ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച ഉച്ചയോടെ ശക്തമായ മഴ ലഭിച്ചു. ദുബൈ ദേരയിലും ഷാർജയിലെ വിവിധ ഭാഗങ്ങളിലുമാണ് ശക്തമായ മഴ പെയ്തത്. റോഡുകളിലെ കാഴ്ച മങ്ങുന്ന രീതിയിൽ മഴ പെയ്ത സാഹചര്യത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മഴ ശക്തമായതോടെ ദുബൈ നഗരപ്രദേശങ്ങളിലെ താപനില 22 ഡിഗ്രിയും മലയോരങ്ങളിൽ നാലു ഡിഗ്രി വരെയും കുറഞ്ഞിട്ടുണ്ട്. ദുബൈയിലെ അൽവർഖ, അന്താരാഷ്ട്ര വിമാനത്താവളം, അൽഅവീർ, അൽ ഖവാനീജ്, നദ്ദ് അൽഹമർ, അൽ റാശിദിയ, റാസൽ ഖോർ മേഖലകളിൽ ശക്തമായ മഴ പെയ്തതോടെ പല ഭാഗങ്ങളിലും വെള്ളം നിറഞ്ഞു. അബൂദബിയിലെ അൽഐനിൽ ജബൽ ഹഫീത്, അൽ ബദ മേഖലകളിൽ സാമാന്യം മഴ ലഭിച്ചതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വരുംദിവസങ്ങളിലും രാജ്യത്തിന്റെ കിഴക്കൻ, തീരദേശ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും ഈ സ്ഥലങ്ങളിൽ പകൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് ഈ ആഴ്ച സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കൂടുതലും മഴ ലഭിക്കുക. ദുബൈയിലും അബൂദബിയിലും ഇടിമിന്നലിനും സാധ്യതയുണ്ട്.
എന്നാൽ, ശനിയാഴ്ചയോടെ അന്തരീക്ഷം തെളിയുമെന്നും അധികൃതർ വ്യക്തമാക്കി. അന്തരീക്ഷ താപനില വിവിധയിടങ്ങളിൽ കുറയാനും മണിക്കൂറിൽ 40 കി.മീ. വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.