അൽഐൻ: ലോകം ആദരിക്കുന്ന നേതാക്കൾക്കൊപ്പം ജോലി ചെയ്തതിെൻറ ചാരിതാർഥ്യവുമായാണ് ഹുസൈൻ യു.എ.ഇയിൽനിന്ന് വിടപറയുന്നത്. ഈജിപ്ത് വൈസ് പ്രസിഡൻറായിരുന്ന മഹ്മൂദ് മക്കി, യു.എ.ഇയിലെ നീതിന്യായ മന്ത്രി സുൽത്താൻ ബിൻ സഈദ് അൽ ബാദി, ഈജിപ്ത് സുപ്രീംകോടതി ജഡ്ജിമാരായിരുന്ന ഹിഷാം ബസ്തൂസി, അലി ഇർഫാൻ തുടങ്ങിയ നിരവധി പേരോടൊപ്പമാണ് കോഴിക്കോട് ബാലുശ്ശേരി ശിവപുരം സ്വദേശിയായ ഹുസൈൻ അൽ ഐനിലെ കോടതികളിൽ ജോലി ചെയ്തത്.
39 വർഷത്തെ സംഭവബഹുലമായ പ്രവാസജീവിതം അവസാനിപ്പിച്ച് തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങുകയാണ് അദ്ദേഹം. 1981 സെപ്റ്റംബറിലാണ് ഹുസൈൻ തൊഴിലന്വേഷിച്ച് അൽ ഐനിലെത്തുന്നത്. വി.സി. അഹമ്മദ് കോയ എന്ന ജ്യേഷ്ഠസഹോദരനും അറിയപ്പെടുന്ന പണ്ഡിതൻ അബ്ദുല്ല മൻഹാമും ആദ്യ യാത്രയിൽ ബോംബെ വരെ ബസിൽ അനുഗമിച്ചത് ഹുസൈൻ ഓർക്കുന്നു. സാമ്പത്തിക ബാധ്യത തീർക്കുക, വീട് നന്നാക്കുക എന്നീ ഉദ്ദേശ്യങ്ങളാണ് ശിവപുരം ഇസ്ലാമിയ കോളജിലെയും വാണിമേൽ അറബിക് കോളജിലെയും വിദ്യാഭ്യാസം പൂർത്തിയാക്കിയ 21കാരനെ കടൽ കടക്കാൻ പ്രേരിപ്പിച്ചത്.
ആദ്യ നാലുമാസം പ്രത്യേകിച്ച് ജോലികൾ ഒന്നും ലഭിച്ചിരുന്നില്ല. പിന്നീട് അബൂദബി സുവൈഹാനിലെ ഡിഫൻസ് ക്യാമ്പിൽ ജോലിയിൽ പ്രവേശിച്ചു. ആറുമാസം പിന്നിട്ടതോടെ അൽഐൻ കോടതിയിൽ പബ്ലിക് പ്രോസിക്യൂഷനിൽ ഓഫിസ് ബോയ് ആയി ജോലി ലഭിച്ചു. ശിവപുരം സ്വദേശി ടി.കെ. അബ്ദുറഹ്മാൻ, പുളിക്കൽ മുഹമ്മദലി എന്നിവരുടെ ശ്രമഫലമായായിരുന്നു കോടതി ജോലി ലഭ്യമായത്. 2007 വരെ കേന്ദ്ര കോടതിയിൽ ജോലിയിൽ തുടർന്നു. തുടർന്ന് സംസ്ഥാന കോടതിയുടെ ഭാഗമായാണ് പ്രവർത്തിച്ചത്. കേന്ദ്ര കോടതിയിലെ ജീവനക്കാരനായിരുന്ന സമയത്താണ് ഈജിപ്തിലെയും യു.എ.ഇയിലേയും ഉന്നത പദവികൾ കൈകാര്യം ചെയ്ത പലരോടുമൊപ്പം ജോലി ചെയ്യാൻ ഭാഗ്യം കിട്ടിയത്. മുർസി മന്ത്രിസഭയിൽ വൈസ് പ്രസിഡൻറായിരുന്ന മഹ്മൂദ് മക്കിയും ഹുസ്നി മുബാറക് കേസിൽ വിധിപറഞ്ഞ ഈജിപ്ത് സുപ്രീംകോടതി ജഡ്ജി ഹിഷാം ബസ്തൂസിയും അടക്കമുള്ളവർ അക്കാലത്ത് പബ്ലിക് പ്രോസിക്യൂട്ടർമാരായി ജോലി ചെയ്യുകയായിരുന്നു. 1984 മുതൽ 1991 വരെ ചീഫ് പ്രോസിക്യൂട്ടറായിരുന്ന സുൽത്താൻ ബിൻ സഈദ് അൽ ബാദി നിലവിൽ യു.എ.ഇ യിലെ നീതിന്യായ മന്ത്രിയാണ്.
നിയമക്കുരുക്കുകളിൽ അകപ്പെട്ട നിരവധി ആളുകൾക്ക് സഹായമാകാൻ സാധിച്ചുവെന്ന് ഹുസൈൻ അഭിമാനത്തോടെ പറയും. പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രെൻറ അൽ ഐൻ കോടതിയിലെ കേസിൽ സഹായകരമായ ഇടപെടലുകൾ നടത്തി. 2000ത്തിൽ വെൽക്കം എന്ന കച്ചവടസ്ഥാപനത്തിൽ ഉണ്ടായ വലിയ അഗ്നിബാധയെ തുടർന്ന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാനും ഹുസൈൻ കാരണമായി. പല കേസുകളിലുംപെട്ട് തടവുശിക്ഷക്കർഹരായ നിരവധി മലയാളികൾക്ക് നല്ലവരായ ഇമറാത്തി പ്രോസിക്യൂട്ടർമാരുടെ സഹായത്തോടെ ശിക്ഷയിൽ ഇളവുകൾ വാങ്ങിച്ചുകൊടുക്കാൻ കഴിഞ്ഞു. നാലു പതിറ്റാണ്ട് ദൈർഘ്യമുള്ള പ്രവാസജീവിതത്തിൽ ഹുസൈന് യു.എ.ഇയെക്കുറിച്ച് പറയാൻ നല്ല വാക്കുകൾ മാത്രം. ഇമറാത്തികളുടെ നല്ലമനസ്സും പരസ്പരം നൽകുന്ന ബഹുമാനവുമെല്ലാം ഈ നാടിെൻറ നന്മയാണെന്ന് അദ്ദേഹം പറയും.ശിഷ്ടകാലം മകെൻറ കൂടെ കച്ചവടവും കൃഷിയുമായി കഴിച്ചുകൂട്ടാനാണ് പദ്ധതി. ബാലുശ്ശേരി കൊള്ളക്കണ്ടി സ്വദേശി സീനത്താണ് ഭാര്യ. മക്കൾ: ഷാഹിദ്, ഹിബ, ഹുദ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.