്യം പൂർണമായി അഭിമാനിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പറഞ്ഞു. "അവരുടെ ആഗ്രഹത്തിലും അഭിനിവേശത്തിലും അഭിമാനിക്കുന്നു, യുവതയുടെ ചുവടുവെപ്പിൽ രാജ്യത്തെ ജനങ്ങൾ സമ്പൂർണമായി അഭിമാനക്കുന്നു" -ബഹിരാകാശ പര്യവേക്ഷണമെന്ന സ്വപ്നവുമായി മുന്നേറുന്ന ഇമാറാത്തി യുവതയുടെ പ്രതികരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് ശൈഖ് മുഹമ്മദ് ട്വീറ്റും ചെയ്തു.
2019 സെപ്റ്റംബർ 25നായിരുന്നു യു.എ.ഇ പൗരൻ മേജർ ഹസ്സ അൽമൻസൂറി ബഹിരാകാശ കേന്ദ്രത്തിലേക്ക് ചരിത്രക്കുതിപ്പ് നടത്തിയത്. അന്താരാഷ്്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) പോയ ഹസ്സ, വിജയകരമായ പര്യവേക്ഷണത്തിലൂടെ ബഹിരാകാശ നിലയത്തിൽ സാന്നിധ്യമറിയിച്ച രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇക്ക് ഇടംനേടിക്കൊടുക്കുകയും ചെയ്തു.
എട്ടു ദിവസത്തിനു ശേഷം ഒക്ടോബർ മൂന്നിനാണ് ഹസ്സ തിരികെ ഭൂമിയിലെത്തിയത്. 16 പരീക്ഷണങ്ങളാണ് ഹസ്സ ബഹിരാകാശ കേന്ദ്രത്തിൽ നടത്തിയത്. യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ മേജർ ഹസ്സ അൽ മൻസൂരി, ഡോ. സുൽത്താൻ അൽ നെയാദി എന്നിവരുടെ സംഘത്തിൽ ഇനി നൗറ അൽ മത്റൂശി മുഹമ്മദ് അൽ മുല്ലയും ചേരും.
അറബ് ലോകത്തുനിന്ന് ആദ്യമായി ഒരു വനിത ബഹിരാകാശയാത്രക്ക് തെരഞ്ഞെടുക്കപ്പെടുമ്പോൾ നാളിതുവരെ രാജ്യത്തെ ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ ഇമാറാത്തി വനിതകൾ തുടരുന്ന സമർപ്പണത്തിെൻറ അംഗീകാരം കൂടിയാണിത്. അറബ് ജനതയുടെ ആകാശ സ്വപ്നങ്ങൾക്ക് പൊൻചിറകുകൾ തുന്നിച്ചേർത്ത യു.എ.ഇ അഡ്വാൻസ് സയൻസ് സഹമന്ത്രിയും രാജ്യത്തെ ബഹിരാകാശ പദ്ധതിയുടെ മേധാവിയുമായ സാറ അൽ അമിരി എന്ന വനിതയായിരുന്നു.
തീവ്രമായ ആഗ്രഹങ്ങൾക്കു മുന്നിൽ അസാധ്യമായി ഒന്നുമില്ലെന്ന് പലവട്ടം തെളിയിച്ചുകഴിഞ്ഞു ഹോപ് പ്രോബ് എന്ന യു.എ.ഇയുടെ ചൊവ്വാപേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ച യു.എ.ഇ ബഹിരാകാശ ഏജൻസി ചെയർമാൻ കൂടിയായ സാറാ അൽ അമിരി. തീർന്നില്ല, മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിൽ (എം.ബി.ആർ.എസ്.സി) 42 ശതമാനം തൊഴിലാളികളും ഇമാറാത്തി വനിതകളാണ്. യു.എ.ഇയിലെ ബഹിരാകാശയാത്രിക പദ്ധതിയിൽ 70 ശതമാനവും ഹോപ് മാർസ് മിഷനിൽ 34 ശതമാനവും വനിതകളുടെ നിരതന്നെയാണ്.
