ദുബൈ: രാജ്യത്തിന്റെ വടക്ക്, കിഴക്ക് മേഖലയിൽ ശനിയാഴ്ച മുതൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കിഴക്ക് ഭാഗത്തുണ്ടാകുന്ന ന്യൂനമർദം അസ്ഥിരമായ കാലാവസ്ഥ സൃഷ്ടിക്കുമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനത്തിൽ തിമിർത്തുപെയ്ത മഴ കിഴക്കൻ എമിറേറ്റുകളിൽ ദുരിതം വിതച്ച സാഹചര്യത്തിലാണ് ജാഗ്രത പാലിക്കാൻ നിർദേശിച്ചിരിക്കുന്നത്.
മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച വരെ മഴ തുടരാനുള്ള സാധ്യതയാണ് നിലവിൽ കാണുന്നത്. മഴയെ തുടർന്ന് വെള്ളം നിറഞ്ഞ രാജ്യത്തെ വിവിധ ഡാമുകൾ കഴിഞ്ഞ ദിവസം തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
ശൗഖ, ബുറാഖ്, സിഫ്നി, അൽ അജ്ലി, മംദൂഹ്, വുർയഹ് എന്നീ ഡാമുകളിലെ വെള്ളമാണ് ഒഴിവാക്കിയത്. അണക്കെട്ടുകളിൽ സംഭരിക്കുന്ന അധിക ജലത്തിന്റെ സമ്മർദം ഒഴിവാക്കുന്നതിനും ഭാവിയിൽ മഴയെ നേരിടാനുള്ള മുൻകരുതൽ നടപടിയെന്ന നിലയിലുമാണ് വിവിധ ഗേറ്റുകൾ വഴി വെള്ളം തുറന്നുവിട്ടതെന്ന് അധികൃതർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.