ദുബൈ: മൈതാനത്ത് വെടിക്കെട്ടിന്റെ മാലപ്പടക്കം തീർത്ത് ഇന്റർനാഷനൽ ലീഗ് ടി20 ക്രിക്കറ്റ്. ടൂർണമെന്റ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ രണ്ട് സെഞ്ചുറികൾ പിറന്നതിനു പുറമെ വമ്പൻ സ്കോറുകൾ പിന്തുടർന്ന് ജയിക്കുന്നതും ആവേശം വർധിപ്പിക്കുന്നു. ഗാലറിയിൽ കാണികളുടെ പങ്കാളിത്തവും ലീഗിന് ആവേശം പകരുന്നു. ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിലാണ് യു.എ.ഇ ആദ്യമായി സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ക്രിക്കറ്റ് ലീഗ് നടക്കുന്നത്.
ഞായറാഴ്ച നടന്ന രണ്ട് മത്സരങ്ങളിലും വമ്പൻ സ്കോറാണ് പിറന്നത്. ആദ്യ മത്സരത്തിൽ ഡെസർട്ട് വൈപ്പേഴ്സ് 195 റൺസടിച്ചെടുത്തെങ്കിലും കാര്യമുണ്ടായില്ല. മറുപടി ബാറ്റിങ്ങിൽ മൂന്ന് പന്തും അഞ്ച് വിക്കറ്റും ബാക്കി നിൽക്കെ ഗൾഫ് ജയന്റ്സ് ലക്ഷ്യത്തിലെത്തി. 35 പന്തിൽ 70 റൺസെടുത്ത ഷിംറോൺ ഹെറ്റ്മെയർ, 42 പന്തിൽ 71 റൺസെടുത്ത ക്രിസ് ലിൻ എന്നിവരാണ് വമ്പൻ സ്കോർ പിന്തുടരാൻ ഗൾഫ് ജയന്റ്സിനെ സഹായിച്ചത്. ആദ്യ ബാറ്റിങ്ങിൽ അലക്സ് ഹെയിൽസാണ് (57 പന്തിൽ 99 റൺസ്) ഡെസർട്ട് വൈപ്പേഴ്സിന് മികച്ച സ്കോർ സമ്മാനിച്ചത്.
ഇന്നലത്തെ രണ്ടാം മത്സരത്തിൽ എം.ഐ. എമിറേറ്റ്സിനെതിരെ ദുബൈ കാപ്പിറ്റൽസ് അടിച്ചെടുത്തത് 222 റൺസാണ്. റൊവ്മാൻ പവലും (41 പന്തിൽ 97), ജോ റൂട്ട് (54 പന്തിൽ 82), റോബിൻ ഉത്തപ്പ (23 പന്തിൽ 26) എന്നിവരാണ് ദുബൈയെ കൂറ്റൻ സ്കോറിലെത്തിച്ചത്. ആദ്യ മത്സരത്തിൽ അലക്സ ഹെയ്ൽസിന് ഒരു റൺസ് അകലെ സെഞ്ച്വറി നഷ്ടമായപ്പോൾ രണ്ടാം മത്സരത്തിൽ റൊവ്മാൻ പവലിന് മൂന്ന് റൺസ് കൂടി നേടിയിരുന്നെങ്കിൽ മൂന്നക്കം കണ്ടെത്താൻ കഴിയുമായിരുന്നു. മത്സരത്തിൽ ദുബൈ കാപ്പിറ്റൽസ് ജയിച്ചു. ശനിയാഴ്ച നടന്ന രണ്ട് മത്സരങ്ങളിലും വമ്പൻ സ്കോർ കണ്ടെത്തിയ ടീമുകൾക്ക് മുട്ടുമടക്കേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത ദുബൈ കാപ്പിറ്റൽസ് 177 റൺസെടുത്തെങ്കിലും ഇത് മറികടക്കാൻ ഷാർജ വാരിയേഴ്സിനുവേണ്ടി വന്നത് കേവലം 14.4 ഓവർ മാത്രം. 47 പന്തിൽ 106 റൺസെടുത്ത് പുറത്താകാതെ നിന്ന ടോം കോഹ്ലറാണ് ദുബൈയെ തച്ചുടച്ചുകളഞ്ഞത്.
ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ അബൂദബി കാപിറ്റൽസ് അടിച്ചെടുത്ത 170 റൺസ് അവസാന പന്തിൽ എം.ഐ എമിറേറ്റ്സ് മറികടന്നു. വെള്ളിയാഴ്ച ഡെസർട്ട് വൈപ്പേഴ്സ് അടിച്ചുകൂട്ടിയത് 219 റൺസാണ്. നാല് മത്സരത്തിൽ ഒരു സെഞ്ച്വറിയും 99 റൺസും അടക്കം 356 റൺസെടുത്ത അലക്സ് ഹെയ്ൽസാണ് വമ്പൻ അടിക്കാരൻ. 17 സിക്സുമായി റൊവ്മാൻ പവൽ മുന്നിൽനിൽക്കുമ്പോൾ ഹെയ്ൽസിന് 15 സിക്സുണ്ട്. കാണികളുടെ പിന്തുണയാണ് ടൂർണമെന്റിനെ സജീവമാക്കുന്നത്. 10 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. അതിനാൽ പ്രവാസികൾ ഉൾപ്പെടെ നിരവധിപേർ ഗാലറിയിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.