ദുബൈ: ഒരൊറ്റ പൊലീസുകാരനില്ലെങ്കിലും പരാതി നൽകാനും പരിഹാരം തേടാനും കഴിയുന്ന ദുബൈയിൽ സ്മാർട്ട് പൊലീസ് സ്റ്റേഷന് മികച്ച പ്രതികരണം. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 4,600ൽപരം ഇടപാടുകളാണ് സ്മാർട്ട് പൊലീസ് സ്റ്റേഷനിൽ നടന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെയൊന്നും സഹായമില്ലാതെ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ദുബൈ സിലിക്കൺ ഒയാസിസിലെ സ്മാർട്ട് പൊലീസ് സ്റ്റേഷനിലാണ് ഇത്രയധികം പേരെത്തി പൊലീസ് സേവനങ്ങൾ തേടിയത്. 2020 സെപ്റ്റംബറിലാണ് സിലിക്കൺ ഒയാസിസിൽ സ്മാർട്ട് പൊലീസ് സ്റ്റേഷൻ ആരംഭിച്ചത്. ലോകത്തിലെ തന്നെ മികച്ച സ്മാർട്ട് സ്റ്റേഷൻ കാണുന്നതിന് ഇതിനിടെ 21,300ഓളം സന്ദർശകരും ഇവിടെയെത്തി.
സിലിക്കൺ ഒയാസിസിലെ സ്മാർട്ട് സ്റ്റേഷനിൽ ഏഴ് ഭാഷകളിലായാണ് സേവനം നൽകുന്നത്. 60ലധികം സ്മാർട്ട് സേവനങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളില്ലാതെ പൊതുജനങ്ങൾക്ക് നൽകുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ നല്ല പെരുമാറ്റ സർട്ടിഫിക്കറ്റുകൾ, ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, അനുമതി സാക്ഷ്യപത്രങ്ങൾ എന്നിവക്കുള്ള അപേക്ഷകൾ സ്വീകരിച്ച് സേവനം നൽകിയ സ്മാർട്ട് സ്റ്റേഷൻ ട്രാഫിക് പിഴ അടക്കുന്നതിനും ദുബൈ പൊലീസ് നൽകുന്ന മറ്റു പ്രധാന സേവനങ്ങൾക്കും സൗകര്യമൊരുക്കി.
എമിറേറ്റിലുടനീളം ദുബൈ പൊലീസ് സ്ഥാപിച്ച സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾക്കൊപ്പമുള്ള ഗുണപരമായ കൂട്ടിച്ചേർക്കലാണ് സിലിക്കൺ ഒയാസിസിലെ സ്മാർട്ട് സ്റ്റേഷൻ. മനുഷ്യരുടെ ഇടപെടലില്ലാതെ തന്നെ സന്ദർശകർക്കും പൗരന്മാർക്കും താമസക്കാർക്കും സ്മാർട്ട് സേവനങ്ങൾ ഇതു സാധ്യമാക്കുന്നു -ദുബൈ പൊലീസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിഭാഗം ജനറൽ ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് ആൽ റസൂഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.