അനുഭവങ്ങളുടെ അക്ഷയഖനിയാണ് പ്രവാസം, ആരുമറിയാതെ മനസ്സുകളിൽ തന്നെ കുഴിച്ചുമൂടപ്പെട്ട സ്വപ്നങ്ങളുടെ ചൂര് കൂടി ഒപ്പം ചേരുമ്പോൾ പ്രവാസമെന്ന അക്ഷയഖനിക്ക് ആഴം കൂടും. പ്രവാസം തീർക്കുന്ന പൊറുതിമുട്ടുകളുടെ ആഴങ്ങളിലും അതിരുകളില്ലാത്ത നന്മയും സ്നേഹവുമായി ചിലരെ കണ്ടുമുട്ടിയേക്കാം. അഞ്ചു കാലഘട്ടങ്ങളിലായി, പ്രവാസലോകത്തെ അഞ്ചു ജീവിതങ്ങളിലൂടെ അങ്ങനെയാരാളെ കണ്ടുമുട്ടിയ കാലത്തെയും അയാളുടെ ജീവിതത്തെയും വായിച്ചെടുക്കാനുള്ള അഞ്ചു പ്രവാസികളുടെ ശ്രമങ്ങളാണ് ദുബൈ പശ്ചാത്തലമായി പിറവിയെടുത്ത 'ദേര ഡയറീസ്' എന്ന പുതിയ മലയാള ചലചിത്രം.
നാലുപതിറ്റാണ്ടുകാലമായി പ്രവാസം തുടരുന്ന യൂസഫ് എന്നൊരാളാണ് അതീവ സന്തോഷത്തോടെ, അതിലേറെ നൊമ്പരത്തോടെ, അത്യന്തം വേദനയോടെ പലപല ഓർമകളിലൂടെ സിനിമയിൽ തെളിഞ്ഞുവരുന്നത്. എന്നാൽ യൂസഫിെൻറ ജീവിതം സിനിമയിൽ ഒരിടത്തും പറയുന്നില്ല. എങ്കിലും ആരാണ് യൂസഫ് എന്നു പറയാതെ പറഞ്ഞുവെക്കുന്നതാണ് തലശ്ശേരി സ്വദേശിയ മുഷ്താഖ് റഹ്മാൻ കരിയാടൻ രചനയും തിരക്കഥയും സംഭാഷണവും സംവിധാനവുമൊരുക്കിയ 'ദേര ഡയറീസ്' എന്ന മുഴുനീള പ്രവാസിചിത്രം.
നിരവധി ടെലിഫിലിമുകൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ മുഷ്താഖിെൻറ ആദ്യ മുഴുനീള സിനിമാദൗത്യം കൂടിയാണിത്. മാർച്ച് 19ന് നിസ്ട്രീമിലൂടെ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ദേര ഡയറീസ് പ്രേക്ഷകരിലേക്കെത്തും. കേട്ടുമറന്നതും കണ്ടുമടുത്തതുമായ സിനിമയിലെ പ്രവാസി ജീവിതങ്ങളെ പാടെ മായ്ച്ചുകളഞ്ഞാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നതെന്ന് അണിയറക്കാർ പറയുന്നു.
ഒരാൾ ആരായിരുന്നുവെന്ന് നാം ഉള്ളുലഞ്ഞ് അറിയുന്നതിന് അയാളുടെ സാന്നിധ്യമില്ലാതാകണമെന്ന വർത്തമാനകാല സത്യത്തെ, ദേരയുടെയും നായിഫിെൻറയും ഖിസൈസിെൻറയുമെല്ലാം പശ്ചാത്തലത്തിൽ യൂസഫ് എന്ന നന്മയുടെയും മനുഷ്യത്വത്തിെൻറയും പ്രതീകത്തിലൂടെ പുനരാവിഷ്കരിക്കുകയാണിതിൽ. യൂസഫ് ഒരു പ്രതീകമാണ്, ഒരുപാട് യൂസഫുമാരാണ് നാം പ്രവാസികളെ ഇവിടെ താങ്ങിനിർത്തിയിരുന്നത്. ഇപ്പോഴും നിരവധി പേർ താങ്ങും തണലുമായി നമുക്കിടയിലുണ്ട്. നാളെകളിൽ വരാനിരിക്കുന്നുണ്ട് ഇനിയൊരുപാട് -സിനിമ മുന്നോട്ടുവെക്കുന്ന ആശ്ചര്യം അവശേഷിപ്പിച്ച് സംവിധായകൻ മുഷ്താഖ് കരിയാടൻ പറഞ്ഞു.
