ദുബൈ: യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലും സൈബർ തട്ടിപ്പു നടത്തുന്നതായി അധികൃതർ. എസ്.എം.എസും ഫോൺ വഴിയും ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പു സംഘം പ്രവർത്തിക്കുന്നത്.
ഇത്തരം ആവശ്യങ്ങളോട് പ്രതികരിക്കരുതെന്നും സംശയകരമായ കാളുകൾ അറ്റൻഡ് ചെയ്യരുതെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഫോൺ വഴിയും ഡിജിറ്റൽ സംവിധാനങ്ങൾ വഴിയും നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണം. മന്ത്രാലയത്തിൽ നിന്നാണെന്ന് അവകാശപ്പെടുന്ന അജ്ഞാത വ്യക്തികളിൽ നിന്നുള്ള ഫോൺവിളികളോ സംശയാസ്പദമായ സന്ദേശങ്ങളോ വരുമ്പോൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം -പ്രസ്താവന ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ ഒരാളോടും വെബ്സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടാറില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വാട്സ്ആപ് ഹാക്ക് ചെയ്ത് തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മലയാളികളുടേതടക്കം വാട്സ്ആപ് ഹാക്ക് ചെയ്ത് പണം തട്ടിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എമിഗ്രേഷനില്‍ നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തി അജ്മാനിലെ അധ്യാപികയുടെ ഫോണിലേക്ക് വിളിച്ച് ഫോണിലേക്കയച്ച മെസേജിലെ നമ്പര്‍ പറഞ്ഞുതരാൻ ആവശ്യപ്പെട്ട് പണം തട്ടിയിരുന്നു. സെന്‍ട്രല്‍ ബാങ്ക് ഓഫ് യു.എ.ഇ എന്ന പ്രൊഫൈല്‍ ചിത്രം വെച്ചായിരുന്നു ഹാക്ക് ചെയ്യപ്പെട്ട വാട്സ്ആപ് തട്ടിപ്പിന് ഉപയോഗിച്ചത്. ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തുക്കള്‍ക്ക് മെസേജയച്ച് പണം തട്ടുന്ന രീതിയുമുണ്ട്.
നേരത്തെ പല ഔദ്യോഗിക സംവിധാനങ്ങളുടെ പേരിലും തട്ടിപ്പ് നടന്നതിനെ തുടർന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളും പേജുകളും തുടങ്ങിയാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്.
യു.എ.ഇയിലെ ഇന്ത്യൻ എംബസിയുടെ പേരിൽ ഇത്തരത്തിൽ തട്ടിപ്പ് നടന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് അധികൃർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.