ടെക്സസിലെ ഹ്യൂസ്്റ്റണിലുള്ള നാസയുടെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിൽ പരിശീലനത്തിനായി നൂറയും മുഹമ്മദ് അൽ മുല്ലയും ആദ്യത്തെ രണ്ട് ബഹിരാകാശ യാത്രികരായ ഹസ്സക്കും ഡോ. സുൽത്താനുമൊപ്പം ചേരും. മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രവും നാസയും നാല് ഇമാറാത്തി ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. നാസയുടെ ബഹിരാകാശ യാത്രിക പരിശീലന പരിപാടിയിൽ ഹസ്സ അൽ മൻസൂരിയും ഡോ. സുൽത്താൻ അൽ നെയാദിയും ഇതിനകം ആറുമാസത്തെ പരിശീലനം പൂർത്തിയാക്കിയിരുന്നു. ഈ വർഷം അവസാനത്തോടെ പുതിയ ക്ലാസ് ആരംഭിച്ചുകഴിഞ്ഞാൽ രണ്ട് പുതിയ ബഹിരാകാശയാത്രികർ പരിശീലനം ആരംഭിക്കും. പൂർത്തിയായാൽ നാലുപേരും നാസയുടെ നേതൃത്വത്തിലുള്ള ബഹിരാകാശ ദൗത്യങ്ങൾക്ക് യോഗ്യത നേടും.
1993ൽ ജനിച്ച നൗറ അൽ മത്റൂശി മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്. ചെറുപ്പംമുതലേ ബഹിരാകാശത്തോടും ജ്യോതിശാസ്ത്രത്തോടും അഭിനിവേശംപുലർത്തിയ മത്റൂശി യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂനിവേഴ്സിറ്റിയിൽനിന്നാണ് എൻജിനീയറിങ്ങിൽ ബിരുദം നേടിയത്. അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനീയേഴ്സിൽ അംഗമാണ്. യു.എ.ഇയുടെ 2011ലെ ഒളിമ്പ്യാഡിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു. നാഷനൽ പെട്രോളിയം കൺസ്ട്രക്ഷൻ കമ്പനിയിൽ എൻജിനീയറായ മത്റൂശി അഞ്ചുവർഷം കമ്പനിയുടെ യൂത്ത് കൗൺസിൽ വൈസ് പ്രസിഡൻറായിരുന്നു. സന്നദ്ധ പ്രവർത്തനത്തെക്കുറിച്ചും ശാസ്ത്രമേഖലയിലെ വ്യതിരിക്തതയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് പുലർത്തുന്ന മത്റൂശി 'നിങ്ങളെ സന്തോഷിപ്പിക്കുന്നതെന്തും ചെയ്യുക' എന്ന സന്ദേശമാണ് ജീവിതത്തിലുടനീളം പുലർത്തുന്നത്.
മികച്ച കരിയർ റൊക്കോഡുകളുള്ള മുഹമ്മദ് അൽ മുല്ല പൈലറ്റാണ്. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദധാരിയായ അൽ മുല്ല നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട്. 1988ൽ ദുബൈയിലാണ് ജനനം. എയർ വിങ് സെൻററിൽ പൈലറ്റായി ജോലിചെയ്യുന്ന അൽ മുല്ല അവിടത്തെ പരിശീലനവിഭാഗം മേധാവികൂടിയാണ്. ദുബൈ പൊലീസിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്നതായിരുന്നു അദ്ദേഹത്തിെൻറ കരിയർ നേട്ടങ്ങൾ. 19ാം വയസ്സിലായിരുന്നു അൽ മുല്ല ഇൗ നേട്ടം സ്വന്തമാക്കിയത്. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടിയിട്ടുള്ള യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൽനിന്ന് ധീരതക്കുള്ള മെഡലും ഏറ്റുവാങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.