രണ്ടു നടന്മാർ ഒഴികെ, സിനിമയുമായി സഹകരിച്ച അഭിനേതാക്കളും സാങ്കേതികപ്രവർത്തകരുമെല്ലാം യു.എ.ഇയിലെ പ്രവാസികളാണ്. അതുകൊണ്ടു പൂർണമായും 'മൈഡ് ഇൻ ദുബൈ' സിനിമയെന്ന് തന്നെ ദേര ഡയറീസിനെ വിശേഷിപ്പിക്കാം. ജീവിതം തീർത്ത പലപല സാഹചര്യങ്ങളാൽ പ്രവാസിലോകത്ത് എത്തിയവരാണെങ്കിലും പ്രതിഭാശാലികളാൽ സമ്പന്നമാണ് മലയാളി പ്രവാസിലോകമെന്ന് കൂടി അടയാളപ്പെടുത്തുകയാണ് ഇൗ സിനിമ.
അഭ്രപാളിയിലേക്ക് നീങ്ങിയ അഭിനയക്കളരി
മുനിഞ്ഞുകത്തുന്ന ഉച്ചവെയിൽ താണ്ടി, ഷാർജ-ഫുജൈറ റോഡിലൂടെ ബാഗും തൂക്കി നടന്നുവരുന്നൊരാൾ. പ്രവാസലോകത്ത് എത്തിയ നാളുകളിൽ തന്നെ പലരും പലതും എന്ന പേരിൽ മുസ്താഖ് കോറിയിട്ട കഥാതന്തുക്കളിലൊന്ന് ഇങ്ങനെയായിരുന്നു. പ്രവാസത്തിെൻറ എല്ലാ വിഹ്വലതകളും കോറിയിട്ട അത്തരം വൺലൈൻ സ്റ്റോറികളായിരുന്നു മുഷ്താഖിെൻറ പ്രവാസലോകത്തെ സമ്പാദ്യം. യു.എ.ഇയിലെ സിനിമ പഠന കാമ്പുകളിൽ സജീവമായിരുന്ന മുസ്താഖ് ഇതിനിടെയാണ് മധു കറുവത്ത് ദുബൈയിൽ നടത്തിയ അഭിനയക്കളരി സന്ദർശിക്കുന്നത്.
പ്രതീക്ഷിച്ചതിലും അധികം പങ്കാളിത്തത്തോടെ കാമ്പ് സമാപിച്ചതോടെയാണ് അഭിനയപ്രേമികൾക്കായൊരു സിനിമയെന്ന ചർച്ച തുടങ്ങിയത്. കയ്യിൽ മികച്ച കഥയുണ്ടോ എന്ന മധു കറുവത്തിെൻറ ചോദ്യത്തിനുള്ള ഉത്തരമായാണ് അങ്ങനെ 'പലരും പലതും' ഇന്നത്തെ 'ദേര ഡയറീസ്' ആയി മാറിയതെന്ന് സംവിധായകൻ. എംജെഎസ് മീഡിയയുടെ ബാനറിൽ ഫോർ അവർ ഫ്രണ്ട്സിനു വേണ്ടി മധു കറുവത്ത് തന്നെ നിർമാണം ഏറ്റെടുത്തു.
