ദുബൈ: എമിറേറ്റിൽ വ്യാപാര, വാണിജ്യങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ 80 ശതമാനവും കോടതിക്ക് പുറത്തു നടന്ന ഒത്തുതീർപ്പ് ചർച്ചകളിലൂടെ പരിഹരിച്ചു. ഒരു കേസ് പരിഹരിക്കാൻ വേണ്ടിവന്നത് ശരാശരി 13 ദിവസം മാത്രം. ദുബൈ കോടതിയാണ് ആറു മാസത്തിനിടെ ഒത്തുതീർപ്പിലൂടെ പരിഹരിച്ച കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ജനുവരി മുതൽ ജൂൺ വരെ 1,239 കേസുകളാണ് ദുബൈ കോടതിയുടെ അമിക്കബ്ൾ ഡിസ്പ്യൂട്ട് റസല്യൂഷൻ സെന്റർ പരിഹരിച്ചത്. ഇതു വഴി 2002 കോടി ദിർഹത്തിന്റെ സെറ്റിൽമെന്റുകളാണ് നടന്നത്. ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിൽ ലഭിച്ച അപേക്ഷകളിൽ രണ്ട് മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു.
വാണിജ്യ രംഗത്തെ തർക്കങ്ങൾ പരിഹരിക്കുന്നതിന് കാര്യക്ഷമമായ മാർഗമെന്ന നിലയിൽ ബദൽ വ്യവഹാര രീതികൾ അവലംബിച്ചതാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചതെന്ന് ദുബൈയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോർട്ടുകളുടെ തലവൻ ജഡ്ജ് ഖാലിദ് അൽ ഹൊസാനി പറഞ്ഞു.
വാണിജ്യ മേഖലയിലെ തർക്ക പരിഹാരത്തിലെ വിജയം ആകർഷകവും മത്സരാധിഷ്ഠിതവുമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പിന്തുണ നൽകുകയും ബിസിനസ് സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന നിലവാരത്തിലുള്ള നിയമ സേവനങ്ങൾ നൽകാനുള്ള ദുബൈയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.