ദുബൈ: ട്രക്കുകൾ അടക്കമുള്ള ഹെവി വാഹനങ്ങൾ മലിനീകരണം കുറക്കുന്നതിന് നിർണയിച്ചിട്ടുള്ള നിർദേശങ്ങൾ പാലിക്കുന്നതിൽ മാതൃകാപരമായ രീതിയാണ് പിന്തുടരുന്നതെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഒരാഴ്ച നീണ്ട പരിശോധനയിൽ 98 ശതമാനം വാഹനങ്ങളും നിയമം പാലിക്കുന്നതായി കണ്ടെത്തിയെന്നും വാണിജ്യ ഗതാഗത സ്ഥാപനങ്ങളെ പ്രശംസ അറിയിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു. ആർ.ടി.എയിലെ ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്ററിങ് വകുപ്പിന്റെ ഫീൽഡ് ടീമംഗങ്ങളാണ് പരിശോധനയും ബോധവത്കരണവും നടത്തിയത്.
ദുബൈ പൊലീസ് ട്രാഫിക് വിഭാഗവുമായും എമിറേറ്റ്സ് ട്രാൻസ്പോർട്ടുമായും സഹകരിച്ചാണ് ആർ.ടി.എ പരിശോധന നടത്തിയത്. ഹെവി വാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ മലിനീകരണത്തെക്കുറിച്ച് ബോധവത്കരിക്കുകയെന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യംവെച്ചത്. ദുബൈയിലെ വിവിധ റോഡുകളിലും സ്ട്രീറ്റുകളിലുമാണ് പരിശോധനകൾ നടന്നത്.
ആർ.ടി.എയുടെ ലക്ഷ്യങ്ങളുടെ ഭാഗമായ സുസ്ഥിരത, ആരോഗ്യം, സുരക്ഷ എന്നിവ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കാമ്പയിൻ രൂപപ്പെടുത്തിയത്. ചരക്ക് ഗതാഗത ട്രക്കുകൾ അടക്കം കാർബൺ പുറന്തള്ളുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ടെന്ന് ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്ററിങ് വകുപ്പ് ഡയറക്ടർ ഈസ അൽ അമീരി പ്രസ്താവനയിൽ പറഞ്ഞു. 98 ശതമാനം വാഹനങ്ങളും പൂർണമായും നിയമം പാലിക്കുന്നതായി കണ്ടെത്തിയത് കമ്പനികളുടെ പ്രതിബദ്ധതയെയാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആർ.ടി.എ വിവിധ കാമ്പയിനുകൾ നടത്തിവരുന്നുണ്ട്. ഇതിലൂടെ രാജ്യത്തിന്റെ സുസ്ഥിരത പദ്ധതികളെ ശക്തിപ്പെടുത്തുകയും പരിസ്ഥിതി വെല്ലുവിളികളെ നേരിടുകയുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.