തമിഴ് സൂപ്പർ താരം വിജയ് സേതുപതി നിർമ്മിച്ച " മേർക്കു തൊടർച്ചി മലൈ " എന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അബു വളയംകുളമാണ് നായകവേഷമായ യൂസഫിനെ അവതരിപ്പിക്കുന്നത്. ഈട, അഞ്ചാം പാതിര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ടങ്കിലും അബു നായകനാകുന്ന ആദ്യചിത്രം കൂടിയാണിത്.
ഷാലു റഹീം, അർഫാസ് ഇക്ബാൽ, മധു കറുവത്ത്, ഷമീർഷാ, രൂപേഷ് തലശ്ശേരി, പ്രശാന്ത് കൃഷ്ണൻ, ജയരാജ്, അഷ്റഫ് കളപ്പറമ്പിൽ, രാകേഷ് കുങ്കുമത്ത്, ബെൻ സെബാസ്‌റ്റ്യൻ, ഫൈസൽ, അബ്രഹാം ജോർജ് , സഞ്ജു ഫിലിപ്സ്, അജേഷ് രവീന്ദ്രൻ, വിനയൻ, നവീൻ ഇല്ലത്ത്, റോണി അബ്രഹാം, കണ്ണൻചന്ദ്ര, കിരൺ പ്രഭാകർ , സാൽമൺ, സുനിൽ ലക്ഷ്മീകാന്ത്, സംഗീത, സന്തോഷ് തൃശൂർ, അഷ്റഫ് കിരാലൂർ, കൃഷ്ണപ്രിയ , ലതാദാസ്, സാറ സിറിയക്, അനുശ്രീ, ബിന്ദു സഞ്ജീവ്, രമ്യ, രേഷ്മരാജ്, സിൻജൽ സാജൻ, ബേബി ആഗ്നലെ എന്നിവർക്കൊപ്പം യു.എ.ഇയിലെ മറ്റു കലാകാരന്മാരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നു.
ആഴ്ചകളിൽ തെളിയുന്ന ആർക്ക് ലൈറ്റുകൾ
ചർച്ചകൾക്കൊടുവിൽ സിനിമ തുടങ്ങാമെന്നായെങ്കിലും അഭിനേതാക്കളെല്ലാം ഇവിടെ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ എല്ലാവരെയും ഉൾപെടുത്തി ഒന്നോ രണ്ടോ ഷെഡ്യൂളിൽ സിനിമ തീർക്കാനാവില്ലെന്ന് മനസ്സിലായി. ഇതോടെ വാരാന്ത്യങ്ങളിൽ മാത്രമായി സിനിമ ഷൂട്ടിംഗ്. വെള്ളി, ശനി ദിവസങ്ങളിൽ മുഴുനീള ചിത്രീകരണമായി പിന്നെ. അങ്ങനെ എട്ട് ആഴ്ചകളുടെ ദൈർഘ്യത്തിൽ 20 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
പ്രവാസിലോകത്തെ അഭിനേതാക്കളിൽ സാങ്കേതിക ജ്ഞാനം കൂടുതലാണ്. കാമറ ആംഗിളുകളെ കുറിച്ച് കൃത്യമായ ധാരണയുള്ളതിനാൽ തന്നെ എല്ലാവരും സ്വാഭാവികമായ അഭിനയത്തികവ് പുലർത്തിയതായും സംവിധായകൻ. ദീൻ കമറാണ് ചിത്രത്തിെൻറ സിനിമാറ്റോഗ്രാഫി ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് നവീൻ പി. വിജയനും സംഗീതം സിബു സുകുമാരനുമാണ് നിർവഹിച്ചിരിക്കുന്നത്. ജോപോളിെൻറ വരികൾക്ക് സിബു സുകുമാരനാണ് സംഗീതം. വിജയ് യേശുദാസ്, നജീം അർഷാദ്, കെ എസ് ഹരിശങ്കർ, ആവണി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.