ദുബൈ: അബൂദബിയിലെ രണ്ട് കേന്ദ്രങ്ങളിൽ യമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ കത്ത് കൈമാറി. രക്ഷാസമിതിയുടെ ജനുവരി മാസത്തെ അധ്യക്ഷത അലങ്കരിക്കുന്ന നോർവേ പ്രതിനിധിക്കാണ് കത്ത് കൈമാറിയത്. ഹൂതി ആക്രമണത്തെ അപലപിക്കുന്ന കത്ത്, സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ കടുത്ത അന്താരാഷ്ട്ര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ ഹൂതി ആക്രമണത്തെ ഒറ്റക്കെട്ടായി രക്ഷാസമിതി തള്ളണമെന്നാണ് യു.എ.ഇയുടെ ആവശ്യം.യു.എന്നിലെ യു.എ.ഇ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ ലന നുസൈബയാണ് കത്ത് കൈമാറിയത്. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്ന കത്തിൽ, മേഖലയിൽ തീവ്രവാദവും അരാജകത്വവും വ്യാപിപ്പിക്കാനുള്ള ഹൂതികളുടെ ശ്രമങ്ങളുടെ തുടർച്ചയാണ് ആക്രമണമെന്ന് വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങൾ ലംഘിച്ച് നിയമവിരുദ്ധമായി നേടിയെടുത്ത സന്നാഹങ്ങൾ ഉപയോഗിച്ചാണ് സമാധാനത്തിനും സുരക്ഷക്കും ഭീഷണിയുയർത്താൻ ഹൂതികൾ ശ്രമിക്കുന്നതെന്നും ഇതിൽ പറയുന്നു.നിലവിൽ രക്ഷാസമിതിയിൽ രണ്ടുവർഷത്തെ താൽക്കാലിക അംഗം കൂടിയായ യു.എ.ഇയുടെ അപേക്ഷ സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനിടെ യു.എൻ ജനറൽ അസംബ്ലി പ്രസിഡന്‍റ് അബ്ദുല്ല ശാഹിദ് യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചിട്ടുണ്ട്. നേരത്തെ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് സംഭവത്തെ അപലപിച്ചിരുന്നു. അതിനിടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലുള്ളവരിലും രണ്ട് ഇന്ത്യക്കാരുണ്ടെന്ന് അധികൃതർ സ്ഥരീകരിച്ചു. മരിച്ച മൂന്ന് പേരിൽ രണ്ടുപേർ ഇന്ത്യക്കാരാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.