ദുബൈ: സുരക്ഷിത ഡ്രൈവിങ് ബോധവത്കരണം ലക്ഷ്യംവെച്ച് ദുബൈ പൊലീസ് ആരംഭിച്ച ഇഫ്താർ കിറ്റ് വിതരണത്തിന് മികച്ച പ്രതികരണം. വിവിധ പങ്കാളികളുമായി സഹകരിച്ചാണ് നോമ്പുതുറ സമയത്ത് ഭക്ഷണം വിതരണം ചെയ്യുന്നത്. റമദാനിലെ ആദ്യ പത്തുദിവസങ്ങളിൽ 89,900 പേർക്ക് ഭക്ഷണം വിതരണം ചെയ്തതായി ട്രാഫിക് വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പ്രസ്താവനയിൽ പറഞ്ഞു. വൈകുന്നേരങ്ങളിൽ പ്രധാന റോഡുകളിൽ നോമ്പുതുറ സമയത്തിന് തൊട്ടുമുമ്പാണ് കിറ്റ് വിതരണം ചെയ്യുന്നത്. ഗുരുതര അപകടങ്ങൾക്ക് കാരണമാകുന്ന ട്രാഫിക് നിയമ ലംഘനങ്ങൾ കുറക്കുന്നതിന് ആരംഭിച്ച ‘അപകടങ്ങളില്ലാത്ത റമദാൻ’ കാമ്പയിനിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
റമദാനിൽ നോമ്പുതുറ സമയത്ത് വീട്ടിലെത്തുന്നതിന് വേണ്ടി പല ഡ്രൈവർമാരും ശ്രമിക്കുന്നത് അപകടങ്ങൾക്ക് കാരണമാകാറുണ്ടെന്നും ഇത് പരിഗണിച്ചാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയതെന്നും അൽ മസ്റൂയി വിശദീകരിച്ചു. അമിത വേഗം, നിയമം പാലിക്കാതെ മറ്റു വാഹനങ്ങളെ മറികടക്കൽ, വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാതിരിക്കൽ, ചുവപ്പ് സിഗ്നൽ മറികടക്കൽ എന്നിങ്ങനെ നിയമ ലംഘനങ്ങളാണ് ഈ സമയങ്ങളിൽ സാധാരണ കാണപ്പെടുന്നത്. ഇത് പലപ്പോഴും ഗുരുതര അപകടങ്ങൾ വിളിച്ചു വരുത്താറുമുണ്ട്. മരണത്തിനും ഗുരുതര പരിക്കുകൾക്കും കാരണമാകുന്ന സംഭവങ്ങൾ ഒഴിവാക്കാനാണ് നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ദിവസവും ശരാശരി 9000 കിറ്റുകളാണ് ഓരോ ദിവസവും ഇത്തരത്തിൽ വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.