ദുബൈ: കനത്ത മൂടൽമഞ്ഞ് റോഡിലെ ദൂരക്കാഴ്ച മറച്ചതോടെ അബൂദബിയിൽ 19 വാഹനങ്ങൾ നിരനിരയായി കൂട്ടിയിടിച്ച് അപകടത്തിൽപെട്ടു. അപകടത്തിൽ ഒരാൾ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ മഫ്റാഖിലേക്ക് പോകുന്ന പാതയിലെ മഖാദറ പ്രദേശത്താണ് അപകടം. കനത്ത മൂടൽമഞ്ഞ് റോഡിലെ ദൃശ്യപരത കുറച്ചതോടെ മറ്റ് വാഹനങ്ങളിൽനിന്ന് സുരക്ഷിതമായ ദൂരം നിലനിർത്തുന്നതിൽ പരാജയപ്പെട്ടതും റോഡിെൻറ അവസ്ഥയെക്കുറിച്ചുള്ള ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഭാരം കുറഞ്ഞതും ഭാരമേറിയതുമായ വാഹനങ്ങളുമെല്ലാം അപകടത്തിൽപെട്ടു. ഏഷ്യൻ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവരുടെ നില ഗുരതരമല്ലെന്നും എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.
അസ്ഥിര കാലാവസ്ഥ തുടരുന്ന രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രഭാതങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. പൂർണമായും കാഴ്ച മറയ്ക്കുന്ന തരത്തിൽ മൂടൽമഞ്ഞ് ശക്തിപ്പെട്ടതോടെ റോഡപകടങ്ങളും വർധിച്ചു. കഴിഞ്ഞദിവസം ദുബൈയിലും സമാനമായ രീതിയിൽ അപകടം നടന്നു.
ശക്തമായ മൂടൽ മഞ്ഞിൽ ഞായറാഴ്ച ദുബൈയിൽ മാത്രം 24 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടെണ്ണം വലിയ അപകടങ്ങളായിരുന്നു. രാവിലെ ആറിനും ഒമ്പതിനുമിടയിലെ മൂന്ന് മണിക്കൂർ കൊണ്ടാണ്, കാഴ്ചമറയ്ക്കുന്ന തരത്തിലുള്ള മൂടൽമഞ്ഞ് കാരണം ഇത്രയും അപകടങ്ങൾ സംഭവിച്ചത്. അപകടം കുറക്കാനായി, ദേശീയപാതകളിൽ ട്രക്കുകൾ സഞ്ചരിക്കുന്നത് തടയാൻ ഞായറാഴ്ച പുലർച്ച മുതൽ 'ഫോഗ് സിസ്റ്റം' പൊലീസ് നടപ്പാക്കിയിരുന്നു.
അബൂദബിയിൽ വാഹനങ്ങൾ കൂട്ടത്തോടെ അപകടത്തിൽപെട്ടതിനെ തുടർന്ന് വാഹനമോടിക്കുന്നവർക്കും യാത്രക്കാർക്കും കർശന നിർദേശങ്ങളാണ് അബൂദബി പൊലീസ് നൽകിയിരിക്കുന്നത്. മൂടൽമഞ്ഞ് സമയത്ത് വാഹനമോടിക്കുമ്പോൾ കനത്ത ജാഗ്രത പാലിക്കണമെന്നും റോഡിൽ മുഴുവൻ ശ്രദ്ധ ചെലുത്തണമെന്നും അബൂദബി പൊലീസ് ആവശ്യപ്പെട്ടു. എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്, ബാധകമായ വേഗത പരിധികൾ പാലിക്കാനായി ട്രാഫിക് നിർദേശങ്ങളും റോഡിലെ ചിഹ്നങ്ങളും കൃത്യമായ ശ്രദ്ധിച്ച് നിയന്ത്രിത വേഗതയിൽ മാത്രം വാഹനമോടിക്കണമെന്നും പൊലീസ് നിർദേശിച്ചു.
മൂടൽമഞ്ഞ് സമയത്ത് വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറക്കണമെന്ന് നേരത്തെ തന്നെ പൊലീസ് നിർദേശിച്ചിരുന്നു. വാഹനമോടിക്കുന്നവർ തങ്ങളുടെ വാഹനങ്ങൾ പരിശോധിക്കണമെന്നും ചുറ്റുമുള്ള വാഹനങ്ങളിൽനിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
അസ്ഥിരമായ കാലാവസ്ഥയിൽ ട്രാഫിക് നിർദേശങ്ങൾ പാലിക്കണം. വാഹനമോടിക്കുമ്പോൾ കൂടുതൽ ജാഗ്രത തുടരണം. ദൃശ്യപരത കുറവായതിനാൽ മൂടൽമഞ്ഞ് അല്ലെങ്കിൽ മഴയുള്ള കാലാവസ്ഥയിൽ ഉണ്ടാകുന്ന വാഹനാപകടങ്ങൾ വളരെ കഠിനമായിരിക്കുമെന്ന് ദുബൈ പൊലീസും വ്യക്തമാക്കി. എല്ലാസമയത്തും വേഗത പരിധി പാലിക്കണമെന്നും വേഗത കുറക്കണമെന്നും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും മൂടൽമഞ്ഞിൽ വാഹനമോടിക്കുമ്പോൾ ലൈറ്റുകളും ഹെഡ് ബീമുകളും ഓണാക്കണമെന്നും ദുബൈ പൊലീസ് വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു. അതിരാവിലെ എമിറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. എല്ലാവരും നിയമം പാലിക്കുകയും മോശം കാലാവസ്ഥയാണെങ്കിൽ വാഹനത്തിെൻറ വേഗംകുറച്ച് യാത്ര ചെയ്യണമെന്നും സുരക്ഷിതമായ അകലംപാലിച്ച് വേണം ഇത്തരം സമയങ്ങളിൽ വാഹനമോടിക്കാനെന്നും ദുബൈ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെയും അഭ്യർഥിച്ചു.
ദുബൈ: അബൂദബിയിൽ ഹെവി വാഹനങ്ങൾക്ക് മൂടൽമഞ്ഞ് സമയത്ത് നിരോധനം ഏർപ്പെടുത്തി. ട്രക്കുകൾ, ബസുകൾ തുടങ്ങി ഹെവി വാഹനങ്ങളൊന്നും മൂടൽമഞ്ഞ് ഉള്ളപ്പോൾ റോഡിലൂടെ സഞ്ചരിക്കാൻ പാടില്ല.
മഞ്ഞ് മാറി ദൂരക്കാഴ്ച തിരിച്ചെത്തിയശേഷം മാത്രമേ ഇത്തരം വാഹനങ്ങൾ യാത്ര തുടരാൻ പാടുള്ളു. ഉൾപ്രദേശത്തെ റോഡുകളിലും വിലക്ക് ബാധകമാണ്. നിയമം ലംഘിച്ചാൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയൻറും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.