ലോകകപ്പ് നടക്കുന്നത് ഖത്തറിലാണെങ്കിലും ആരവം മുഴങ്ങുന്നത് ഗൾഫ് രാജ്യങ്ങളിലൊന്നടങ്കമാണ്. 17 ദശലക്ഷം പേർ ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നല്ലൊരു ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നാകുമെന്നുറപ്പ്. ജി.സി.സിയിലേക്ക് ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിനെ അത്രമേൽ ആവേശത്തോടെയാണ് അവർ വരവേൽക്കാനൊരുങ്ങുന്നത്. ഗൾഫിലെ നിരവധി മലയാളി പ്രവാസികൾ ലോകകപ്പിന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും അവരെ നിരാശപ്പെടുത്തുന്നതാണ് വിമാന ടിക്കറ്റ് നിരക്ക്.
ലോകകപ്പിനോടടുക്കുമ്പോൾ റോക്കറ്റ് വേഗത്തിലാണ് ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നത്. അടുത്ത വഴി റോഡ് മാർഗമാണ്. 6^7 മണിക്കൂർ കൊണ്ട് യു.എ.ഇയിൽ നിന്ന് ഖത്തറിലെത്താൻ വഴിയുണ്ട് (വിമാന യാത്രക്ക് ഒരുമണിക്കൂർ). ചിലവ് കുറക്കൽ മാത്രമല്ല, മരുഭൂമിയുടെ നടുവിലൂടെയുള്ള യാത്ര ആഗ്രഹിക്കുന്നവർക്ക് ഉഗ്രനൊരു റൈഡ് കൂടിയായിരിക്കും ഇത്. യാത്രക്കൊരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
യു.എ.ഇയും ഖത്തറും നേരിട്ട് അതിർത്തി പങ്കിടാത്തതിനാൽ യാത്ര സൗദി വഴിയായിരിക്കും. യു.എ.ഇ^സൗദി അതിർത്തിയായ ഗുവൈഫാത്ത് കടന്ന് സൗദിയിലെ സൽവ പോർട്ട് വഴിയാണ് ദോഹയിൽ എത്തേണ്ടത്. ഗുവൈഫാത്തിൽ നിന്ന് 120 കിലോമീറ്റർ വണ്ടിയോടിച്ചാൽ സൽവയിലെത്തും. ഇവിടെയാണ് ഖത്തർ^സൗദി അതിർത്തി. ദുബൈയിൽ നിന്ന് 695 കിലോമീറ്ററും അബൂദബിയിൽ നിന്ന് 588 കിലോമീറ്ററുമാണ് ദോഹയിലേക്കുള്ള ദൂരം. തിരക്കുള്ള ദിവസങ്ങളിൽ രണ്ട് മണിക്കൂർ വരെ അതിർത്തി കടക്കാൻ സമയമെടുത്തേക്കും. ഇത് മുൻകൂട്ടി കണ്ട് വേണം യാത്ര പ്ലാൻ ചെയ്യാൻ. കസ്റ്റംസിന്റെ വാഹന പരിശോധനയും ഉണ്ടാകും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന റോഡാണ് ഭൂരിഭാഗവും.
യാത്ര സൗദി വഴിയായതിനാൽ ഖത്തറിന്റെയും സൗദിയുടെയും വിസ നിർബന്ധമാണ്. ട്രാൻസിറ്റ്, ടൂറിസ്റ്റ്, വിസിറ്റ് വിസകളിൽ ഏതെങ്കിലും മതി. ജി.സി.സി പൗരൻമാർക്ക് വിസ ആവശ്യമില്ല. വിസകൾ ഓൺലൈനായി എടുക്കാൻ കഴിയും.
വിസക്കൊപ്പം തന്നെ പ്രധാനമാണ് ജി.സി.സിയിലുടനീളമുള്ള വാഹന ഇൻഷ്വറൻസ്. ഏകദേശം 200 ദിർഹമാണ് മൂന്ന് മാസത്തേക്കുള്ള ഇൻഷ്വറൻസിന് ചെലവ് വരുന്നത്. ഇതിന് പുറമെ, വ്യക്തിഗത ഇൻഷ്വറൻസും വേണ്ടി വരും. 15 ദിവസത്തെ തേർഡ് പാർട്ടി ഇൻഷ്വറൻസിന് 200 ദിർഹമാണ് ചെലവ്. കുറച്ച് ദിവസം മാത്രം തങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഇൻഷ്വറൻസ് മതിയാകും. സൗദി, ഖത്തർ അതിർത്തികളിൽ ഇത് കാണിക്കണം. ചില സ്ഥാപനങ്ങൾ വിസക്കൊപ്പം തേർഡ് പാർട്ടി ഇൻഷ്വറൻസും നൽകുന്നുണ്ട്. ഓൺലൈനായി ഇൻഷ്വറൻസ് എടുക്കുന്നതാവും ഉചിതം. അതിർത്തിയിൽ ഇൻഷ്വറൻസ് സൗകര്യമുണ്ടെങ്കിലും സൗദി റിയാലോ ഖത്തർ ദിനാറോ നൽകേണ്ടി വരും. ഓൺലൈൻ വഴി എടുത്താൽ സമയവും ലാഭിക്കാം.
കോവിഡ് നിബന്ധനകൾ ഓരോ രാജ്യങ്ങളും ദിവസവും മാറ്റിക്കൊണ്ടിരിക്കുന്നതിനാൽ ഇത് പരിശോധിച്ച ശേഷം വേണം യാത്ര ചെയ്യാൻ. രണ്ട് രാജ്യങ്ങളിലൂടെ കടന്നുപോകുന്നതിനാൽ ഖത്തറിന്റെയും സൗദിയുടെയും ഏറ്റവും പുതിയ നിബന്ധനകൾ അറിഞ്ഞിരിക്കണം. നിലവിൽ വാക്സിനേഷനും കോവിഡ് പി.സി.ആർ ഫലവും ഈ രാജ്യങ്ങളിലേക്ക് നിർബന്ധമാണ്. സൗദിയിലേക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാണ്. ഖത്തറിന്റെ വെബ്സൈറ്റായ ehteraz.gov.qa, സൗദിയുടെ muqeem.sa എന്നിവ വഴി രജിസ്റ്റർ ചെയ്യണം.
സ്വന്തം വാഹനമില്ലാത്തവർക്ക് വാടക വാഹനങ്ങൾ എടുത്തുപോകാൻ കഴിയുമോ എന്ന ചോദ്യം ബാക്കി നിൽക്കുന്നുണ്ട്. വളരെ കുറച്ച് റെന്റൽ കമ്പനികൾ മാത്രമാണ് ഖത്തർ യാത്രക്ക് വാഹനം വിട്ടുനൽക്കുന്നുള്ളൂ. എന്നാൽ, ലോകകപ്പ് അടുക്കുമ്പോൾ കൂടുതൽ സ്ഥാപനങ്ങൾ പാക്കേജുമായി മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ. വിസയും ഇൻഷ്വറൻസുമെല്ലാം ഈ പാക്കേജിൽ ഉൾപെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.