ദുബൈ: യു.എ.ഇയിൽ ചൂടു കുറയുന്നതിന് മുന്നോടിയായി ചില പ്രദേശങ്ങളിൽ ചാറ്റൽ മഴ ലഭിച്ചു. ഫുജൈറ മലനിരകളിലാണ് കഴിഞ്ഞ ദിവസം ചെറിയ ചാറ്റൽ മഴക്ക് തുടക്കമായത്. ഷാർജയിലെ ഗോർഫുക്കാൻ മേഖലകളിലും കഴിഞ്ഞ ദിവസം രാത്രി ചെറിയ തോതിൽ മഴ ലഭിച്ചതായി റിപ്പോർട്ടുണ്ട്. കാലാവസ്ഥ മാറ്റത്തിന്റെ തുടക്കമെന്ന നിലയിലാണ് ചാറ്റൽ മഴയെ വിലയിരുത്തുന്നത്.
വാഹനങ്ങളിലും മറ്റും മഴത്തുള്ളികൾ വീഴുന്ന ദൃശ്യങ്ങൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്നലെ പൊതുവേ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥ വിഭാഗം അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റും വീശിയിരുന്നു.
പടിഞ്ഞാറൻ ഭാഗങ്ങളിൽ പൊടിക്കാറ്റിനും ഇത് കാരണമായി. കിഴക്കൻ തീരങ്ങളിലാണ് ചെറിയ തോതിൽ മഴമേഘങ്ങൾ ദൃശ്യമായത്.
അതേസമയം, അന്തരീക്ഷ താപനില രാജ്യത്ത് 45 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. അബൂദബിയിൽ 38 ഡിഗ്രിയും ദുബൈയിൽ 39 ഡിഗ്രിയുമാണ് ചൂട് അനുഭവപ്പെട്ടത്. രണ്ട് എമിറേറ്റുകളിലെയും മലനിരകളിൽ അന്തരീക്ഷ താപനില യഥാക്രമം 30 ഡിഗ്രിയിലേക്കും 25 ഡിഗ്രിയിലേക്കും താഴ്ന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.