പുസ്തകങ്ങൾക്കും വായനക്കും പേരുകേട്ട ഇടമാണ് ഷാർജ. അറിവ് പകരാനായി നിരവധി പരിപാടികളും ഷാർജയിൽ നടക്കാറുണ്ട്. എന്നാൽ 2019ൽ ലോക പുസ്തക തലസ്ഥാനപ്പട്ടം ഷാർജക്ക് നേടിക്കൊടുത്ത ഹൗസ് ഓഫ് വിസ്ഡത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ബാഗ്ദാദിലെ ഹൗസ് ഓഫ് വിസ്ഡത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച ഈ സൗധം പേരുപോലെത്തന്നെ അറിവിനും വിജ്ഞാനത്തിനുമുള്ള ഇടമാണ്. 3,05,000 പുസ്തകങ്ങളുള്ള ലൈബ്രറിയാണ് ഇവിടുത്തെ പ്രത്യേകത. 11,000 വ്യത്യസ്ത ഭാഷകളിലെ പുസ്തകങ്ങളും 2,00,000 പുസ്തകങ്ങൾ ഡിജിറ്റൽ ഫോർമാറ്റിലും ലൈബ്രറിയിലുണ്ട്. 2019ൽ യുനസ്കോ ലോക പുസ്തക തലസ്ഥാന പട്ടം ഷാർജക്ക് വാങ്ങിക്കൊടുത്തതും ഹൗസ് ഓഫ് വിസ്ഡമാണ്.
ഷാർജ എയർപോർട്ട് റോഡിനോട് ചേർന്ന് യൂണിവേഴ്സിറ്റി സിറ്റിക്കടുത്താണ് ഹൗസ് ഓഫ് വിസ്ഡം സ്ഥിതിചെയ്യുന്നത്. 12,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള കെട്ടിടത്തിലാണ് മനോഹരമായ ലൈബ്രറി ഒരുക്കിയിരിക്കുന്നത്. വായനയും പുസ്തകവും ഇഷ്ടപ്പെടുന്നവർക്ക് ഇവിടെയെത്താം. ശാന്തമായ അന്തരീക്ഷത്തിൽ പുസ്തകം വായിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ലോകത്തെ മുൻനിര ഡിസൈൻ-എൻജിനീയറിങ് സ്ഥാപനമായ 'ഫോസ്റ്റർ പ്ലസ് പാർട്നേഴ്സു'മായി ഴ്ന്നാണ് ഹൗസ് ഓഫ് വിസ്ഡം നിർമ്മിച്ചത്.
വ്യത്യസ്ത നിർമ്മാണ ശൈലികൊണ്ടും ഹൗസ് ഓഫ് വിസ്ഡം ശ്രദ്ധേയമാണ്. പരമ്പരാഗത അറബ് രീതികളും ഇവിടെയൊരുക്കിയിട്ടുണ്ട്. ചെടികളും പച്ചപ്പുമൊക്കെയായി മനോഹരമായ നടുമുറ്റവും പൂന്തോട്ടവും വിശാലമായ പാർക്കിങ് സൗകര്യവും ഇവിടെയൊരുക്കിയിട്ടുണ്ട്. ചർച്ചാമുറികളും വായനാമുറികളും പരിശീലനശാലകളും റസ്റ്ററന്റും കഫെയും കുട്ടികൾക്കായുള്ള കളിയിടവും ഇവിടെയുണ്ട്. പുസ്തകങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന സ്മാരകശിൽപവും ഹൗസ് ഓഫ് വിസ്ഡത്തിനു മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.
പണ്ടുകാലത്ത് പരസ്പരം സന്ദേശങ്ങൾ കൈമാറാനും എഴുത്തുകൾ രേഖപ്പെടുത്തിവെക്കാനും ഉപയോഗിച്ചിരുന്ന ചുരുളിന്റെ രൂപത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. ലോകപ്രശസ്ത ബ്രിട്ടീഷ് കലാകാരനായ ജെറി ജൂദയാണ് ഈ ചുരുളിന്റെ ശില്പി. 240 ടൺ കോൺക്രീറ്റ് അടിത്തറയിൽ 72 ടൺ സ്റ്റീൽ ഉപയോഗിച്ച്, കത്തുന്ന പന്തത്തിന്റെ രൂപത്തിൽ നിർമ്മിച്ച ഈ ശിൽപ്പത്തിന് 36 മീറ്റർ ഉയരമുണ്ട്. പുസ്തകങ്ങൾക്കും സാഹിത്യത്തിനുമുള്ള ഇടം മാത്രമല്ല, പഠനത്തിനായുള്ള ഒരു സാമൂഹിക കേന്ദ്രവും എക്സിബിഷൻ ഇടങ്ങളും ഫാബ്രിക്കേഷൻ ലാബ്, പ്രിന്റ്-ഓൺ-ഡിമാൻഡ് ബുക്ക് സ്റ്റേഷനുകൾ, ഡിസ്കഷൻ ഹാളുകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവിടുത്തെ സവിശേഷതയാണ്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സംയോജിത വിദ്യാഭ്യാസ, വിനോദ, സാംസ്കാരിക ഇടം നൽകുന്ന ഒന്നാണ്. കലാപ്രദർശനങ്ങൾ, നാടക പ്രകടനങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, മറ്റ് ഇവൻറുകൾ എന്നിവ നടക്കുന്ന ഹാളുകളും ഇവിടെയുണ്ട്. ലോകപുസ്തക തലസ്ഥാന ആഘോഷങ്ങളുടെ പ്രമേയങ്ങളിലൊന്നായ 'തുറന്ന പുസ്തകം, തുറന്ന മനസ്സുകൾ' എന്ന ആശയം കെട്ടിട രൂപകൽപ്പനയിൽ തെളിഞ്ഞു കാണാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.