ദുബൈ: യു.എ.ഇ ആതിഥ്യമരുളിയ പ്രഥമ ഇന്റർനാഷനൽ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ ഗൾഫ് ജയന്റ്സ് കിരീടം ചൂടി. കലാശപ്പോരിൽ ഡെസർട്ട് വൈപ്പേഴ്സിനെ ഏഴ് വിക്കറ്റിന് മറികടന്നാണ് ഗൾഫ് ജയന്റ്സിന്റെ കിരീട ധാരണം.
ടൂർണമെന്റിലുടനീളം നടത്തിയ മികച്ച പ്രകടനം ഫൈനലിലും തുടർന്നാണ് ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ഗൾഫ് ജയന്റ്സിന്റെ അശ്വമേധം. സ്കോർ: വൈപ്പേഴ്സ് -146/8. ജയന്റ്സ് -149/3 (18.4). ഏഴുലക്ഷം ഡോളറാണ് വിജയികൾക്ക് സമ്മാനത്തുകയായി ലഭിച്ചത്. റണ്ണേഴ്സ്അപ്പിന് മൂന്നുലക്ഷം ഡോളറും നൽകി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഡെസർട്ട് വൈപ്പേഴ്സ് തുടക്കംതന്നെ തകർച്ചയോടെയായിരുന്നു. ടൂർണമെന്റിലെ ടോപ് സ്കോറർ അലക്സി ഹെയ്ൽസിനെ (ഒന്ന്) രണ്ടാം ഓവറിൽതന്നെ നഷ്ടമായതാണ് ടീമിന് തിരിച്ചടിയായത്. തൊട്ടുപിന്നാലെ യു.എ.ഇ താരം രോഹൻ മുസ്തഫയും (ആറ്) റണ്ണൗട്ടായി. ലങ്കൻ താരം വനിന്ദു ഹസരംഗ (27 പന്തിൽ 55) നടത്തിയ വെടിക്കെട്ടാണ് ടീമിന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സാം ബില്ലിങ്സാണ് വൈപ്പേഴ്സിനെ തകർത്തത്.
മറുപടി ബാറ്റിങ്ങിൽ നായകൻ ജയിംസ് വിൻസും (14) ഗ്രാൻഡ്ഹോമും (ഒന്ന്) ആദ്യമെ പുറത്തായെങ്കിലും പുറത്താകാതെ നിലയുറപ്പിച്ച ക്രിസ് ലിന്നും (72), ഹെറ്റ്മെയറും (25) ടീമിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. എറാസ്മസ് 30 റൺസെടുത്ത് പുറത്തായി. ബ്രാത്ത്വൈറ്റാണ് മാൻ ഓഫ് ദ മാച്ച്. കളിച്ച 13 മത്സരത്തിൽ പത്തും ജയിച്ചാണ് ജയന്റ്സ് അർഹിച്ച കിരീടം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.