ദുബൈ: ഗസ്സ യുദ്ധത്തിന് അടിയന്തര വെടിനിർത്തൽ വേണമെന്നും ഇസ്രായേൽ-ഫലസ്തീൻ ശത്രുത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. സൗദി തലസ്ഥാനമായ റിയാദിൽ വെള്ളിയാഴ്ച ആരംഭിച്ച ജി.സി.സി-ആസിയാൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ സംസാരിക്കവേയാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്. ഇന്ന് നാമിവിടെ ഒരുമിച്ചുകൂടുമ്പോൾ മേഖല വലിയ സംഘർഷത്തെ അഭിമുഖീകരിക്കുകയാണ്. ഓരോ ദിവസവും മരണസംഖ്യയും മാനുഷികമായ ദുരന്തവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഗസ്സയിൽ ജനങ്ങളെ സംരക്ഷിക്കുന്നതിനും മാനുഷിക സഹായം എത്തിക്കുന്നതിനുമാണ് മുൻഗണന നൽകേണ്ടത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് യോജിച്ച നീക്കം അനിവാര്യമാണ് -അദ്ദേഹം വ്യക്തമാക്കി.
രണ്ട് അന്താരാഷ്ട്ര കൂട്ടായ്മകളായ ജി.സി.സിയെയും ആസിയാനെയും ഒരുമിച്ചുകൊണ്ടുവന്നതിൽ സൗദി നേതൃത്വത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇരു മേഖലകളിലെയും രാജ്യങ്ങൾ തമ്മിൽ സഹകരണത്തിന്റെ പുതിയ അധ്യായം ആരംഭിക്കുന്നതാണ് ഉച്ചകോടിയെന്ന് അദ്ദേഹം പിന്നീട് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. വികസന സംബന്ധമായ മേഖലകളിൽ കൂടുതൽ സഹകരണം ശക്തിപ്പെടുത്തുകയും ഇരുകൂട്ടർക്കും താൽപര്യമുള്ള വിവിധ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുകയുമാണ് ഉച്ചകോടിയിലൂടെ ലക്ഷ്യംവെക്കുന്നത്. 2024-28 വർഷത്തേക്കുള്ള രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, നിക്ഷേപ മേഖലകളിലെ സംയുക്ത പ്രവർത്തന പദ്ധതി രൂപപ്പെടുത്തുകയാണ് ഉച്ചകോടിയുടെ പ്രധാന അജണ്ടകളിലൊന്ന്.
അടുത്ത മാസം യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി സംബന്ധിച്ചും ശൈഖ് മുഹമ്മദ് ബിൻ സായിദ് ഉച്ചകോടിയിൽ പ്രസ്താവിച്ചു. മാനവികതയുടെ നന്മക്കായി സംഘടിപ്പിക്കപ്പെടുന്ന പരിപാടിയിൽ ആസിയാൻ രാജ്യങ്ങളുടെ സജീവമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. റിയാദിലെത്തിയ ശൈഖ് മുഹമ്മദിനെ വിമാനത്താവളത്തിൽ നേരിട്ടെത്തി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിക്കുകയായിരുന്നു.യു.എ.ഇ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പ്രസിഡൻറിനെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.