അബൂദബി: പെരുന്നാൾ അവധി ദിവസങ്ങളിൽ അബൂദബിയിലും ദുബൈയിലും പാർക്കിങ് സൗജന്യമാക്കി. അബൂദബിയിൽ ടോളും സൗജന്യമാണ്.ചൊവ്വാഴ്ച മുതൽ പൊതുഅവധി അവസാനിക്കുന്നതുവരെയാണ് (വെള്ളിയോ, ശനിയോ) ആനുകൂല്യം.
ദുബൈയിൽ മൾട്ടിലെവൽ പാർക്കിങ് ഒഴികെയുള്ള സ്ഥലങ്ങളിൽ പാർക്കിങ് സൗജന്യമാണെന്ന് ആർ.ടി.എ അറിയിച്ചു.അബൂദബിയിൽ 'ഡാർബ്' ട്രാഫിക് ടോളും സൗജന്യമാക്കിയതായി മുനിസിപ്പാലിറ്റീസ് ആൻഡ് ഗതാഗത വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗതാഗത കേന്ദ്രം അറിയിച്ചു.
എം 18ലെ ട്രക്ക് പാർക്കിങ് യാർഡിലെ പാർക്കിങ് ഫീസ് ഈ കാലയളവിൽ സൗജന്യമായിരിക്കും.എന്നാൽ, നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും മറ്റ് വാഹനങ്ങളുടെ സഞ്ചാരത്തിന് തടസ്സമുണ്ടാക്കരുതെന്നും പാർക്കിങ്ങിനായി നിശ്ചയിച്ച സ്ഥലങ്ങളിൽ ശരിയായി വാഹനം നിർത്തണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
എന്നാൽ, താമസക്കാർക്കായി നിശ്ചയിച്ച സ്ഥലങ്ങളിൽ രാത്രി ഒമ്പത് മുതൽ രാവിലെ എട്ടുവരെ മറ്റുവാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ അറിയിച്ചു.അബൂദബി നഗരത്തിലേക്കും നഗരത്തിൽനിന്ന് പുറത്തേക്കുമുള്ള പാതകളിൽ ശൈഖ് സായിദ് പാലം, മക്തപാലം, മുസഫ പാലം, ശൈഖ് ഖലീഫ പാലം എന്നിവിടങ്ങളിലെ ദർബ് ടോൾ ഗേറ്റുകളിലൂടെ കടന്നുപോകുന്നതിന് ഫീസ് ഈടാക്കില്ല.
വെള്ളിയാഴ്ചയും പൊതുഅവധി ദിവസങ്ങളിലും മുമ്പ് നിശ്ചയിച്ചതനുസരിച്ച് ഈദുൽ ഫിത്ർ അവധിദിവസങ്ങളിലും പൊതു ഗതാഗത ബസ് സർവിസുകൾ സമയമാറ്റമില്ലാതെ പ്രവർത്തിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ബസ് സർവിസ് സമയം സംബന്ധിച്ച വിവരങ്ങൾക്ക് www.itc.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 800 88888 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ സ്മാർട്ട് 'ദർബ്' ആപ് സന്ദർശിക്കുകയോ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.