കൽബ: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കൽബയിലെ പ്രവാസി സമൂഹത്തിന് സഹായ ഹസ്തവുമായി ഇൻകാസ് ഫുജൈറ. ഭക്ഷണ വിതരണം, താൽക്കാലിക താമസ സൗകര്യമൊരുക്കൽ, അവശ്യ സാധനങ്ങളുടെ വിതരണം എന്നീ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ഉച്ചക്കും രാത്രിയിലുമായാണ് ഭക്ഷണ വിതരണം നടന്നുവരുന്നത്. പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് അത് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സുഹൃത്തുക്കളുടെ വീട്ടിലും താൽക്കാലിക ഷെൽട്ടറുകളിലും കുടുംബങ്ങളും കുട്ടികളുമായി കഴിയുന്നവർ ധാരാളമുണ്ടെന്നും വസ്ത്രങ്ങളും കിടക്ക, വിരിപ്പ് തുടങ്ങിയവക്കും ധാരാളം ആവശ്യക്കാരുണ്ടെന്നും ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
പാസ്പോർട്ട് അടക്കം രേഖകൾ കേടായിപ്പോയവരും നഷ്ടപ്പെട്ടവരും അത് ശരിയാക്കാനുള്ള ശ്രമത്തിലാണ്. ഇക്കാര്യങ്ങൾ നയതന്ത്ര കാര്യാലയങ്ങളിൽ ധരിപ്പിച്ചിട്ടുണ്ടെന്നും തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് പലരുമെന്നും ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റും കൽബ ഐ.സി.എസ് പ്രസിഡന്റുമായ കെ.സി. അബൂബക്കർ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കെ.സി. അബൂബക്കർ, ജനറൽ സെക്രട്ടറി ജോജു മാത്യു, ട്രഷറർ നാസർ പാണ്ടിക്കാട്, ഗ്ലോബൽ മെംബർ പി.സി. ഹംസ, സഫാദ് കോഴിക്കോട്, ബിജോയ്, അനീഷ്, മോനി ചാക്കോ, അയ്യൂബ്, അനന്തൻ പിള്ള, സന്തോഷ് കെ. മത്തായി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.