ഷാർജ: ഷാർജയിൽ വൻ ലഹരിമരുന്ന് വേട്ട. 'ഓപറേഷൻ പ്രെഷ്യസ് ഹണ്ട്' എന്നു പേരിട്ട ദൗത്യത്തിൽ പൊലീസ് പിടികൂടിയത് 216 കിലോ ലഹരിമരുന്ന്. 170 കിലോ ഹഷീഷും 46 കിലോ ക്രിസ്റ്റൽ മെത്തും 500 കാപ്റ്റഗൺ ടാബ്ലറ്റുമാണ് പിടിച്ചെടുത്തത്. യു.എ.ഇയിലെ തുറമുഖം വഴി രാജ്യത്തെത്തിച്ച് വിതരണം ചെയ്യാനുള്ള ശ്രമമാണ് ഷാർജ പൊലീസ് പരാജയപ്പെടുത്തിയത്. യു.എ.ഇയിൽ ലഹരിമരുന്ന് സ്വീകരിക്കാനെത്തിയ ആളെയും പൊലീസ് പിടികൂടി.
രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് ഓപറേഷൻ. അബൂദബി, ഉമ്മുൽഖുവൈൻ പൊലീസ് സേനകളുടെ സഹായത്തോടെയായിരുന്നു പരിശോധന. കടൽമാർഗം എത്തുന്ന ലഹരി മരുന്നു സ്വീകരിക്കാൻ യു.എ.ഇയിലെത്തിയ പ്രധാന കുറ്റവാളിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ താമസസ്ഥലത്ത് ലഹരിമരുന്ന് സൂക്ഷിക്കാൻ വലിയ സ്റ്റോറേജ് സംവിധാനമൊരുക്കി കാത്തിരിക്കുമ്പോഴാണ് അറസ്റ്റ്.
ചരക്ക് യു.എ.ഇയിലെത്തിയ ഉടൻ പൊലീസിന് വിവരം ലഭിച്ചെങ്കിലും തിടുക്കത്തിൽ അറസ്റ്റ് ചെയ്തില്ല. യു.എ.ഇയിൽ കാത്തുനിന്നവർ ഇത് വാങ്ങി വീട്ടിലെത്തിച്ചപ്പോഴാണ് പൊലീസ് എല്ലാവരെയും പിടികൂടിയത്. നാലു ക്രിമിനൽ സംഘങ്ങൾക്കുവേണ്ടിയാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് ഇവർ വെളിപ്പെടുത്തി. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരുന്നു. സംശയാസ്പദമായ കാര്യങ്ങൾ ശ്രദ്ധയിൽപെടുന്നവർ 8004654 എന്ന നമ്പറിലോ dea@shjpolice.gov.ae എന്ന ഇ-മെയിലിലോ ബന്ധപ്പെടണം. കഴിഞ്ഞവർഷം ഷാർജ പൊലീസ് പിടിച്ചെടുത്തത് 1,100 കിലോ ലഹരിമരുന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.