ദുബൈ: ഒന്നര പതിറ്റാണ്ടിനിടെ ഹത്ത അതിർത്തി വഴിയുള്ള യാത്രക്കാരുടെ വരവിൽ വൻ വർധന. 2006ൽ ഹത്ത വഴി രണ്ടര ലക്ഷത്തോളം പേരാണ് ദുബൈയിലെത്തിയതെങ്കിൽ ഈ വർഷം 30 ലക്ഷത്തിലധികം പേരാണ് എത്തിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിലും വൻ വർധനയുണ്ടായി. 2006ൽ മൂന്നു ദശലക്ഷമായിരുന്ന യാത്രക്കാരുടെ എണ്ണം 2023ൽ 44 ദശലക്ഷത്തിലധികമായി വർധിച്ചു.
ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ഡി.ആർ.എഫ്.എ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫങ്ഷനൽ, അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരെ പങ്കെടുപ്പിച്ച് യു ആർ ദ മോസ്റ്റ് ഇംപോർട്ടന്റ് എന്ന പേരിൽ സംഘടിപ്പിച്ച ഫോറത്തോടനുബന്ധിച്ച് പ്രദർശിപ്പിച്ച വിഡിയോയിലാണ് ജി.ഡി.ആർ.എഫ്.എ കഴിഞ്ഞകാല നേട്ടങ്ങൾ വിശദീകരിച്ചത്. ‘ഭൂതകാലത്തിനും വർത്തമാനത്തിനും ഇടയിൽ’ എന്നതായിരുന്നു വിഡിയോയുടെ തലക്കെട്ട്. രാജ്യാന്തര തലങ്ങളിലും പ്രാദേശിക തലത്തിലുമായി 170 ശ്രദ്ധേയമായ അവാർഡുകളും ഇക്കാലയളവിൽ വകുപ്പ് നേടി. 2023ൽ ഡിപ്പാർട്മെന്റിലെ ജീവനക്കാരുടെ തൊഴിൽ സന്തോഷ സൂചിക 94.2 ശതമാനമായി വർധിച്ചുവെന്നും വിഡിയോയിൽ പറയുന്നു.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഫോറം മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥർ അടക്കം രണ്ടായിരത്തിലധികം പേർ പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.