അബൂദബി: വാഹനവുമായി റോഡിലിറങ്ങുന്നതിനുമുമ്പ് ആവശ്യമായ മുന്‍കരുതലുകള്‍ ഡ്രൈവര്‍മാര്‍ സ്വീകരിച്ചിരിക്കണമെന്ന് അധികൃതർ ഓർമപ്പെടുത്തി. രാജ്യത്തെ അന്തരീക്ഷ താപനില വര്‍ധിക്കുന്നതിനിടെ അപകടങ്ങളൊഴിവാക്കാന്‍ വാഹനങ്ങള്‍ മികച്ച രീതിയിലാണുള്ളതെന്ന് ഉറപ്പാക്കണമെന്നാണ് നിർദേശം.
മോശമായതോ അല്ലെങ്കില്‍ അപകടാവസ്ഥയിലുള്ളതോ ആയ ടയറുകള്‍ ഉയര്‍ന്ന താപനിലയില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. കീറിപ്പറിഞ്ഞ ടയറുകളുമായി വാഹനമോടിച്ച് അപകടത്തില്‍പ്പെടുന്നതിന്റെ വിഡിയോ അബൂദബി പൊലീസ് പങ്കുവെച്ചിരുന്നു.
അഞ്ചുവരി പാതയിലൂടെയുള്ള ഓട്ടത്തിനിടെ വാഹനത്തിന്റെ പിന്നിലെ ടയര്പൊട്ടുകയും വലതുവശത്തെ കോണ്‍ക്രീറ്റ് വേലിയില്‍ ഇടിച്ചുകയറുന്നതുമാണ് വിഡിയോ. അപകടസമയം സ്കൂള്‍ ബസ് അടക്കം പത്തിലേറെ വാഹനങ്ങളാണ് ഇതുവഴി സഞ്ചരിച്ചത്. ഉയര്‍ന്ന അന്തരീക്ഷ താപനില നില്ക്കുന്നതിനാല് വാഹനത്തിന്റെ ടയറുകളുടെ അവസ്ഥ ഡ്രൈവര്‍മാര്‍ എപ്പോഴും ശ്രദ്ധിക്കണം.
പൊളിഞ്ഞ ടയറുകളുമായി വാഹനമോടിക്കുന്നത് 500 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയന്റ് ലഭിക്കുന്നതിനും വാഹനം കണ്ടുകെട്ടുന്നതിനും തക്ക കുറ്റമാണ്. വാഹനങ്ങള്‍ക്ക് അനുസരിച്ച ടയറുകളാവണം ഉപയോഗിക്കേണ്ടത്. നിര്‍മിച്ച വര്‍ഷം, ദീര്‍ഘദൂര യാത്രകള്‍ക്ക് ഗുണം ചെയ്യുന്നതാണോ, റോഡ് ഗ്രിപ് ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ടയറുകള്‍ വാങ്ങുന്നതിനുമുമ്പ് ഉറപ്പാക്കിയിരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
കാലാവധി കഴിഞ്ഞതും തേയ്മാനം വന്നതുമായ ടയറുകള്‍, അമിത ഭാരം കയറ്റല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് അപകടങ്ങളിലേറെയും നടക്കുന്നത്. ചൂടുകാലത്ത് ചക്രങ്ങളിലെ വായുസമ്മര്‍ദം കൂടാന്‍ സാധ്യതയുള്ളതിനാല്‍ ടയറുകള്‍ നല്ല അവസ്ഥയിലാണുള്ളതെന്ന് തുടര്‍ച്ചയായി പരിശോധിച്ച് ഉറപ്പുവരുത്തണം. ഡ്രൈവിങ്ങിനിടെ അസ്വാഭാവികത തോന്നിയാലുടന്‍ തന്നെ വാഹനം സുരക്ഷിതമായി നിര്‍ത്തിയശേഷം എന്ജിന് ഓഫാക്കണം.
അബൂദബി: എൻജിൻ ഓഫാക്കാതെ വാഹനത്തിൽ നിന്നിറങ്ങിപ്പോയാൽ 500 ദിർഹം പിഴയിടുമെന്ന് അബൂദബി പൊലീസ്. പെട്രോൾ സ്റ്റേഷനുകൾ, എ.ടി.എമ്മുകൾ, പള്ളികൾ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ എത്തുന്നവർ വാഹനത്തിന്റെ എൻജിൻ ഓഫാക്കാതെ ഇറങ്ങിപ്പോവുന്ന രീതികൾ ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ മുന്നറിയിപ്പ്.
ആവശ്യം പെട്ടെന്ന് കഴിയുമെന്നതിനാൽ വാഹനത്തിന്റെ എൻജിൻ ഓഫാക്കേണ്ടതില്ലെന്ന ചിന്തയിലാണ് ഇത്തരം നടപടികൾ തുടരുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ വാഹനം മോഷ്ടിക്കപ്പെടാനോ വാഹനത്തിന് തീപിടിക്കാനോ അടക്കമുള്ള സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇതിനുപുറമേ പാർക്ക് ചെയ്യാൻ വിലക്കുള്ള ഇടങ്ങളിലും വാഹനം നിർത്തരുത്.
റോഡിൽ വാഹനം നിർത്തേണ്ട നിർബന്ധിത സാഹചര്യമുണ്ടായാൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കണം. വാഹനം എൻജിൻ ഓഫാക്കാതെ ഇറങ്ങിപ്പോവരുതെന്നും അധികൃതർ പറഞ്ഞു. ഗതാഗത നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ 500 ദിർഹം പിഴ ചുമത്തുമെന്നും പൊലീസ് താക്കീത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.