അബൂദബി: 2020ൽ ആരംഭിച്ച അബൂദബി ലിങ്ക് ഓണ്‍ ഡിമാന്‍ഡ് ബസ് സര്‍വിസ് ഉപയോഗിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. വെള്ളിയാഴ്ച അബൂദബി മൊബിലിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈല്‍ ആപ്ലിക്കേഷൻ വഴി ബസ് സര്‍വിസ് സേവനം ലഭ്യമാക്കുന്നതാണ് ലിങ്ക് ഓൺ ഡിമാൻഡ് സർവിസ്.
രാവിലെ ആറുമുതല്‍ രാത്രി 11 വരെയാണ് സര്‍വിസ് സമയം. യാസ് ഐലന്‍ഡ്, ഖലീഫ സിറ്റി, സഅദിയാത്ത് ഐലന്‍ഡ്, അല്‍ ഷഹാമ തുടങ്ങിയ ഇടങ്ങളിലേക്കാണ് ബസുകളുടെ സര്‍വിസ്. ഹഫിലത്ത് കാര്‍ഡ് ഉപയോഗിച്ച് രണ്ടു ദിര്‍ഹമിന്റെ ടിക്കറ്റിലാണ് യാത്ര സാധ്യമാവുക. അല്‍ ഷഹാമയിലേക്ക് 1,46,000 ട്രിപ്പുകളും യാസ് ഐലന്‍ഡിലേക്ക് 84,000 ട്രിപ്പുകളും സഅദിയാത്ത് ഐലന്‍ഡിലേക്ക് 53,000 ട്രിപ്പുകളും ഖലീഫ സിറ്റിയിലേക്ക് 84,000 ട്രിപ്പുകളും അടക്കം 2023ല്‍ 3,67,000 ട്രിപ്പുകളാണ് അബൂദബി ലിങ്ക് സര്‍വിസ് നടത്തിയത്.
സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വികസിപ്പിക്കുകയും നിലവാരം വര്‍ധിപ്പിക്കുകയും ചെയ്തതിലൂടെ സര്‍വിസുകള്‍ ലളിതമായി കൈകാര്യം ചെയ്യാനും കാത്തിരിപ്പ് സമയം കുറക്കാനും വാഹനത്തെ പരമാവധി പ്രയോജനപ്പെടുത്താനും കഴിഞ്ഞുവെന്ന് സംയോജിത ഗതാഗത കേന്ദ്രം ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മര്‍സൂഖി പറഞ്ഞു.
2020ല്‍ 50,000 സര്‍വിസുകളാണ് നടത്തിയതെങ്കില്‍ 2023 ആയപ്പോഴേക്കും മൂന്നു ലക്ഷത്തിലേറെ സര്‍വിസുകളായി വര്‍ധിച്ചു. 2024ല്‍ എണ്ണം നാലുലക്ഷമായി വര്‍ധിപ്പിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
അബൂദബിയില്‍ എത്തുന്നവര്‍ക്ക് നഗരത്തിലെ വിവിധ ഇടങ്ങളിലേക്ക് സഞ്ചരിക്കാന്‍ ഏറെ ഉപകാരപ്പെടുന്നതാണ് അബൂദബി ലിങ്ക് ബസ് സേവനം. അബൂദബിയിലെ ചില പ്രദേശങ്ങളില്‍ മാത്രമേ ഈ സര്‍വിസ് ലഭ്യമാവൂ.
ഹിദ്ദ് അല്‍ സഅദിയാത്ത്, സഅദിയാത്ത് ബീച്ച് വില്ലാസ്, സഅദിയാത്ത് ബീച്ച് റെസിഡന്‍സസ്, ജുമൈറ റിസോര്‍ട്ട്-സഅദിയാത്ത് ഐലൻഡ്, സഅദിയാത്ത് ബീച്ച് ക്ലബ്, സഅദിയാത്ത് ബീച്ച് ഗോള്‍ഫ് ക്ലബ്, സഅദിയാത്ത് ഹോട്ടല്‍ ഏരിയകള്‍, സഅദിയാത്ത് കള്‍ചറല്‍ ഡിസ്ട്രിക്ട്, ലൂവ്റേ അബൂദബി മ്യൂസിയം, മംഷ അല്‍ സഅദിയാത്ത് എന്നിവിടങ്ങളിലേക്കും അബൂദബി ലിങ്കിന്റെ സര്‍വിസുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും അബൂദബി ലിങ്ക് ആപ് ഡൗണ്‍ലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.