1755 ഏപ്രിൽ 10ന് ജർമനിയിൽ ജനിച്ച, ഹോമിയോപ്പതിയുടെ സ്ഥാപകനും ജർമൻ ഭിഷഗ്വരനുമായ ഡോ. ക്രിസ്റ്റ്യൻ ഫ്രെഡറിക് സാമുവൽ ഹാനിമാന്റെ ജന്മദിനത്തിന്റെ സ്മരണക്കായി എല്ലാ വർഷവും ഏപ്രിൽ 10ന് ലോക ഹോമിയോപ്പതി ദിനം ആചരിക്കുന്നു. ഒരുകാലത്ത് യു.എ.ഇ അകറ്റിനിർത്തിയിരുന്ന ചികിത്സ സമ്പ്രദായമായിരുന്നു ഹോമിയോപ്പതി. എന്നാൽ, ഇന്ന് യു.എ.ഇയിലെ ആരോഗ്യ പരിപാലന രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിൽ പലതും ഹോമിയോപ്പതി ചികിത്സ, തങ്ങളുടെ സേവനങ്ങളുടെ ഭാഗമായി മാറിക്കഴിഞ്ഞു. പ്രധാനപ്പെട്ട എല്ലാ ഫാർമസികളിലും ഇന്ന് ഹോമിയോ മരുന്നുകൾ ലഭ്യമാണ്. എല്ലാ എമിറേറ്റ്സിലും പ്രഗത്ഭരായ ഹോമിയോ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. ഹോമിയോപ്പതി യു.എ.ഇയിലെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ പരിപാലന രംഗത്ത് ഇടംനേടിയിട്ടുണ്ട്. ഹോമിയോപ്പതി ചികിത്സ എല്ലാ പ്രായക്കാർക്കും രോഗാവസ്ഥകൾക്കും അനുയോജ്യമാണ്.
മാനസികവും പെരുമാറ്റപരവുമായ തകരാറുകൾ, ഇ.എൻ.ടി, ത്വഗ് രോഗങ്ങൾ, ഗ്യാസ്ട്രോ ഡിസീസ് എന്നിവ ഹോമിയോപ്പതിയിലൂടെ ചികിത്സിക്കാം. കോവിഡിന് ശേഷമുള്ള ചികിത്സകൾക്ക് ഹോമിയോപ്പതി വളരെ പ്രയോജനകരമാണ്. നിലവിലെ സാഹചര്യത്തിലും മെഡിക്കൽ രംഗത്തെ ഭാവിയിലും ഹോമിയോപ്പതിക്ക് വലിയ സ്ഥാനമുണ്ട്. യു.എ.ഇയുടെ 50ാം വാർഷികത്തിൽ അഭിനന്ദന സൂചകമായും സമൂഹത്തിന് തിരിച്ചുനൽകുക എന്ന ലക്ഷ്യത്തോടെയും ഏപ്രിൽ 11ന്, യു.എ.ഇയിലുടനീളമുള്ള 40ലധികം ക്ലിനിക്കുകൾ സൗജന്യ കൺസൽട്ടേഷനുകൾ വാഗ്ദാനം ചെയ്യുന്നു. സൗജന്യ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് ഏത് ക്ലിനിക്കുമായും ബന്ധപ്പെടാം. ഇനി ഹോമിയോപ്പതിയുടെ ചരിത്രവും പ്രാധാന്യവും പരിശോധിക്കാം. 1796ലാണ് സാമുവൽ ഹാനിമാൻ ഹോമിയോപ്പതി കണ്ടുപിടിച്ചത്. വേഗമേറിയതും സൗമ്യവും ശാശ്വതവും സുരക്ഷിതവും വിശ്വസനീയവുമായ ചികിത്സ എന്ന ആശയം അവതരിപ്പിച്ചുകൊണ്ട് ആരോഗ്യവും രോഗശാന്തിയും സംബന്ധിച്ച മുഴുവൻ ആശയങ്ങളിലും അദ്ദേഹം വിപ്ലവം സൃഷ്ടിച്ചു. രോഗശാന്തി ആരംഭിക്കുന്നത് ഉള്ളിൽ നിന്നാണ്. ശരീരത്തിന് സ്വയം സുഖപ്പെടുത്താൻ കഴിയുമെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയ ചികിത്സാ സമ്പ്രദായമാണ് ഹോമിയോപ്പതി. സസ്യങ്ങൾ, ധാതുക്കൾ, മറ്റ് പ്രകൃതിദത്ത ഉൽപന്നങ്ങൾ എന്നിവ ചെറിയ അളവിൽ ഹോമിയോപ്പതി മരുന്ന് നിർമിക്കാൻ ഉപയോഗിക്കുന്നു. ഇത് രോഗശാന്തി പ്രക്രിയയെ ഉത്തേജിപ്പിക്കുന്നു. ഹോമിയോപ്പതി മരുന്നുകൾ കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ഗർഭിണികൾക്കും സുരക്ഷിതമായി നൽകാം. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ഹോമിയോപ്പതിയാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന രണ്ടാമത്തെ ചികിത്സാരീതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.