ദുബൈ: പ്രവാസി മലയാളികളായ കലാകാരന്മാരെ ആദരിച്ച് യു.എ.ഇ സ്വദേശികളുടെ സാംസ്കാരിക മജ്ലിസ്. ദുബൈയിലെ എടരിക്കോട് കോൽക്കളി സംഘത്തിലെ കലാകാരന്മാരെയാണ് ബിൻ ഷമ്മ കൾച്ചറൽ ആൻഡ് സോഷ്യൽ കൗൺസിൽ ദേര കൾച്ചറൽ സെന്റർ ആദരിച്ചത്. കൾച്ചറൽ സെന്റർ മേധാവി ഒമർ ഘോബെഷിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.
കേരളത്തിന്റെ നാടൻ കലാരൂപമായ കോൽക്കളി തനത് രൂപത്തിൽ പരിചയപ്പെടുത്തുകയും അതിനെ സജീവമാക്കി നിലനിർത്തുകയും ചെയ്തതിനാണ് ആദരം. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരു കലാസംഘത്തെ ബിൻ ഷമ്മ കൾച്ചറൽ ആൻഡ് സോഷ്യൽ കൗൺസിൽ ആദരിക്കുന്നത്. കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ 18 തവണ കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടിയവര്‍ കൂടിയാണ് എടരിക്കോട്ടേ കലാകാരന്മാര്. ചടങ്ങില്‍ മാധ്യമപ്രവർത്തകൻ ഇസ്മായിൽ മേലടി കോൽക്കളിയുടെ ചരിത്രം അറബിയിൽ പരിചയപ്പെടുത്തുകയും സംഘം കോൽക്കളി അവതരിപ്പിക്കുകയും ചെയ്തു. ഇമാറാത്തി കവി ഡോ. അബ്ദുല്ല ബിൻ ഷമ്മ അധ്യക്ഷത വഹിച്ചു. ഉമർ ഘോബെഷ്, എ.കെ. ഫൈസൽ, അസീസ് മണമ്മൽ, ഷബീബ് എടരിക്കോട് തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ 15 വർഷത്തിലധികമായി എടരിക്കോട് കലാകാരന്മാർ മാപ്പിള കലകളിൽ യു.എ.ഇയിൽ സജീവമാണ്. ഇതിനകംതന്നെ 200ലധികം വേദികളിൽ കോൽക്കളിക്ക് പുറമെ ആൺകുട്ടികളുടെ ഒപ്പന, ദഫ്മുട്ട് എന്നിവയും സംഘം അവതരിപ്പിച്ച് വരുന്നു. ദുബൈയിൽ നടന്ന വേൾഡ് എക്സ്പോയിലും രണ്ടുതവണ സംഘം കോൽക്കളി അവതരിപ്പിച്ചിട്ടുണ്ട്. ഫവാസ് എം, ശിഹാബുദ്ദീൻ പി, അഫ്സൽ പതിയിൽ, ആസിഫ് സി, അനസ് ടി.ടി, ആഷിക് അസ്ലം, മുഹമ്മദ് അജ്മൽ എം.പി, ആസിഫ് വി, കെ. നിസാമുദ്ദീൻ, ഫാസിൽ മുണ്ടശ്ശേരി, ശാസ് ജുനൈദ്, എ.ടി. മഹറൂഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.