ദുബൈ: എയ്റോഗൾഫ് ഉടമസ്ഥതയിലുള്ള ഹെലികോപ്ടർ ദുബൈ കടലിൽ തകർന്നുവീണു. ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരെ കാണാതായിട്ടുണ്ടെന്നും തിരച്ചിൽ നടക്കുകയാണെന്നും യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബെൽ 212 മീഡിയം മോഡൽ ഹെലികോപ്ടർ ദുബൈ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് പറന്നുയർന്നത്. പരിശീലനത്തിന്റെ ഭാഗമായതിനാൽ യാത്രക്കാരുണ്ടായിരുന്നില്ല. കാണാതായ പൈലറ്റുമാരിൽ ഒരാൾ ഈജിപ്തുകാരനും മറ്റൊരാൾ ദക്ഷിണാഫ്രിക്കൻ പൗരനുമാണ്. ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, പൈലറ്റുമാർക്കായി തിരച്ചിൽ തുടരുകയാണ്.സാധാരണ പരിശീലനത്തിന്റെ ഭാഗമായി പറന്നുയർന്ന ഹെലികോപ്ടർ രാത്രി 8.07നാണ് തകർന്നതെന്ന് എയ്റോഗൾഫ് സ്ഥിരീകരിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ വകുപ്പുമായി സഹകരിച്ച് തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചശേഷം പങ്കുവെക്കുമെന്നും കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് വാണിജ്യാടിസ്ഥാനത്തിൽ സേവനം നൽകുന്ന കമ്പനിയാണ് എയ്റോഗൾഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.