അബൂദബി: ഔഖാഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യന്‍ സോഷ്യല്‍, കള്‍ചറല്‍ സെന്റര്‍ (ഐ.എസ്.സി) അബൂദബി സംഘടിപ്പിക്കുന്ന ഏഴാമത് ഖുര്‍ആന്‍ പാരായണ മത്സരത്തിന് ചൊവ്വാഴ്ച തുടക്കമാകും. സ്വദേശികളെയും പ്രവാസി സമൂഹത്തെയും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനും ഹൃദിസ്ഥമാക്കുന്നതിനും പ്രചോദിപ്പിക്കുന്നതാണ് ത്രിദിന ഖുര്‍ആന്‍ പാരായണ മത്സരമെന്ന് ഐ.എസ്.സി പ്രസിഡന്റ് ഡി. നടരാജന് പറഞ്ഞു.
നാലു വിഭാഗങ്ങളിലായാണ് മത്സരം. ആദ്യ വിഭാഗം ഖുര്‍ആന്റെ 15 ഭാഗങ്ങളില്‍ നിന്നുള്ളതായിരിക്കും. 25 വയസ്സാണ് ഈ വിഭാഗത്തിലെ പ്രായപരിധി. 10 ഭാഗങ്ങളില്‍നിന്നുള്ള മത്സരമാണ് രണ്ടാം വിഭാഗം. 20 വയസ്സാണ് ഈ വിഭാഗത്തിന്റെ പ്രായപരിധി. അഞ്ചുഭാഗങ്ങളില്നിന്നുള്ള മൂന്നാം വിഭാഗ മത്സരത്തില്‍ 15 വയസ്സാണ് പ്രായപരിധി. പാരായണം, തജ്വീദ് മത്സരമാണ് നാലാം വിഭാഗം. ഇത് എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്.
ഔഖാഫ് മന്ത്രാലയം അംഗീകരിച്ച ജഡ്ജിങ് പാനലാണ് വിധി നിര്‍ണയം നടത്തുക. യു.എ.ഇ പൗരന്മാര്ക്കും സാധുവായ റെസിഡന്‍സി വിസയുള്ള പ്രവാസികള്‍ക്കുമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമെന്ന് ഐ.എസ്.സി ജനറല്‍ സെക്രട്ടറി പി. സത്യബാബു പറഞ്ഞു. ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് കാഷ് പ്രൈസും മെമന്റോകളും നല്‍കും.
ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും ഉണ്ടാവും. ശനിയാഴ്ചയാണ് സമ്മാന വിതരണം. മത്സരത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.