തീപിടിക്കുന്ന വസ്തുക്കൾ അനധികൃതമായി സൂക്ഷിച്ചാൽ വൻ പിഴ

അബൂദബി: തീപിടിക്കുന്ന ദ്രാവകങ്ങളോ വസ്തുക്കളോ അനുമതിയില്ലാതെ ടാങ്കുകളിൽ സൂക്ഷിച്ചാൽ കടുത്ത പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി. നിയമലംഘകർക്ക് 30,000 ദിർഹം പിഴ ചുമത്തും. ഇത്തരം വസ്തുക്കൾ സൂക്ഷിക്കുന്നതിന്​​ മുമ്പായി സിവിൽ ഡിഫൻസിന്‍റെ അനുമതി വാങ്ങിയിരിക്കണം.

മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തിലാണ്​ ഇതുസംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവെച്ചത്​. കൃത്യമായ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാതെ പെട്രോളിയം പോലുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത്​ വലിയ അപകടങ്ങൾക്ക്​ കാരണമാകുന്നുണ്ടെന്നാണ്​ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ്​ പുതിയ നിർദേശം അധികൃതർ മുന്നോട്ടുവെച്ചത്​.

വേനലവധിയുമായി ബന്ധപ്പെട്ട യാത്രകൾമൂലം വീടുകൾ അടച്ചിട്ടുപോവുമ്പോൾ സംഭവിക്കാൻ സാധ്യതയുള്ള കവർച്ച, തീപിടിത്തം തുടങ്ങിയ കാര്യങ്ങളിലും ജാഗ്രതയുണ്ടാവണമെന്ന് അധികൃതർ ഓർമപ്പെടുത്തി.

അപകടസാധ്യതകളിൽ താമസക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ സേഫ് സമ്മർ കാമ്പയിൻ അബൂദബി പൊലീസ് എല്ലാ വർഷവും നടത്തിവരാറുമുണ്ട്. എന്നാൽ, ജനങ്ങളുടെ ശ്രദ്ധ കൂടുതലായി ഉണ്ടാവേണ്ടതുണ്ട്.

പുറത്തുപോവുന്ന സമയത്ത് വീടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മുൻകരുതലുകളും സുരക്ഷാ നടപടികളും താമസക്കാർക്ക് ബോധ്യപ്പെടുത്തി നൽകുകയെന്ന ലക്ഷ്യവും പൊലീസ് നടത്തുന്ന കാമ്പയിനുകൾക്കുണ്ട്. കവർച്ചകൾ തടയുന്നതിനും വേനൽക്കാലത്ത് വീടുകൾക്ക് തീപിടിക്കുന്നത് തടയുന്നതിനും കൂട്ടായ ഉത്തരവാദിത്തമുള്ളതിനാലാണ് ഈ നടപടി.

സ്വത്തിനും ജീവനും സുരക്ഷയൊരുക്കുന്നതിനായി അധികൃതർ നൽകുന്ന മാർ​ഗനിർദേശങ്ങളും സുരക്ഷാ ഉപദേശങ്ങളും ജനം പാലിക്കണം. കൊടുംചൂട് കാലത്ത്​ തീപിടിത്തമില്ലാതിരിക്കാൻ എല്ലാ മുൻകരുതലുകളും വീടുകളിൽ സ്വീകരിച്ചിരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

നിലവാരം കുറഞ്ഞ കേബിളുകൾ ഉപയോ​ഗിക്കുന്നതാണ് പലപ്പോഴും വീടുകളിലെ തീപിടിക്കുന്നതിന് കാരണമാവുന്നതെന്ന് ചൂണ്ടിക്കാട്ടിയ പൊലീസ്, പ്രഫഷണലുകളല്ലാത്ത ഇലക്ട്രീഷ്യൻമാരുടെ ജോലികളും വിനയാവാറുണ്ടെന്നും കൂട്ടിച്ചേർത്തു.

അടിയന്തര സാഹചര്യങ്ങളിലും കുറ്റകൃത്യങ്ങൾ അറിയിക്കാനും 999 എന്ന നമ്പറിൽ വിളിച്ചോ അമൻ സേവനത്തിലൂടെ 80002626 എന്ന നമ്പറിൽ ബന്ധപ്പെട്ടോ 2828 എന്ന നമ്പറിൽ സന്ദേശമയക്കുകയോ ചെയ്യണം.

Tags:    
News Summary - Heavy fines for illegal storage of flammable materials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.