ഷാർജ: കഠിനാധ്വാനവും പാഷനുമുണ്ടെങ്കിൽ ആർക്കും ഏതു മേഖലയിലും വിജയിക്കാനാകുമെന്നും ഇതാണ് തനിക്ക് നൽകാനുള്ള സന്ദേശമെന്നും ജോയ് ആലുക്കാസ്. ‘സ്പ്രെഡിങ് ജോയ് -ഹൗ ജോയ് ആലുക്കാസ് ബികേം ദി വേൾഡ്സ് ഫേവറിറ്റ് ജുവലർ’ എന്ന തന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയും വർഷത്തെ സംരംഭക ജീവിതം വലിയ പാഠങ്ങളാണ് തനിക്ക് നൽകിയത്. ബിസിനസ് ആഗ്രഹിക്കുന്നവർക്ക് ഇത് മാതൃകയാകുമെങ്കിൽ താൻ സന്തോഷിക്കുന്നു -അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്ന ചടങ്ങിൽ ജോളി ജോയ് ആലുക്കാസ്, ഹാർപർ കോളിൻസ് സി.ഇ.ഒ അനന്ത പത്മനാഭൻ എന്നിവരുടെ സാന്നിധ്യത്തിൽ ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ അഹ്മദ് ബിൻ റക്കാദ് അൽ ആമിരിയും പ്രമുഖ ബോളിവുഡ് അഭിനേത്രിയും ജോയ് ആലുക്കാസ് ബ്രാൻഡ് ഗ്ലോബൽ അംബാസഡറുമായ കാജോൾ ദേവ്ഗണും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
ജോയ് ആലുക്കാസുമായി ദീർഘകാലത്തെ ബന്ധമാണുള്ളതെന്നും ഈ പുസ്തകത്തിലെ അനുഭവങ്ങൾ മാതൃകയാണെന്നും കാജോൾ പറഞ്ഞു. ഈ യാത്ര അത്ഭുതകരമാണ്. തിരക്കുകൾക്കിടയിലും ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം സമയം കണ്ടെത്തുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും കാജോൾ കൂട്ടിച്ചേർത്തു. പിതാവിന്റെ ബിസിനസ് യാത്ര തനിക്ക് പ്രചോദനവും മാർഗദർശകവുമാണെന്ന് ജോൺ പോൾ ജോയ് ആലുക്കാസ് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളും ജോയ് ആലുക്കാസ് കുടുംബാംഗങ്ങളും ചടങ്ങിൽ സദസ്സിനെ സംബോധന ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.