ദുബൈ: ഗാർഹിക തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട്മെന്റ് നടത്തുകയും ഇടനിലക്കാരായി പ്രവർത്തിക്കുകയും ചെയ്ത അഞ്ചു സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉൾപ്പെടെ 55 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ച് മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം. നിയമം ലംഘിച്ച റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ പേരുകൾ മന്ത്രാലയത്തിന്റെ രേഖകളിൽനിന്ന് നീക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
അതോടൊപ്പം വ്യാജ റിക്രൂട്ട്മെന്റ് പരസ്യങ്ങൾ പങ്കുവെച്ച അഞ്ച് സമൂഹ മാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും മന്ത്രാലയം ഉത്തരവിട്ടു. മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്മെന്റ് ചെയ്യുന്നതും താൽക്കാലികമായി ജോലി ചെയ്യിക്കുന്നതും യു.എ.ഇയിൽ ശിക്ഷാർഹമാണ്.
കുറ്റകൃത്യം കണ്ടെത്തിയാൽ ഒരു വർഷത്തിൽ കുറയാത്ത ജയിൽശിക്ഷയും രണ്ടുലക്ഷം മുതൽ 10 ലക്ഷം ദിർഹംവരെ പിഴയും ലഭിക്കും.
ശരിയായ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി ഖലീൽ അൽ ഖോറി പറഞ്ഞു. തൊഴിൽ വിപണിയിൽ നടക്കുന്ന അനധികൃത നിയമനങ്ങളും മറ്റ് നിയമലംഘനങ്ങളും കണ്ടെത്താനായി സമൂഹ മാധ്യമങ്ങളിലും മറ്റ് പ്ലാറ്റ്ഫോമുകളിലും മന്ത്രാലയം പ്രത്യേക കാമ്പയിൻ സംഘടിപ്പിച്ചുവരുന്നുണ്ട്. കൂടാതെ നിയമ ലംഘനം സംശയിക്കുന്ന കമ്പനികളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും അത്തരം കമ്പനികളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യുന്നതായി ഖലീൽ അൽ ഖോറി കൂട്ടിച്ചേർത്തു.
ഗാൾഹിക തൊഴിലാളികളെ കൈമാറുകയോ ഇടനിലക്കാരായി പ്രവർത്തിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾ പ്രാബല്യത്തിലുളള ലൈസൻസ് നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു. നിയമലംഘനം കണ്ടെത്തിയാൽ മന്ത്രാലയത്തിന്റെ ടോൾ ഫ്രീ നമ്പറായ 600590000ലോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.