മലയാളികളുടെ സത്യസന്ധത; ഇന്ത്യൻ ശാസ്ത്രജ്ഞന് പഴ്സ് തിരികെ ലഭിച്ചു

ദുബൈ: ഇന്ത്യൻ ശാസ്ത്രജ്ഞന്‍റെ നഷ്ടപ്പെട്ട പഴ്സ് തിരികെ നൽകി മലയാളി യുവാക്കൾ. കണ്ണൂർ പാനൂർ പാറാട് സ്വദേശി നൗഫൽ വലിയവീട്ടിലും പേരാവൂർ സ്വദേശി നിഫ്സലുമാണ് വഴിയിൽനിന്ന് ലഭിച്ച പണവും സ്വർണനാണയവും രേഖകളും അടങ്ങിയ പഴ്സ് ഉടമക്ക് നൽകിയത്. ഹിമാചൽപ്രദേശുകാരനായ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. പരാഗ് നിഗമിന്‍റെ പഴ്സാണ് നഷ്ടപ്പെട്ടത്.

ദുബൈ ഇൻഡസ്ട്രിയൽ ഏരിയയിലെ തലാൽ സൂപ്പർ മാർക്കറ്റിലെ മാനേജറായ നൗഫറും സഹപ്രവർത്തകൻ നിഫ്സലും സ്ഥാപനം പൂട്ടി രാത്രി 12ന് താമസസ്ഥലത്തേക്കു പോയപ്പോഴാണ് പഴ്സ് ലഭിച്ചത്. 665 ഡോളറും (ഏകദേശം 50,000 രൂപ) സ്വർണനാണയവും അതിൽ ഉണ്ടായിരുന്നു. ഇന്ത്യൻ ബാങ്കിന്‍റെ എ.ടി.എം കാർഡും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കാർഡും ഉണ്ടായിരുന്നെങ്കിലും വിലാസം തിരിച്ചറിയാൻ മാർഗമില്ലായിരുന്നു.

തൊട്ടടുത്തദിവസം അടുത്തുള്ള ഷോപ്പുകളിൽ വിവരം അറിയിച്ചിരുന്നു. രണ്ടു ദിവസമായിട്ടും ആരും എത്താതെ വന്നതോടെ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി നസീറിനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം അസോസിയേഷന്‍റെ ഓഫിസ് സെക്രട്ടറിയുമായി ബന്ധപ്പെട്ടു. പഴ്സിൽനിന്ന് ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പരാഗ് നിഗമിനെ വിവരമറിയിച്ചു. വെറ്ററിനറി ഡോക്ടറായ പരാഗ് മുൻ സൈനിക ഉദ്യോഗസ്ഥൻ കൂടിയാണ്. യു.എ.ഇയിൽ വിസിറ്റിനെത്തിയതാണെന്നും സുഹൃത്തിനൊപ്പം നഹ്ദയിൽ താമസിച്ച് മടങ്ങിയപ്പോഴാണ് പഴ്സ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

താൻ നാട്ടിൽ എത്തിയെന്നും സുഹൃത്തായ ഡോ. ഷാഫിയെ പഴ്സ് ഏൽപിച്ചാൽ മതിയെന്നും അദ്ദേഹം അറിയിച്ചു. ഇതിനു പിന്നാലെ നന്ദി അറിയിച്ചുകൊണ്ട് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ലെറ്റർപാഡിൽ കത്ത് അയക്കുകയും ചെയ്തു.

Tags:    
News Summary - Honesty of Malayalees; The Indian scientist returned the purse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.