ദുബൈ: സ്പേസ് മെഡിസിനിൽ നിർണായക ചുവടുവെപ്പ് നടത്തി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി. യു.എ.ഇയിലെ പ്രമുഖ ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്സാണ് ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റിയിൽ മനുഷ്യശരീരത്തിന്റെ പ്രതികരണം പഠിക്കാനുള്ള ആരോഗ്യ ഗവേഷണ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. അമേരിക്കയിലെ മുൻനിര സ്വകാര്യ ബഹിരാകാശ ഗവേഷണ കമ്പനിയായ ആക്സിയം സ്പേസുമായാണ് കരാർ.
ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പ്രഖ്യാപിച്ച പദ്ധതി ബഹിരാകാശത്തെ ഗവേഷണ സഹായത്തോടെ വൈദ്യശാസ്ത്രത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനുള്ള പ്രധാന ദൗത്യമായി മാറും. അമേരിക്കയിലെ ഹൂസ്റ്റൺ ആസ്ഥാനമായ ആക്സിയം സ്പേസ് നാസയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ദൗത്യങ്ങൾ നടത്തുന്നതോടൊപ്പം ലോകത്തിലെ ആദ്യ വാണിജ്യ ബഹിരാകാശ നിലയം വികസിപ്പിക്കാനുള്ള സജ്ജീകരണങ്ങളിൽ കൂടിയാണ് ആക്സിയം.
ബുർജീലുമായുള്ള ആരോഗ്യ ഗവേഷണ പങ്കാളിത്തം ഈ പദ്ധതിയിൽ നിർണായക പങ്ക് വഹിക്കും. ലോ എർത്ത് ഓർബിറ്റിൽ മനുഷ്യ സാന്നിധ്യം വിപുലപ്പെടുത്തുക എന്ന കാഴ്ചപ്പാടോടെ സ്ഥാപിതമായ ആക്സിയം, ബഹിരാകാശത്ത് ഗവേഷണം, നിർമാണം എന്നിവക്കായി ഒരു ഹബ് സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ആക്സിയവുമായുള്ള ദീർഘകാല പങ്കാളിത്തത്തിലൂടെ ആരോഗ്യ മേഖലയിൽ നവീന മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങുകയാണ് ബുർജീൽ. മൈക്രോ ഗ്രാവിറ്റിയിൽ മനുഷ്യശരീരത്തിന്റെ പ്രതികരണം മനസ്സിലാക്കാനായി ലോകമെമ്പാടുമുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും ഉപയോഗിക്കുന്ന മികച്ച മെഡിക്കൽ സാങ്കേതിക വിദ്യകൾ ബഹിരാകാശത്തേക്ക് അയക്കും.
ഈ ഗവേഷണത്തിലൂടെ മൈക്രോ ഗ്രാവിറ്റി എങ്ങനെ ബയോ മാർക്കറുകൾ, മരുന്നിന്റെ ഗുണനിലവാരം, വിദൂര ആരോഗ്യ സേവനങ്ങൾ എന്നിവയെ ബാധിക്കുന്നു എന്നാണ് മനസ്സിലാക്കുക. ആക്സിയം സ്പേസിലെ ബഹിരാകാശ യാത്രികർ പഠനത്തിന്റെ ഭാഗമായി പരിശീലന, വിക്ഷേപണ കാലങ്ങളിൽ ഈ സാങ്കേതികവിദ്യകൾ ഉപയോഗിക്കും. ആക്സിയത്തിന്റെ അടുത്ത വിക്ഷേപണ ദൗത്യം ആക്സിയം മിഷൻ 4 (Ax-4) വരുന്ന സ്പ്രിങ് സീസണിൽ നടത്താനാണ് ലക്ഷ്യമിടുന്നത്.
ന്യൂയോർക്കിലെ ബുർജീൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ഹെൽത്ത്, ടൈംസ് സ്ക്വയർ എന്നിവിടങ്ങളിലായി നടന്ന ചടങ്ങിൽ ഡോ. ഷംഷീർ വയലിൽ, ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ് സി.ഇ.ഒ ജോൺ സുനിൽ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ അടുത്ത ചുവടുകൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.