ദുബൈ: യു.എ.ഇയുടെ ചൊവ്വാദൗത്യത്തിെൻറ വിജയം ഏറ്റെടുത്ത് അറബ് ലോകം. ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും യു.എ.ഇക്ക് അകമഴിഞ്ഞ അഭിനന്ദനങ്ങൾ അർപ്പിച്ചു. അറബ് ലോകത്തെ ആദ്യ ചൊവ്വ ദൗത്യം വിജയിച്ചതോടെ അറബ് രാജ്യങ്ങളിലെ ചരിത്രപ്രധാന മന്ദിരങ്ങൾ ചുവപ്പണിഞ്ഞ് ആശംസനേർന്നു. യു.എ.ഇക്ക് അഭിനന്ദനമറിയിക്കുന്നതായി അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബൂൽ ഗെയ്ത് പറഞ്ഞു. പതിറ്റാണ്ടുകളായി സർക്കാർ പിന്തുണയോടെ അക്കാദമിക്, ശാസ്ത്ര മേഖലയിൽ യു.എ.ഇ നടത്തിയ നിക്ഷേപങ്ങളുടെ ഫലമാണ് ഈ വിജയംമെന്നും അദ്ദേഹം പറഞ്ഞു. ആഗോള വിജ്ഞാന ലോകത്ത് അറബികളുടെ പേര് എഴുതി ചേർത്ത മിഷനാണിെതന്നും അദ്ദേഹം പറഞ്ഞു.
ശൈഖ് മുഹമ്മദിനും മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിനും ഇമാറാത്തി ജനതക്കും അഭിവാദ്യം അർപ്പിക്കുന്നുവെന്ന് സൗദി സ്പേസ് കമീഷൻ ചെയർമാൻ പ്രിൻസ് സുൽത്താൻ ബിൻ സൽമാൻ പറഞ്ഞു. ഈ നേട്ടം വികസിത രാജ്യങ്ങൾക്കിടയിൽ യു.എ.ഇയുടെ സ്ഥാനം ശക്തമാക്കും. ബഹിരാകാശ ദൗത്യങ്ങളിൽ സൗദിയുടെ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ശൈഖ് ഖലീഫക്ക് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അഭിനന്ദന സന്ദേശം അയച്ചു. യു.എ.ഇ നേതൃത്വത്തിെൻറ ദീർഘവീക്ഷണമുള്ള നടപടികളാണ് മിഷെൻറ വിജയത്തിന് കാരണമെന്നും അവർക്കും ഇമാറാത്തി ജനതക്കും എല്ലാ വിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നും അേദ്ദഹം പ്രാർഥിച്ചു.
യു.എ.ഇ പ്രസിഡൻറിന് ഒമാൻ സുൽത്താൻ ഹൈത്തം ബിൻ താരിക് അഭിനന്ദന സന്ദേശം അയച്ചു. ബഹിരാകാശത്ത് വിപ്ലവമുണ്ടാക്കുന്ന ചരിത്രദൗത്യം വിജയിപ്പിച്ച യു.എ.ഇയിലെ സഹോദരൻമാർക്ക് അഭിനന്ദനം അറിയിക്കുന്നതായി സന്ദേശത്തിൽ വ്യക്തമാക്കി. അറബ് രാജ്യങ്ങൾക്ക് പുറമെ ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളും യു.എ.ഇക്ക് അഭിനന്ദനവുമായി എത്തി. ചരിത്രപരമായ നേട്ടത്തിൽ യു.എ.ഇ രാഷ്ട്ര നേതാക്കളെ അഭിനന്ദിക്കുന്നതായി ഇന്ത്യൻ അംബാസഡർ പവൻ കപൂറും കോൺസൽ ജനറൽ അമൻ പുരിയും അറിയിച്ചു. ഈ മേഖലയിലും ഇരുരാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. ചൊവ്വാ ദൗത്യം വിജയിപ്പിച്ച യു.എ.ഇക്ക് അഭിനന്ദനം അറിയിക്കുന്നതായി നാസ ട്വീറ്റ് ചെയ്തു.
ആഘോഷമാക്കി യു.എ.ഇ ജനത
ദുബൈ: രാജ്യത്തിെൻറ രണ്ടാം ദേശീയ ദിനം എന്നാണ് ചൊവ്വാ നേട്ടത്തെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ വിശേഷിപ്പിച്ചത്. മിഷൻ വിജയിച്ചതിന് തൊട്ടുപിന്നാലെ തുടങ്ങിയ ആഘോഷം നേരം പുലരുവോളം നീണ്ടു. രാജ്യത്തെ സർക്കാർ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും താമസ സ്ഥലങ്ങളുമെല്ലാം ചുവപ്പിൽ കുളിച്ചാണ് ആഹ്ലാദത്തിൽ പങ്കെടുത്തത്.
യു.എ.ഇയുടെ 50ാം വാർഷികാഘോഷത്തിെൻറ തുടക്കമാണിതെന്നായിരുന്നു ശൈഖ് മുഹമ്മദിെൻറ പ്രസ്താവന. അതിനനുസൃതമായ ആഘോഷമാണ് രാജ്യത്തുടനീളം സംഘടിപ്പിച്ചത്. ബുർജ് ഖലീഫയുടെ താഴെയുള്ള ബുർജ് പാർക്കിൽ ആഘോഷത്തിനായി തടിച്ചുകൂടിയത് നൂറുകണക്കിനാളുകളാണ്. ഇമാറാത്തികൾക്ക് പുറമെ പ്രവാസികളും യു.എ.ഇയുടെ ആഘോഷത്തിൽ പങ്കുചേർന്നു. സോഷ്യൽ മീഡിയയിൽ പ്രവാസികൾ യു.എ.ഇക്ക് ആദരമർപ്പിച്ചു.
ഈ ആഴ്ച എത്തും ആദ്യ ചിത്രം
ദുബൈ: ഹോപ്പിൽ നിന്നുള്ള ആദ്യ ചിത്രം ഈ ആഴ്ചതന്നെ ലഭിക്കും. മാർസ് മിഷൻ ഡയറക്ടർ ഒംറാൻ ഷറഫാണ് വാർത്തസമ്മേളനത്തിൽ പ്രത്യാശ പ്രകടിപ്പിച്ചത്. രണ്ട് മാസത്തിനുള്ളിൽ സുപ്രധാന വിവരങ്ങൾ ഹോപ് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോപ് സുരക്ഷിത നിലയിലാണ്. എല്ലാം കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. അതികഠിനമായ ദിവസമായിരുന്നു ചൊവ്വാഴ്ച. എങ്കിലും നമ്മൾ വിജയം നേടി. ചൊവ്വയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന് അടുത്ത രണ്ട് മാസം സയൻസ് ഭ്രമണപഥത്തിലൂടെ സഞ്ചരിക്കണം. അതിന് മുമ്പ് ട്രാൻസ്ഫർ ഓർബിറ്റിലൂടെ സഞ്ചരിക്കണം. യു.എ.ഇ ജനത ഞങ്ങളിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞുവെന്നും മിഷൻ പരാജയപ്പെട്ടാലും അത് മനസ്സിലാക്കാനുള്ള സന്നദ്ധത അവർക്കുണ്ടായിരുന്നുവെന്നും ഒംറാൻ ഷറഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.