ദുബൈ: കഴിഞ്ഞ 15വർഷം റോഡ്-ഗതാഗത മേഖലയിൽ ദുബൈ ചെലവഴിച്ചത് 145 കോടി ദിർഹം. റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ചെയർമാനും ഡയറക്ടർ ജനറലുമായ മത്വാർ മുഹമ്മദ് അൽ തായർ മോസ്കോ അർബൻ ഫോറത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ കീഴിൽ നഗരത്തിെൻറ സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് ബൃഹത്തായ പദ്ധതികൾ നടപ്പാക്കിയത്. ദുബൈ മെട്രോ, ട്രാം പദ്ധതികൾ, 1200 പുതിയ ബസുകൾ, 463 കിലോമീറ്റർ സൈക്ക്ൾ ട്രാക്ക് എന്നിവയാണ് നടപ്പാക്കിയ സുപ്രധാന പദ്ധതികൾ.
അടുത്ത അഞ്ചുവർഷത്തിൽ വലിയ വികസന പദ്ധതികൾ അജണ്ടയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈക്ക്ൾ ട്രാക്കുകളുടെ നിർമാണം 750കിലോ മീറ്ററായി വർധിപ്പിക്കൽ ഇതിെൻറ ഭാഗമാണ്.
തുടർച്ചയായി അഞ്ചു വർഷം റോഡുകളുടെ ഗുണനിലവാരത്തിൽ ആഗോളതലത്തിൽ ആദ്യ സ്ഥാനം നേടാനും യു.എ.ഇക്ക് സാധിച്ചു. ദുബൈ അർബൻ പ്ലാൻ 2040പ്രകാരം സുസ്ഥിര സഞ്ചാര സൗകര്യങ്ങൾ രൂപപ്പെടുത്താൻ '20 മിനുറ്റ് നഗരം'എന്ന കാഴ്ചപ്പാടിലാണ് വികസന പ്രവർത്തനം പുരോഗമിക്കുന്നത്. നഗരത്തിലെ 80 ശതമാനം ജനങ്ങൾക്കും 20 മിനിറ്റിനുള്ളിൽ നടന്നും സൈക്കിളിലും എല്ലാ സേവനങ്ങളും ലഭ്യമാകുന്ന രീതിയിൽ സുഖകരമായ ഗതാഗത സൗകര്യം ഇതിലൂടെ രൂപപ്പെടും.
ദുബൈ വാട്ടർ കനാൽ പദ്ധതി ശ്രമകരമായിരുന്നെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചതായും ചെയർമാൻ അറിയിച്ചു. ദുബൈയിലെ ഏറ്റവും പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡും തിരക്കേറിയ മെട്രോ റെഡ് ലൈനും മുറിച്ചുകടന്ന് പോകുന്ന വാട്ടർ കനാൽ പദ്ധതി കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ദുബൈ ആതിഥ്യമരുളുന്ന എക്സ്പോ ട്വൻറി20യുടെ ഒരുക്കങ്ങൾ പൂർത്തിയായതായും അദ്ദേഹം പരിപാടിയിൽ അറിയിച്ചു. ലോക നഗരങ്ങളിലെ ഗവർണർമാരും നഗരാസൂത്രണ തലവന്മാരും അനുഭവങ്ങൾ പങ്കുവെക്കുന്ന ആഗോള സംഗമമാണ് മോസ്കോ അർബൻ ഫോറം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.