അബൂദബി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഡൽഹിയുടെ അബൂദബി കാമ്പസ് ഉദ്ഘാടനം ചെയ്തു. പ്രമുഖരുടെ സാന്നിധ്യത്തിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാനാണ് കാമ്പസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആദ്യ അന്താരാഷ്ട്ര കാമ്പസാണിത്. അബൂദബിയിലെ വിവിധ യൂനിവേഴ്സിറ്റികളുമായി ഗവേഷണരംഗത്ത് സഹകരണം വ്യാപിപ്പിക്കാനുള്ള പദ്ധതിയും ഉദ്ഘാടനച്ചടങ്ങിൽ പ്രഖ്യാപിച്ചു.
യൂനിവേഴ്സിറ്റിയിലെ ആദ്യ ബി.ടെക് ബിരുദ ബാച്ചിനെ അബൂദബി കിരീടാവകാശി സ്വാഗതം ചെയ്തു. 52 വിദ്യാർഥികളാണ് ഉദ്ഘാടന ബാച്ചിലുള്ളത്. ബിരുദ കോഴ്സുകൾ തുടങ്ങുന്നതിനു മുമ്പായി എം.ടെക് കോഴ്സിന് ഈവർഷം ജനുവരിയിൽ കാമ്പസിൽ തുടക്കമായിരുന്നു.
അബൂദബിയിലെ സർവകലാശാലകളായ ഖലീഫ യൂനിവേഴ്സിറ്റി, മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോബോൺ യൂനിവേഴ്സിറ്റി അബൂദബി, സായിദ് യൂനിവേഴ്സിറ്റി എന്നിവയുമായി ഐ.ഐ.ടി ഡൽഹി അബൂദബി കാമ്പസ് കൈകോർത്ത് പ്രവർത്തിക്കാനും തീരുമാനമായി.
ഗവേഷണം, അക്കാദമിക് പ്രോഗ്രാമുകൾ, ലാബ്, ഗവേഷണ സൗകര്യങ്ങൾ, അധ്യാപനം, വിദ്യാർഥികളുടെ യാത്ര എന്നീ മേഖലകളിലാണ് ഖലീഫ യൂനിവേഴ്സിറ്റിയുമായി സഹകരിക്കുക. സംയുക്ത ഗവേഷണ പദ്ധതികൾ, പി.ജിതലത്തിൽ വിദ്യാർഥികളുടെ കൈമാറ്റം, സെമിനാർ, ശാസ്ത്രപരിപാടികൾ എന്നിവയിൽ സോബോൺ യൂനിവേഴ്സിറ്റിയുമായി കൈകോർക്കും.
ഹ്രസ്വകാല പരിശീലനം, ഇന്റേൺഷിപ് എന്നീ രംഗങ്ങളിലാണ് മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സഹകരിക്കുക. അധ്യാപക പരിശീലനം, അക്കാദമിക പരിപാടികൾ എന്നിവക്കായി സായിദ് യൂനിവേഴ്സിറ്റിയുമായി ഐ.ഐ.ടി. അബൂദബി കാമ്പസ് സഹകരിക്കും. മന്ത്രിമാരായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ഷമ്മ അൽ മസ്റൂഇ, റീം അൽ ഹാഷ്മി, ഇന്ത്യൻ അംബാസഡർ സഞ്ജയ് സൂധീർ, ഐ.ഐ.ടി ഡയറക്ടർ പ്രഫ. രങ്കൻ ബാനർജി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.