ദുബൈ: ജന്മദിനത്തിൽ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽനിന്ന് കുടുംബത്തോട് തത്സമയം സംസാരിച്ച് യു.എ.ഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി. ഉമ്മയുടെ പാചകവും പ്രിയപ്പെട്ടവരെയും വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഗൃഹാതുരത്വം നിറഞ്ഞ ഓർമകളും ജന്മനാടായ അൽ ഐനിലെ അൽ ഗഫ ഗ്രാമത്തിലെ അനുഭവങ്ങളും ബന്ധുക്കളുമായി പങ്കിട്ടു.
ചൊവ്വാഴ്ച യു.എ.ഇ സർവകലാശാലയിലെ പ്രത്യേക കേന്ദ്രത്തിലായിരുന്നു തത്സമയ കൂടിക്കാഴ്ച. കുടുംബത്തോടൊപ്പം യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാനും വിദ്യാർഥികളും ബഹിരാകാശ പ്രേമികളും സർവകലാശാലയിൽ എത്തിയിരുന്നു. തത്സമ കോളിലൂടെ 15 മിനിറ്റോളം സംസാരിച്ച അദ്ദേഹം ബന്ധുക്കൾക്കൊപ്പം തന്റെ 42ാം ജന്മദിനം ആഘോഷിച്ചു.
ബഹിരാകാശത്തുനിന്ന് തത്സമയം രാഷ്ട്രത്തലവൻമാരുമായും വിദ്യാർഥികളുമായും ബഹിരാകാശ പ്രേമികളുമായും സംസാരിക്കുന്ന ‘എ കാൾ ഫ്രം സ്പേസ്’ സംരംഭത്തിന്റെ ഭാഗമായിരുന്നു തത്സമയ വിളി. ഇത് നാലാം തവണയാണ് ഇദ്ദേഹം തത്സമയ കോളിലൂടെ ഭൂമിയിലുള്ളവരോട് സംവദിക്കുന്നത്. ഗുരുത്വാകർഷണമുള്ള ഭൂമിയിൽ ജീവിക്കാനോ അല്ലെങ്കിൽ ഗുരുത്വാകർഷണമില്ലാത്തിടത്താണോ ജീവിക്കാൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു വിദ്യാർഥിയായ ഹമദിന്റെ ചോദ്യം.
ബഹിരാകാശത്ത് ഇഷ്ടമുള്ള രീതിയിൽ ചലിക്കാൻ കഴിയുമെന്നും അത് വളരെ രസകരമാണെന്നും മറുപടി നൽകിയ നിയാദി, എങ്കിലും ചില സമയങ്ങളിൽ ഉമ്മയുണ്ടാക്കിയ ഭക്ഷണവും ബന്ധുക്കളെയും നാടിനേയും വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും പ്രതികരിച്ചു. ബഹിരാകാശ ദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യ അറബ് വനിതയായ റയ്യാന ബർനാവിയെയും അൽ നിയാദി അഭിനന്ദിച്ചു. ആറു മാസത്തെ ദൗത്യവുമായി പുറപ്പെട്ട നിയാദിയുടെ ബഹിരാകാശ പരീക്ഷണങ്ങൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.