ദുബൈ: യു.എ.ഇ ആതിഥ്യമരുളിയ പ്രഥമ ഇന്റർനാഷനൽ ലീഗ് ട്വന്റി20യുടെ ഫൈനൽ ഞായറാഴ്ച ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. പ്രാഥമിക റൗണ്ടിലും ക്വാളിഫയറിലും മികച്ച പ്രകടനം നടത്തിയ ഗൾഫ് ജയന്റ്സും ഡസർട്ട് വൈപ്പേഴ്സുമാണ് നേർക്കുനേർ പോരടിക്കുന്നത്. വൈകീട്ട് ആറിനാണ് മത്സരം. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ഗൾഫ് ജയന്റ്സ്. ഡസർട്ട് വൈപ്പേഴ്സിന്റെ ഉടമകൾ മാഞ്ചസ്റ്റർ യുനൈറ്റഡാണ്.
പ്രാഥമിക റൗണ്ടിലെ 10 മത്സരങ്ങളിൽ ഏഴും ജയിച്ചാണ് ഇരുടീമുകളും രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്. ഇവിടെയും ആധികാരിക ജയത്തോടെയാണ് ഇരു ടീമും കലാശപ്പോരിന് യോഗ്യത നേടിയത്. ആദ്യ ക്വാളിഫയറിൽ ഗൾഫ് ജയന്റ്സിനെ 19 റൺസിന് തോൽപിച്ച് ഡസർട്ട് വൈപ്പേഴ്സ് നേരിട്ട് ഫൈനലിലെത്തി. എന്നാൽ, എലിമിനേറ്ററിൽ എം.ഐ എമിറേറ്റ്സിനെ നാല് വിക്കറ്റിന് തോൽപിച്ച് ഗൾഫ് ജയന്റ്സും ഫൈനലിലെത്തുകയായിരുന്നു. 11 മത്സരത്തിൽ 468 റൺസെടുത്ത അലക്സി ഹെയൽസാണ് ഡസർട്ട് വൈപ്പേഴ്സിന്റെ കുന്തമുന.
സാം ബില്ലിങ്സും റൂതർഫോഡുമെല്ലാം മിന്നുന്ന ഫോമിലാണ്. ബൗളിങ്ങിൽ എട്ട് മത്സരത്തിൽ നിന്ന് 14 വിക്കറ്റെടുത്ത വാനിന്ദു ഹസരംഗയും ഷെൽഡൺ കോട്രല്ലുമാണ് പ്രതീക്ഷകൾ. അതേസമയം, ബൗളിങ്ങിൽ അൽപം മുൻതൂക്കം ഗൾഫ് ജയന്റ്സിനാണ്. ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന രണ്ട് താരങ്ങളും ഗൾഫ് ജയന്റ്സിന്റേതാണ്. 19 വിക്കറ്റുമായി ക്രിസ് ജോർഡനും 18 വിക്കറ്റുമായി വെയ്സും മത്സരിച്ച് പന്തെറിയുകയാണ്. ബാറ്റിങ്ങിൽ 425 റൺസുമായി നായകൻ ജെയിംസ് വിൻസാണ് തുറുപ്പുശീട്ട്. ഹെറ്റ്മെയറും മോശമല്ലാത്ത ഫോമിലാണ്.
ഒരുമാസത്തോളം നീണ്ട ക്രിക്കറ്റ് കാർണിവലിനാണ് ഇന്ന് സമാപനമാകുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ യു.എ.ഇ ആതിഥ്യമരുളുന്ന ആദ്യ ടൂർണമെന്റ് എന്ന നിലയിൽ മികച്ച സ്വീകാര്യതയാണ് ടൂർണമെന്റിന് ലഭിച്ചത്. ടിക്കറ്റ് നിരക്ക് കുറവായതിനാൽ കാണികളും സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നു. ഷാരൂഖ് ഖാന്റെ അബൂദബി നൈറ്റ് റൈഡേഴ്സാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. പത്ത് കളികളിൽ ഒന്ന് മാത്രമാണ് അവർക്ക് ജയിക്കാൻ കഴിഞ്ഞത്. ആന്ദ്രേ റസൽ, സുനിൽ നരൈൻ പോലുള്ള മികച്ച താരങ്ങളുണ്ടായിട്ടും വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. ഐ.പി.എൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന ടൂർണമെന്റിൽ അടുത്ത വർഷം കൂടുതൽ മികച്ച താരങ്ങളെത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.